ADVERTISEMENT

ടുറ (മേഘാലയ)∙ സംസ്ഥാന തിരഞ്ഞെടുപ്പ് 27ന് നടക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് സ്റ്റേഡിയം അനുവദിക്കാതെ മേഘാലയ സർക്കാർ. പി.എ. സാങ്മ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായി സംസ്ഥാന ബിജെപി നേതൃത്വമാണ് അനുമതി തേടിയത്. മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ സ്വന്തം മണ്ഡലമായ സൗത്ത് ടുറയിലാണ് സ്റ്റേഡിയം. എന്നാൽ സ്റ്റേഡിയത്തിൽ പണി നടക്കുന്നതു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കായിക വകുപ്പ് അനുമതി നിഷേധിച്ചത്.

ഇതിനോടു രോഷത്തോടെയാണു ബിജെപി പ്രതികരിച്ചത്. ഭരണകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) തൃണമൂൽ കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കുമൊപ്പം സംസ്ഥാനത്ത് ബിജെപിയുടെ തരംഗം ഇല്ലാതാക്കാനാണു ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഫെബ്രുവരി 24ന് ഷില്ലോങ്ങിലും ടുറയിലും പ്രചാരണം നടത്താനായിരുന്നു പ്രധാനമന്ത്രിയുടെ നീക്കം.

സ്റ്റേഡിയത്തിൽ ചില പണികൾ നടക്കുന്നുണ്ടെന്നും അതിന്റെ സാമഗ്രികൾ ഉൾപ്പെടെയുള്ളവ സ്ഥലത്തുണ്ടെന്നും ഇതു സുരക്ഷാപ്രശ്നം സൃഷ്ടിക്കുമെന്നുമാണ് കായിക വകുപ്പിന്റെ നിലപാട്. അലോട്ഗ്രെ ക്രിക്കറ്റ് സ്റ്റേഡിയം പരിഗണിക്കൂയെന്നും അറിയിച്ചതായി ജില്ലാ ഇലക്ടറൽ ഓഫിസർ സ്വപ്നിൽ ടെംബെ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

127 കോടി രൂപയ്ക്കു നിർമിച്ച സ്റ്റേഡിയമാണിത്. ഇതിന്റെ ചെലവിൽ 90 ശതമാനവും കേന്ദ്രത്തിന്റേതായിരുന്നെങ്കിലും ഇക്കഴിഞ്ഞ ഡിസംബർ 16ന് മുഖ്യമന്ത്രി തന്നെ അത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഉദ്ഘാടനം ചെയ്ത് വെറും രണ്ടുമാസത്തിനുള്ളിൽ വീണ്ടും പണി നടക്കുകയാണെന്നും പ്രധാനമന്ത്രിക്കായി നൽകാനാകില്ലെന്നും പറയുന്നതിൽ അദ്ഭുതമുണ്ടെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി റിതുരാജ് സിൻഹ പറഞ്ഞു.

‘‘കോൺറാഡ് സാങ്മയ്ക്കും മുകുൾ സാങ്മയ്ക്കും ഞങ്ങളെ പേടിയാണോ. മേഘാലയയിലെ ബിജെപിയുടെ തരംഗം ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. പ്രധാനമന്ത്രിയുടെ റാലി ഇല്ലാതാക്കാൻ നിങ്ങൾക്കു കഴിയും എന്നാൽ ബിജെപിയെ പിന്തുണയ്ക്കാൻ ഇത്തവണ സംസ്ഥാനത്തെ ജനം തീരുമാനിച്ചു കഴിഞ്ഞു’’ – റിതുരാജ് സിൻഹ കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റു താരപ്രചാരകർ എന്നിവരുടെ റാലികളിൽ വന്ന ജനപങ്കാളിത്തം മറ്റും പാർട്ടികളെ ഭയപ്പെടുത്തിയെന്നും സിൻഹ പറയുന്നു. ഷില്ലോങ്ങിലെ പിന്തോറുംഖ്ര മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 24ന് റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് എ.എൽ. ഹെക്ക് പറഞ്ഞു.

English Summary: Meghalaya denies permission for PM rally at the stadium, BJP fumes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com