ADVERTISEMENT

കോട്ടയം∙ സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച കർഷകനെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് ജി. വാര്യർ. ‘‘ഔദ്യോഗിക സംഘത്തിൽ സർക്കാർ തന്നെ വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത് നടത്തി’’യെന്നായിരുന്നു ഫെയ്സ്ബുക് കുറിപ്പിലൂടെ സന്ദീപിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

‘‘ലോകത്താദ്യമായി ഒരു സർക്കാർ തന്നെ ഔദ്യോഗിക സംഘത്തിൽ വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത് നടത്തുക. കേരളം നമ്പർ വൺ തന്നെ. ചില അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കു പോകുന്ന കായിക താരങ്ങൾ മുങ്ങുന്ന വാർത്ത കേട്ടിട്ടുണ്ട്. പക്ഷേ, ഇതാദ്യമായി ഇവിടെ കർഷകനല്ലാത്ത ഒരാളെ പാർട്ടി ബന്ധം വച്ച് ലിസ്റ്റിൽ തിരുകി കയറ്റുകയാണു ചെയ്തത്. മന്ത്രിയെ ഇസ്രയേലിൽ പോകാൻ രാഷ്ട്രീയ കാരണത്താൽ അനുവദിച്ചതുമില്ല. കേരളത്തിൽനിന്ന് ഇനി ഒരു പഠന സംഘത്തിന് അനുമതി കൊടുക്കും മുമ്പ് വിദേശ രാഷ്ട്രങ്ങൾ പല തവണ ചിന്തിക്കും. എന്തൊരു നാണക്കേടാണിത്.’’

കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ(48)യാണ് കാണാതായത്. സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കർഷകരിൽ ഒരാളാണ് ബിജു. ഇസ്രയേലിലെ ഹെർസ്‌ലിയയിലുള്ള ഹോട്ടലിൽനിന്നു 17നു രാത്രിയാണു കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കയ്യിൽ പാസ്പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു.

അതേസമയം, സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജു വാട്സാപ്പിലൂടെ ഭാര്യയ്ക്ക് സന്ദേശം അയച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു സന്ദേശം എത്തിയത്. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്ത്യൻ എംബസിയും ഇസ്രയേൽ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

English Summary: Sandeep G Varier on missing farmer in Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com