മുംബൈ∙ വിഖ്യാത മോഹിനിയാട്ടം, കഥകളി നര്‍ത്തകി കനക് റെലെ(85) മുംബൈയില്‍ അന്തരിച്ചു. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക പ്രിൻസിപ്പലുമായിരുന്നു. മോഹിനിയാട്ടത്തിന്റെ പ്രൗഢി രാജ്യാന്തര തലത്തില്‍ എത്തിച്ച ഈ നര്‍ത്തകിയെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ഗുജറാത്തിൽ 1937 ജൂൺ 11 നാണ് ജനനം. കുഞ്ഞായിരിക്കുമ്പോൾ തന്നെ പിതാവ് അന്തരിച്ചു. തുടർന്നു മാതാവിനും അമ്മാവനുമൊപ്പം ബംഗാളിലെ ശാന്തിനികേതനിലേക്കു പോയി. ടഗോറിന്റെ ശാന്തിനികേതനില്‍ ചെലവഴിച്ച ബാല്യത്തിലാണ് കനകിനു നൃത്തം വിസ്മയക്കാഴ്ചയാകുന്നത്. മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ ശാന്തിനികേതനില്‍ മോഹിനിയാട്ടം അവതരിപ്പിച്ച കലാകാരിയുടെ വേഷവും ചിലങ്കകളുടെ ധ്വനിയും അവരുടെ മനസില്‍ മായാമുദ്രയായി. പിന്നീട് അവരുടെ ജീവിതം മോഹനിയാട്ടത്തിന്റെ പൊരുള്‍ അറിയാനുള്ള തീര്‍ഥയാത്രയായി. കേരളത്തോടും ഇവിടുത്തെ പാരമ്പര്യ കലാരൂപങ്ങളോടും അടങ്ങാത്ത പ്രണയമായിരുന്നു ഡോ. കനക് റെലെയ്ക്ക്.
പത്മശ്രീ, കലാരത്‌ന, സംഗീത നാടക അക്കാദമി അവാര്‍ഡ്, ഗുജറാത്ത് സര്‍ക്കാരിന്റെ ഗൗരവ് പുരസ്‌കാര്‍, കേരളത്തില്‍നിന്നുള്ള ഗുരു ഗോപിനാഥ് നാട്യപുരസ്‌കാരം, ചെന്നൈയില്‍നിന്നു നൃത്തചൂഡാമണി, സാരംഗ്ദേവ് ഫെലോഷിപ്, കേളിയുടെ സുവര്‍ണകങ്കണം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളെല്ലാം ഈ നര്‍ത്തകിയുടെ പ്രതിഭയ്ക്കുള്ള അംഗീകാരങ്ങളായി. മുംബൈ സർവകലാശാലയിൽ ഫൈൻ ആർട്സ് വിഭാഗം ഡീൻ ആയും പ്രവർത്തിച്ചു. കേന്ദ്ര സർക്കാരിനു കീഴിലുള്ള കലാസാംസ്കാരിക വകുപ്പിന്റെ ഉപദേശക ആയിരുന്നു. ഭാരതീയ നൃത്തകലകളെക്കുറിച്ച് നിരവധി വിദേശ സർവകലാശാലകളിൽ പഠിപ്പിച്ചു.
∙ പത്മഭൂഷണ്‍ മോഹിനിയാട്ടത്തിനുള്ള ആദരം
ഒരാളും ഇത്രമേല്‍ മോഹിനിയാട്ടത്തെ സ്നേഹിച്ചിട്ടുണ്ടാവില്ല, ഉപാസിച്ചിട്ടുണ്ടാവില്ല. കനക് റെലെയെ തേടി പത്മഭൂഷൺ എത്തിയത് മോഹിനിയാട്ടത്തിനും കൂടിയുള്ള അംഗീകാരമായിരുന്നു. വിവിധ ശാസ്ത്രീയ നൃത്ത രൂപങ്ങളെയും മോഹിനിയാട്ടത്തെയും പരിപോഷിപ്പിക്കാനുള്ള അവരുടെ അര്‍പ്പണത്തെ രാജ്യം ആദ്യം പത്മശ്രീ നല്‍കിയും ആദരിച്ചു.
മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ഉന്നത മാര്‍ക്കോടെ നിയമബിരുദം നേടിയിട്ടും കനക് റെലെ നൃത്തത്തിലേക്കുള്ള വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1967ല്‍ ചെറുതുരുത്തിയിലെത്തി മോഹിനിയാട്ടത്തെക്കുറിച്ചു ഗവേഷണം നടത്തിയ അവര്‍ പിന്നീടു കാവാലം നാരായണപ്പണിക്കരുമായി ചേര്‍ന്നു മോഹിനിയാട്ടത്തിലെ തനതു ശൈലിയെക്കുറിച്ചുള്ള വിദഗ്ധ പഠനത്തില്‍ ഏര്‍പ്പെട്ടു. ഗുരു കരുണാകര പണിക്കരില്‍ നിന്നു കഥകളിയും അഭ്യസിച്ചു.

മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ രാജ്യാന്തര നിയമത്തില്‍ ഗവേഷണം നടത്തിയ അവര്‍ മുംബൈ സര്‍വകലാശാലയില്‍നിന്ന് മോഹിനിയാട്ടത്തില്‍ ഗവേഷണം നടത്തി പിഎച്ച്ഡി നേടി. നൃത്തത്തിന്റെ പ്രചാരണത്തിനായി 1967 ല്‍ നളന്ദ ഡാന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച കനക് സര്‍വകലാശാലയിലെ ഒട്ടേറെ വിദ്യാര്‍ഥികളുടെ ഗവേഷണ ഗൈഡായും പ്രവർത്തിച്ചു.
നൃത്തരംഗത്ത് ഇന്ത്യയിലും വിദേശത്തും കോഴ്സുകള്‍ തുടങ്ങാന്‍ ഒട്ടേറെ സര്‍വകലാശാലകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവര്‍ മാര്‍ഗദീപമായി. അവര്‍ രചിച്ച പുസ്തകങ്ങള്‍ കേരള കലാമണ്ഡലത്തിലുള്‍പ്പെടെ പഠനവിഷയമാണ്. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി തെറാപ്യൂട്ടിക് ചികില്‍സയുടെ ഭാഗമായി കനക് റെലെ സംഘടിപ്പിച്ച നൃത്ത നാടകങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ‘ശ്രീകൃഷ്ണ ലീല’, ‘അഹിംസ’ തുടങ്ങിയ രണ്ടു നൃത്ത നാടകങ്ങളില്‍ 50 വീതം ഭിന്നശേഷിയുള്ള വിദ്യാർഥികൾ പങ്കെടുത്തു.
English Summary: Classical dance legend Kanak Rele passes away in Mumbai