ADVERTISEMENT

ഇസ്താംബുൾ∙ തുർക്കി – സിറിയ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ അമ്മയുടെ പൊക്കിൾക്കൊടി മുറിയാതെ കണ്ടെത്തിയ ആ കുരുന്നിന് ഇനി കുടുംബത്തിന്റെ സ്നേഹത്തണൽ. ദുരിതങ്ങളുടെ നടുവിലേക്കു പിറന്നുവീണ അവളെ ഒടുവിൽ മാതൃസഹോദരിയും ഭർത്താവും ഔദ്യോഗികമായി ദത്തെടുത്തു. ഡിഎൻഎ പരിശോധനയിൽ രക്തബന്ധത്തിലുള്ള ആളാണെന്നു വ്യക്തമായതോടെയാണു നടപടികൾ പൂർത്തിയാക്കി കുട്ടിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. കുട്ടി ആരോഗ്യവതിയായി ഇരിക്കുന്നുവെന്നു ഡോക്ടർമാർ അറിയിച്ചു.

അവളുടെ പൊക്കിൾക്കൊടി അമ്മ അഫ്രയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേ‍ർപെട്ടിരുന്നില്ല. പിറന്നപ്പോഴേ മാതാപിതാക്കളെയും സഹോദരങ്ങളെയും അവൾക്കു നഷ്ടമായിക്കഴിഞ്ഞിരുന്നു... ഭൂകമ്പത്തിന്റെ ദുരന്തത്തിനിടയിലും പ്രതീക്ഷയുടെ മറുവാക്കായി പിറന്ന അവൾക്കു ദൈവത്തിന്റെ അടയാളം എന്ന് അർഥം വരുന്ന ‘ആയ’ എന്ന് ആശുപത്രി അധികൃതർ പേരിട്ടിരുന്നു.

A baby girl who was born under the rubble caused by an earthquake that hit Syria and Turkey receives treatment inside an incubator at a children's hospital in the town of Afrin, Aleppo province, Syria, Tuesday, Feb. 7, 2023. (AP Photo/Ghaith Alsayed)
പൊക്കിള്‍ക്കൊടി മുറിച്ച് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച കുഞ്ഞ് ചികിത്സയിൽ.Image. (AP Photo/Ghaith Alsayed)

കുഞ്ഞിനെ ഏറ്റെടുത്ത ഖലീൽ അൽ-സവാദിയും ഭാര്യയും അവളുടെ അമ്മയുടെ ഓർമ്മയ്ക്കായി ‘അഫ്ര’ എന്നാണ് പേരിട്ടത്. ‘‘അവളിപ്പോൾ ഞങ്ങളുടെ കുട്ടികളിൽ ഒരാളാണ്. എന്റെ മക്കളേക്കാൾ അവളെനിക്കു പ്രിയപ്പെട്ടവളായിരിക്കും, കാരണം അവളുടെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ഓർമ അവൾ നിലനിർത്തും’’, ഖലീൽ പറയുന്നു. കോണ്‍ക്രീറ്റ് കൂമ്പാരത്തിനടിയില്‍ പൊക്കിള്‍ക്കൊടി മുറിച്ച് കുഞ്ഞിനെയും കോരിയെടുത്ത് രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കോടുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന സമയത്ത് ഖലീലും സംഭവ സ്ഥലത്തുണ്ടായിരുന്നു.

കുഞ്ഞിനെ ദത്തെടുക്കാൻ തയാറായി വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെത്തിയതു നന്ദിപൂർവം ഓർക്കുന്നുണ്ടെങ്കിലും ആശുപത്രിയിലുണ്ടായിരുന്ന രണ്ടാഴ്ചയോളം കുട്ടിയെ ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയമായിരുന്നുവെന്നും ഖലീൽ പറയുന്നു. ഭൂകമ്പത്തിൽ ഖലീലിന്റെയും വീട് നഷ്ടപ്പെട്ടു. ഭൂകമ്പമുണ്ടായി മൂന്നു ദിവസങ്ങൾക്കുശേഷം ഇവർക്ക് ഒരു പെൺകുഞ്ഞും പിറന്നിരുന്നു. ദുരിതങ്ങൾക്കിടയിലും കുഞ്ഞ് അഫ്രയ്ക്ക് ഏറ്റവും മികച്ചയിടം തങ്ങൾക്കൊപ്പമായിരിക്കുമെന്നും ഖലീൽ പറയുന്നു. അച്ഛനെയും അമ്മയെയും കൂടാതെ, നാലു സഹോദരങ്ങളെയും അഫ്രയ്ക്ക് നഷ്ടമായിരുന്നു. 

English Summary: Turkey-Syria earthquake: Baby pulled from the rubble reunited with aunt and uncle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com