ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിലെ നികുതി വർധനയ്ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധം ബിജെപിക്ക് സഹായകരമായെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേന്ദ്ര ബജറ്റിനേക്കാൾ തെറ്റായ കാര്യങ്ങൾ സംസ്ഥാന ബജറ്റിൽ നടന്നു എന്ന ധാരണ പ്രതിഷേധത്തിലൂടെ ഉണ്ടായി. കേന്ദ്രം പിരിക്കുന്ന ഇന്ധന സെസിനെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. കേരളത്തോട് താൽപര്യമുണ്ടെങ്കിൽ ബിജെപിയും പ്രതിഷേധത്തിൽനിന്ന് മാറി നിൽക്കണമെന്നു ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘‘ബജറ്റിൽ മുൻപും നികുതി നിർദേശം വന്നിട്ടുണ്ടെങ്കിലും അന്നൊന്നും ഇത്തരം പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടില്ല. കോവിഡ് കാരണം 2021ൽ നികുതി ഏർപ്പെടുത്തിയില്ല. അന്ന് 20,000 കോടിയുടെ പാക്കേജും പിന്നീട് 5,000 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ബജറ്റിലും വലിയ നികുതി വർധനയുണ്ടായില്ല. ജിഎസ്ടി വന്നതോടെ കുറച്ചു കാര്യങ്ങളിലാണ് സംസ്ഥാനത്തിനു നികുതി ഏർപ്പെടുത്താന്‍ കഴിയുന്നത്. നികുതി ഏർപ്പെടുത്തുന്നത് പുതിയ കാര്യമല്ല. 2015–16ൽ യുഡിഎഫ് സർക്കാർ ഇന്ധനത്തിന് ഒരു രൂപ സെസ് ഈടാക്കി. 56 രൂപയായിരുന്നു അന്ന് ഇന്ധനവില. ബ്രാൻഡ് പെട്രോളിന് 21.10 രൂപയാണ് കേന്ദ്രം നികുതിയായി ഈടാക്കുന്നത്. ഡീസലിന് 14 രൂപയാണ് നികുതി. സംസ്ഥാന ബജറ്റിനെതിരെ സമരം ചെയ്യുന്നവർ ഇതെല്ലാം ജനങ്ങളോട് പറയണം.

Read Also: ‘കൊച്ച് കൂടെ ഇല്ലായിരുന്നെങ്കിൽ നിന്നെയൊക്കെ തൂക്കി അകത്തിട്ടേനെ’: ശരത്തിനോട് അലറി എസ്‌ഐ

സംസ്ഥാനങ്ങൾക്കു വീതിച്ചു കൊടുക്കേണ്ട കേന്ദ്ര നികുതി വിഹിതത്തിൽ കുറവുണ്ടായി. ഈ വർഷത്തെ കണക്ക് അനുസരിച്ച് 18,000 കോടി കുറവു വരും. ജിഎസ്ടി നഷ്ടപരിഹാരം കിട്ടിയില്ലെന്നല്ല സംസ്ഥാനത്തിന്റെ പരാതി. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാലാവധി 5 വർഷം നീട്ടണമെന്നാണു പ്രധാന ആവശ്യം. നികുതി പിരിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറച്ച് ധനസഹായം ഇല്ലാതാക്കുകയാണ് കേന്ദ്രം. അങ്ങേയറ്റം ജനവിരുദ്ധ ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചെങ്കിലും അതൊന്നും കേരളത്തിൽ ചർച്ചയായില്ല. ബിജെപിയുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സംസ്ഥാന ബജറ്റ് നിർദേശങ്ങളിൽ ബിജെപിയുമായി ചേർന്ന് കലാപ അന്തരീക്ഷമുണ്ടാക്കാനാണു നീക്കം.

Read Also: ‘എന്റെ പരാതിയിൽ നഗ്നദൃശ്യ പ്രശ്നം എഴുതിച്ചേര്‍ത്തത്’; സിപിഎം നേതാക്കള്‍ക്കെതിരെ പരാതിക്കാരി

കേന്ദ്രം നല്‍കേണ്ട വിഹിതം നൽകാത്തതിനെക്കുറിച്ച് യുഡിഎഫ് പറയുന്നില്ല. എംപിമാർ കേരളത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി കാര്യങ്ങള്‍ അവതരിപ്പിക്കണം. ഉന്നയിക്കേണ്ട കണക്കുകൾ എംപിമാർക്കു വീണ്ടും നൽകാൻ തയാറാണ്. കേരളത്തിന്റെ കാര്യം പാർലമെന്റിൽ പറയുമ്പോൾ കേരളത്തിന്റെ താൽപര്യം സംരക്ഷിക്കണം, മുന്നണി താൽപര്യമല്ല കാണിക്കേണ്ടത്. ബിജെപി നേതാക്കളെപോലെ യുഡിഎഫ് എംപിമാർ കാര്യങ്ങളെ കാണരുത്. സ്വർണത്തിൽ ഇനിയും നികുതി കിട്ടാനുണ്ട്. സ്വർണത്തിന് ഇ–വേ ബിൽ സംസ്ഥാനത്തിനകത്ത് നടപ്പിലാക്കാൻ നിയമം കൊണ്ടുവരും’’– മന്ത്രി പറഞ്ഞു. എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് കിട്ടിയില്ലെന്നും ചോദ്യത്തിനു മറുപടിയായി ബാലഗോപാൽ വ്യക്തമാക്കി.

English Summary: Kerala Finance Minister KN Balagopal slams Opposition protest against Kerala Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com