ADVERTISEMENT

തിരുവനന്തപുരം∙ നോർക്ക യുകെയിലേക്ക് നടത്തുന്ന സീനിയർ കെയർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് താളം തെറ്റിയെന്ന ആക്ഷേപവുമായി ഉദ്യോഗാർഥികൾ. നവംബറിൽ അഭിമുഖം നടത്തിയെങ്കിലും സീനിയർ കെയർ തസ്തികയിലേക്കുള്ള നിയമനം എങ്ങുമെത്തിയില്ല. റാങ്ക് പട്ടിക ജനുവരിയിൽ പ്രസിദ്ധീകരിച്ചെങ്കിലും പിഴവുകളെ തുടർന്ന് പിന്നീട് പിൻവലിച്ചു. നോർക്കയിൽ ബന്ധപ്പെടുമ്പോൾ ഈ ജോലിക്കായി കാത്തിരിക്കാതെ മറ്റു ജോലിക്കായി ശ്രമിക്കാനാണ് പറയുന്നതെന്നും ലിസ്റ്റ് എന്ന് പ്രസിദ്ധീകരിക്കുമെന്ന് പറയുന്നില്ലെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

യുകെയിലേക്കുള്ള വിവിധ മെഡിക്കൽ തസ്തികകളിൽ 2022 നവംബർ 21 മുതൽ 25വരെയാണ് റിക്രൂട്ട്മെന്റ് നടന്നത്. ഡോക്ടർ, നഴ്സ്, സീനിയർ കെയർ, ഡയറ്റീഷ്യൻ തുടങ്ങിയ വിവിധ തസ്തികകളിലേക്കായിരുന്നു അഭിമുഖം. യുകെയിലെ വിവിധ സ്ഥാപനങ്ങളിലെ അധികൃതരാണ് ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തിയത്. അഭിമുഖ പരീക്ഷ പാസായതായി ഉദ്യോഗാർഥികൾക്ക് സ്ഥാപനങ്ങൾ അന്നേ ദിവസം തന്നെ കത്തു നൽകി. ചിലർക്ക് ഭാഷ മെച്ചപ്പെടുത്തണമെന്നും തുടർനടപടികൾ അറിയിക്കാമെന്നുമാണ് കത്തു നൽകിയത്. ജനുവരി 16ന് നോർക്ക സീനിയർ കെയർ തസ്തികയിലേക്കു തിരഞ്ഞെടുക്കപ്പെട്ട 198പേരുടെ പട്ടിക വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. പിഴവുകളുണ്ടെന്ന പേരിൽ ഈ പട്ടിക പിന്നീട് പിൻവലിച്ചു. അതിനുശേഷം പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുന്നതിനായി ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യാൻ ഉദ്യോഗാർഥികൾക്ക് നിർദേശം നൽകി. എന്നാൽ, പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ പുരോഗതിയില്ല.

നോർക്കയുടെ വിശദീകരണം ഇങ്ങനെ: ആദ്യപട്ടികയിൽ പിഴവുകൾ ഉണ്ടായതിനെ തുടർന്നാണ് പിൻവലിച്ചത്. ചില കമ്പനികൾ ഉദ്യോഗാർഥികൾക്ക് നൽകിയ കത്തിൽ തിരഞ്ഞെടുക്കപ്പെട്ടോ ഇല്ലയോ എന്ന് വ്യക്തമായിരുന്നില്ല. അനർഹരായ ചിലർ പട്ടികയിൽ ഉൾപ്പെട്ടതായി സംശയം തോന്നിയതിനെ തുടർന്നാണ് വീണ്ടും പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. ഇതിനായി ഉദ്യോഗാർഥികളോട് രേഖകൾ വീണ്ടും അപ്‌ലോഡ് ചെയ്യാൻ‌ അറിയിച്ചു. രേഖകൾ നൽകുന്നതിൽ പലരും അലംഭാവം കാട്ടി. എത്രയും വേഗം പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മറ്റു തസ്തികകളിലെ നടപടികൾ തടസ്സമില്ലാതെ നടക്കുന്നു.

English Summary: Complaint against Norka UK Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com