ADVERTISEMENT

മുംബൈ∙ ശിവസേന പാർട്ടിയും അമ്പും വില്ലും ചിഹ്നവും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തിനു ലഭിക്കാൻ 2000 കോടി രൂപയുടെ ഇടപാട് നടന്നതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. ‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഒരു ഡീലാണ്. ശിവസേന പാർട്ടിയുടെ പേരും അമ്പും വില്ലും ചിഹ്നവും നേടിയെടുക്കാൻ 2000 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് എനിക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇത് ആദ്യഘടുവാണെന്നാണ് വിവരം. 100 ശതമാനം സത്യമായ കാര്യമാണ്. ബാക്കി കാര്യങ്ങൾ വൈകാതെ തന്നെ വെളിപ്പെടും. രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നു വരെ ഇതുപോലെയൊന്ന് നടന്നിട്ടില്ല.’– രാജ്യസഭ എംപി കൂടിയായ സഞ്ജയ് റാവുത്ത് പറഞ്ഞു.

ഭരണനേതൃത്വവുമായി അടുത്തുനിൽക്കുന്ന ഒരു ബിൽഡറാണ് തന്നോട്ട് ഇക്കാര്യം പങ്കുവച്ചത്. ഇതുസംബന്ധിച്ച തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഉടൻ തന്നെ അത് പുറത്തുവിടുമെന്നും സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു. സഞ്ജയ് റാവുത്തിന്റെ പരാമർശത്തിനെതിരെ ഏക്‌നാഥ് ഷിൻഡെ വിഭാഗം രംഗത്തുവന്നു. ‘സഞ്ജയ് റാവുത്ത് എന്താ കാഷ്യർ ആണോ?’ എന്നാണ് ഷിൻഡെ വിഭാഗം എംഎൽഎ സദാ സർവാങ്കർ ചോദിച്ചത്. 

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗമാണ് യഥാർഥ ശിവസേനയെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയത്. അമ്പു വില്ലും ചിഹ്നം ഷിൻഡെ വിഭാഗത്തിന് അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ശിവസേനയിൽ പിളർപ്പുണ്ടായപ്പോഴാണ് യഥാർഥ ശിവസേന തങ്ങളാണെന്ന് ഷിൻഡെ വിഭാഗവും ഉദ്ധവ് താക്കറെ വിഭാഗവും അവകാശപ്പെട്ടത്. ഉദ്ധവ് താക്കറെ വിഭാഗത്തിന് ഇപ്പോൾ മഹാരാഷ്ട്രയിൽ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പു കഴിയുന്നതുവരെ ‘കത്തുന്ന പന്തം’ ചിഹ്നം ഉപയോഗിക്കാനും കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്.

English Summary: '2,000 cr deal…will reveal soon', claims Sanjay Raut after EC decision on Shiv Sena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com