ADVERTISEMENT

ദുബായ്∙ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ യുഎസിൽ ആക്രമിച്ച യുവാവിനു പാരിതോഷികം നൽകുമെന്ന് ഇറാനിലെ ഫൗണ്ടേഷൻ. 1000 ചതുരശ്ര മീറ്റർ കൃഷി സ്ഥലമാണ് ഇയാൾക്കു നൽകുകയെന്ന് ഫൗണ്ടേഷൻ അറിയിച്ചു. ഇറാന്‍ ഔദ്യോഗിക ടിവിയാണു ടെലഗ്രാം ചാനലിലൂടെ ഈ വിവരം പുറത്തുവിട്ടത്.

ഖുമൈനിയുടെ ഫത്‌വകൾ നടപ്പാക്കാനായി രൂപീകരിച്ച ഫൗണ്ടേഷനാണ് പാരിതോഷികമായി കൃഷിഭൂമി നൽകുന്നത്. ‘‘റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച ഇല്ലാതാക്കുകയും ഒരു കൈയുടെ സ്വാധീനശക്തി നശിപ്പിക്കുകയും ചെയ്ത് മുസ്‌ലിംകളെ സന്തോഷിപ്പിച്ച യുവ അമേരിക്കക്കാരന്റെ ധീരതയ്ക്ക് ആത്മാർഥമായി നന്ദി പറയുന്നു’’ – ഫൗണ്ടേഷൻ സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ സറെയ് അറിയിച്ചു.

‘‘റുഷ്ദി ഇപ്പോൾ മരിച്ചു ജീവിക്കുന്ന അവസ്ഥയിലാണ്. ഈ ധീര നടപടിയെ ആദരിക്കുന്നതിനായി 1000 ചതുരശ്ര മീറ്റർ കൃഷി സ്ഥലം ഇയാൾക്കോ ഇയാളുടെ പ്രതിനിധിക്കോ കൈമാറും.’’ – സറെയ് കൂട്ടിച്ചേർത്തു.

Read also: ക്ഷേത്ര ഭരണ സമിതിയിൽ രാഷ്ട്രീയക്കാർ വേണ്ടെന്ന് ഹൈക്കോടതി; സിപിഎമ്മുകാരുടെ നിയമനം അസാധുവാക്കി

കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂജഴ്സിയിൽ ഒരു സാഹിത്യ പരിപാടിയിൽ പങ്കെടുക്കവെയാണ് ഷിയ മുസ്‌ലിം വിഭാഗത്തിൽപ്പെടുന്ന അമേരിക്കൻ പൗരൻ ആക്രമണം നടത്തിയത്. 1988 ൽ റുഷ്ദിയുടെ പുസ്തകമായ ‘സേറ്റാനിക് വേഴ്സസ്’ പുറത്തിറങ്ങിയതിനു പിന്നാലെയാണ് മതനിന്ദ ആരോപിച്ച് റുഷ്ദിയെ വധിക്കണമെന്ന ഫത്‌വ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ചത്. ഈ ഫത്‌വ ഇറങ്ങി 33 വർഷങ്ങൾക്കുശേഷമാണ് റുഷ്ദിക്കുനേരെ ആക്രമണം ഉണ്ടായത്. 

അക്രമിയുടെ കുത്തേറ്റ് സൽമാൻ റുഷ്ദി (വൃത്തത്തിൽ) നിലത്തുവീണപ്പോൾ.
അക്രമിയുടെ കുത്തേറ്റ് സൽമാൻ റുഷ്ദി (വൃത്തത്തിൽ) നിലത്തുവീണപ്പോൾ.

കലാകാരന്റെ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാൻ എത്തിയപ്പോഴാണു റുഷ്ദിക്കു കുത്തേറ്റത്. മുൻകഴുത്തിൽ വലതു വശത്തു മൂന്നും വയറ്റിൽ നാലും വലതു കണ്ണിലും നെഞ്ചിലും വലതു തുടയിലും കുത്തേറ്റു. തെക്കൻ ലെബനനിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയയാളുടെ മകനാണ് സംഭവത്തിൽ പ്രതിയായ ഹാദി മതാർ(24).

Read also: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച ‌കേസ്: ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഇന്ത്യയിൽ കശ്മീരി മുസ്‌ലിം കുടുംബത്തിൽ ജനിച്ച റുഷ്ദി ഫത്‌വയ്ക്കു പിന്നാലെ ഒൻപതു വർഷത്തോളം ബ്രിട്ടിഷ് പൊലീസിന്റെ സംരക്ഷണത്തിൽ ഒളിവിൽ കഴിയുകയും ചെയ്തു. 1990കളിൽ അന്നത്തെ പ്രസിഡന്റ് മുഹമ്മദ് ഖാത്തമിയുടെ നേതൃത്വത്തിലുള്ള ഇറാൻ സർക്കാർ ഖുമൈനിയുടെ ഫത്‌വയോട് അകലം പാലിച്ചെങ്കിലും ഭീഷണി നിലനിൽക്കുകയായിരുന്നു.

English Summary: "Rushdie Now No More Than Living Dead": Iran Foundation Rewards Attacker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com