ADVERTISEMENT

കീവ് ∙ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്ൻ നഗരങ്ങളിൽ റഷ്യൻ സേന വ്യാപക ആക്രമണം തുടരുന്നതിനിടെയാണ്, പോരാട്ടത്തിന്റെ അവസാന നിമിഷം വരെ യുക്രെയ്നുള്ള യുഎസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് ബൈഡൻ യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തിയത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനു ശേഷം ഇതാദ്യമായാണ് ബൈഡൻ ഇവിടം സന്ദർശിക്കുന്നത്. ‘ഒരു വർഷത്തിനു ശേഷവും കീവ്  നിവർന്നു നിൽക്കുന്നു, യുക്രെയ്ൻ നിവർന്നു നിൽക്കുന്നു, ജനാധിപത്യവും നിവർന്നു നിൽക്കുന്നു’ – ബൈഡൻ പ്രതികരിച്ചു.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ ബൈഡൻ, യുക്രെയ്ന് 50 കോടി യുഎസ് ഡോളറിന്റെ പ്രത്യേക സഹായവും പ്രഖ്യാപിച്ചു. കൂടുതൽ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം പലതവണ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി ബൈഡനെ ഇവിടേക്കു ക്ഷണിച്ചിരുന്നു. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന സന്ദർശനത്തിനു ശേഷം ബൈഡൻ കീവിൽനിന്ന് മടങ്ങി.

ഇത്തവണ യുക്രെയ്ന്റെ അയൽ രാജ്യമായ പോളണ്ടിലേക്ക് ഔദ്യോഗിക സന്ദർശനം നടത്താനിരിക്കെയാണ്, മുൻകൂട്ടി പ്രഖ്യാപിക്കാതെ ബൈഡൻ കീവിലെത്തിയത്. പോളണ്ടിലെത്തുന്ന ബൈഡൻ, പ്രസിഡന്റ് ആന്ദ്ര്‌സെജ് ദൂദയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്.

അതേസമയം, യുക്രെയ്നിലേക്ക് ഇന്ന് ഒരു അപ്രതീക്ഷിത അതിഥി എത്തുമെന്ന അഭ്യൂഹം രാവിലെ മുതൽ സജീവമായിരുന്നു. നഗരത്തിൽ അപ്രതീക്ഷിതമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതും സുരക്ഷ വർധിപ്പിച്ചതും അഭ്യൂഹത്തിനു കരുത്തു പകർന്നു. യുക്രെയ്നെതിരായ ആക്രമണം റഷ്യ കടുപ്പിക്കുന്നതിനിടെ ബൈഡൻ കീവിലെത്തിയതിന് രാഷ്ട്രീയ മാനങ്ങൾ ഏറെയാണെന്ന് നിരീക്ഷകൾ ചൂണ്ടിക്കാട്ടുന്നു. 

യുക്രെയ്നിലെ റഷ്യയുടെ യുദ്ധം മാനവരാ‌ശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു. റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് മുന്നറിയിപ്പു നൽകുകയും ചെയ്തു. എന്നാൽ പ്രശ്നം കൂടുതൽ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്നായിരുന്നു റഷ്യയുടെ തിരിച്ചടി.

മ്യൂണിക്കിൽ ശനിയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയി‍ൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനയുടെ മുതിർന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യൻ അധിനിവേശത്തിനു പിന്തുണ നൽകിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനൽകിയത്. എന്നാൽ ചൈന കൈകെട്ടി നോക്കി നിൽക്കുകയോ എരിതീയിൽ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു. റഷ്യ അനുകൂലമായ നിലപാടാണു ചൈനയുടേതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും കുറ്റപ്പെടുത്തി. യുക്രെയ്നിൽ റഷ്യൻ അധിനിവേശമേഖലകളിൽ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.

 

 

English Summary:  President Biden makes surprise first visit to Ukraine since Russian invasion began

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com