ADVERTISEMENT

തിരുവനന്തപുരം ∙ അതിഥികളായി വന്ന ഭാഷകളേക്കാൾ പ്രാധാന്യം നൽകേണ്ടതു സ്വന്തം മാതൃഭാഷയ്ക്കു തന്നെയെന്നു കവി പ്രഫ.വി. മധുസൂദനൻ നായർ. അതിഥികളായി ലോകം മുഴുവനുമുള്ള രാജ്യങ്ങളിലേക്കു ചേക്കേറിയാലും മാതൃഭാഷയെന്ന വാൽസല്യത്തിന്റെ മടിത്തട്ടിലേക്ക് എല്ലാവരും മടങ്ങണമെന്നും അമ്മയുടെ സ്നേഹം നിറയുന്ന മാതൃഭാഷയെ ഒരിക്കലും മറക്കരുതെന്നും കവി പറഞ്ഞു. ഫെബ്രുവരി 21 ന് ആചരിക്കുന്ന ലോക മാതൃഭാഷാ ദിനത്തിനു മുന്നോടിയായി തിരുവനന്തപുരത്തെ ‘മലയാളം പളളിക്കൂട’ത്തിൽ ചേർന്ന മാതൃഭാഷാസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളം പളളിക്കൂടത്തിൽ ചേർന്ന മാതൃഭാഷാസദസ്സിൽ കവി പ്രഫ.വി. മധുസൂദനൻ നായർ കവിത ആലപിക്കുന്നു.

‘മാതൃദേവോ ഭവ, പിതൃദേവോ ഭവ, ആചാര്യദേവോ ഭവ, അതിഥി ദേവോ ഭവ’ എന്നു പറയുന്നതിൽ നിന്ന് മാതാപിതാക്കളെയും ഗുരുക്കന്മാരെയും പ്രത്യക്ഷദൈവങ്ങളേപ്പോലെ ആദരിക്കുമ്പോഴും അതിഥിയെ ദൈവത്തെപ്പോലെ കാണുമ്പോഴും അതിഥിയായെത്തിയ മറ്റു ഭാഷകൾക്കുപരി ആദ്യം കേട്ടറിഞ്ഞ മാതൃഭാഷയ്ക്കാണു കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നു കവി ഓർമിപ്പിച്ചു. മനുഷ്യൻ നന്നാകുന്നതു ഭാഷയിലൂടെയാണ്. ലോകം മുഴുവൻ അവരരവരുടെ മാതൃഭാഷയിലേക്കു തിരിയുന്ന കാലമാണിത്. ലോകത്ത് ഏറ്റവും കൂടുതൽ പേർ ഇന്നു പഠിക്കാൻ ശ്രമിക്കുന്നതും പ്രാവീണ്യം നേടുന്നതും ഇംഗ്ലിഷിലല്ല, അവരവരുടെ മാതൃഭാഷകളിലാണ്. സ്പാനിഷും മാൻഡാരിൻ ചൈനീസും മറ്റുമാണ് ഇന്ന് ഏറെ പേർ പിന്തുടരുന്നത്. ജപ്പാനിലുളളവർ ജാപ്പനീസ് ഭാഷയിൽ തന്നെയാണു ശാസ്ത്രവിഷയങ്ങൾ പോലും പഠിച്ചുറപ്പിക്കുന്നത്. ലോകം മുഴുവൻ മാതൃഭാഷയിലേക്കു മടങ്ങുമ്പോഴും മാതൃഭാഷയ്ക്കു മലയാളി വേണ്ട പ്രാധാന്യം നൽകുന്നില്ല. ലോകത്ത് ഏറ്റവും പഴയ ഗണിത പുസ്തകവും ജ്യോതിശാസ്ത്ര പുസ്തകവും മറ്റും ഉണ്ടായതു നമ്മുടെ നാട്ടിലാണ്. പ്രാചീന ശാസ്ത്ര ഗ്രന്ഥങ്ങളിൽ പലതും ആദ്യമായി എത്തിയ ഭാഷകളിൽ ഒന്നായിട്ടും നമ്മുടെ ഭാഷ മോശമാണെന്ന അപകർഷതാബോധമാണ് പലർക്കും ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

prof-v-madhusoodanan-nair-malayalam-pallikoodam
മലയാളം പളളിക്കൂടത്തിൽ ചേർന്ന മാതൃഭാഷാസദസ്സിൽ കവി പ്രഫ.വി. മധുസൂദനൻ നായർ സംസാരിക്കുന്നു.

മാതൃഭാഷയെന്ന അമ്മമൊഴിയിലൂടെ അമ്മയുടെ സ്നേഹം തന്നെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. മാതൃഭാഷയിൽ പ്രാവീണ്യമുണ്ടെങ്കിൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ടതായി വരില്ല. സ്വന്തം ഭാഷയോടു സ്വന്തം അമ്മയോടു തന്നെയുള്ള ആദരവു പുലർത്തണം. ആത്മവിശ്വാസം പകരുന്ന മാതൃഭാഷ അഭിമാനബോധവും വളർത്തും. ഭാഷ ഉറപ്പിക്കുന്ന ഗുരുക്കന്മാരെയും ദൈവതുല്യരായി കാണണം. മാതൃഭാഷയിൽ പ്രാവീണ്യം നേടുന്നതു ലോകത്ത് എവിടെ ചെന്നാലും നമ്മളെ ഒന്നാമതു തന്നെ നിർത്തും. ബംഗാളിൽ ജനിച്ച് ഇന്ന് കലിഫോർണിയയിൽ പ്രവ‍ർത്തിക്കുന്ന മണി ലാൽ ഭൗമിക് എന്ന ഭൗതിക ശാസ്ത്രജ്ഞൻ തന്റെ ‘കോഡ്നെയിം ഗോഡ്’ എന്ന പുസ്തകത്തിൽ പറയുന്നതു തന്റെ പാവപ്പെട്ട കുടിലിൽ താൻ ഉച്ചരിച്ചുപഠിച്ച മാതൃഭാഷ തന്നെയാണു തന്നെ ഇന്നത്തെ ഉന്നതനിലയിൽ എത്തിച്ചതെന്നാണ്. ചുറ്റുപാടുകൾ അറിയാൻ, സംസ്കാരം അറിയാൻ, ഇനി എന്തു തരം സ്വപ്നങ്ങളാണ് കാണേണ്ടതെന്നും അതു നിറവേറ്റാൻ എങ്ങനെ പഠിക്കേണ്ടതുണ്ടെന്നും മാതൃഭാഷയാണ് തന്നെ സഹായിച്ചതെന്നാണ് ഈ പുസ്തകത്തിൽ അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. എന്തും സ്വന്തം ഭാഷയിൽ പഠിച്ചാലേ അത് ഹൃദയത്തിൽ ഉറയ്ക്കൂ. ലോകത്തെവിടെയായാലും മാതൃഭാഷയുടെ പ്രാധാന്യമാണ് ഇത് വെളിപ്പെടുത്തുന്നത്. ഭാഷാപ്രാധാന്യം വിളിച്ചോതുന്ന കവിതകളിലൂടെ കവി വള്ളത്തോളും ഇതു തന്നെയാണ് നമ്മളെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

language-canvas-at-malayalam-pallikoodam
കാർട്ടൂണിസ്റ്റ് സുജിത്തിന്റെ നേതൃത്വത്തിൽ കവി പ്രഫ. വി.മധുസൂദനൻ നായർ, വട്ടപ്പറമ്പിൽ പീതാംബരൻ എന്നിവരും ‘മലയാളം പള്ളിക്കൂട’ത്തിലെ വിദ്യാർഥികളും ക്യാൻവാസിൽ അക്ഷരമുദ്രകൾ പതിപ്പിച്ചപ്പോൾ.

വള്ളത്തോൾ നാരായണ മേനോന്റെ ‘തറവാട്ടമ്മ’ എന്ന കവിതയിൽ മാതൃഭാഷയുടെ പ്രാധാന്യം സൂചിപ്പിക്കുന്ന

‘അമ്മിഞ്ഞപ്പാലോലും ചോരിവാകൊണ്ടാദ്യ–
മമ്മയെത്തന്നെ വിളിച്ച കുഞ്ഞേ
മറ്റൊരു മാതാവു കൂടിയുണ്ടെന്മക –
ന്നുറ്റ വാത്സല്യമോടോമനിപ്പാൻ’

എന്ന കവിതാഭാഗം പാടിയാണ് കവി തന്റെ പ്രസംഗം ഉപസംഹരിച്ചത്.

ഗുരുവായൂർ ദേവസ്വത്തിന്റെ ജ്‌ഞാനപ്പാന പുരസ്കാരം നേടിയ കവി വി.മധുസൂദനൻ നായരെ ചടങ്ങിൽ ആദരിച്ചു. വട്ടപ്പറമ്പിൽ പീതാംബരൻ ‘അക്ഷരം’ എന്ന പേരിലെഴുതിയ കവിത പാടി സമർപ്പിച്ചും എഴുത്തുകാരൻ എസ്. മാധവൻ പോറ്റി ‘ഐതിഹ്യമാലയിലെ നാടകീയരംഗങ്ങൾ’ എന്ന തന്റെ പുസ്തകം നൽകിയുമാണ്  കവിക്ക് ആദരമർപ്പിച്ചത്.

വിദ്യാർഥികൾ പാടിയ കേരളഗാനത്തോടെയും ഭാഷാപ്രതിജ്ഞയോടെയുമാണു ഭാഷാസദസ്സിനു തുടക്കമായത്. കാർട്ടൂണിസ്റ്റ് സുജിത്തിന്റെ നേതൃത്വത്തിൽ ബൃഹത്തായ ക്യാൻവാസിൽ അക്ഷരമുദ്രകൾ പതിച്ചാണു ‘മലയാളം പള്ളിക്കൂട’ത്തിലെ വിദ്യാർഥികൾ മാതൃഭാഷയ്ക്ക് ആദരമർപ്പിച്ചത്. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, മലയാളം പളളിക്കൂടം കാര്യദർശി ഡോ.ജെസി നാരായണൻ, അധ്യാപകരായ സനൽ ഡാലുംമുഖം, രേവതി, ഗോപി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Poet V Madhusoodanan Nair's Speech at Thiruvananthapuram Malayalam Pallikoodam International Mother Language Day function

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com