ADVERTISEMENT

ഗുരുഗ്രാം ∙ കോവിഡിനെ ഭയന്ന് മൂന്നു വർഷത്തോളം പുറംലോകവുമായി ബന്ധമില്ലാതെ വീട്ടിൽ അടച്ചു പൂട്ടിയിരുന്ന് അമ്മയും മകനും. ഗുരുഗ്രാമിലെ ചക്കാർപുരിൽ മുൻമുൻ മാജി എന്ന വീട്ടമ്മയും പത്തു വയസ്സുകാരൻ മകനുമാണ് വീട്ടിൽ സ്വയം തടവറ തീർത്തത്. മുൻമുനിന്റെ ഭർത്താവ് സുജൻ മാജി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അതുവരെ ഇവർ വീട്ടിലുണ്ടെന്ന വിവരം അയൽവാസികൾക്കു പോലും അറിയില്ലായിരുന്നെന്നാണ് വിവരം. ഒരു സ്വക‌ാര്യ കമ്പനിയിലെ എൻജിനീയറായ സുജൻ അറിയിച്ചതിനു പിന്നാലെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് മുൻമുനെയും മകനെയും പുറത്തെത്തിച്ചത്. അവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കോവിഡ് മുൻമുനിനെ ഏറെ ഭയപ്പെടുത്തിയിരുന്നെന്നും പുറത്തിറങ്ങിയാൽ കുട്ടി മരിച്ചു പോകുമെന്നു കരുതിയെന്നും പൊലീസ് പറഞ്ഞു. 2020 ലെ ആദ്യ ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതിനു ശേഷം ഓഫിസിൽ പോയ സുജനെ പിന്നീടു വീട്ടിൽ കയറാൻ അവർ അനുവദിച്ചിരുന്നില്ല. വിഡിയോ കോളിലൂടെയാണ് സുജൻ കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്. എന്നാൽ വീട്ടുവാടകയും വൈദ്യുതി ബില്ലും കൃത്യമായി അടയ്ക്കുകയും വീട്ടിലേക്ക് സാധനങ്ങളും വാങ്ങി നൽകുകയും ചെയ്തിരുന്നു.

‌പൊലീസിനൊപ്പം വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകരും ശിശുക്ഷേമ വകുപ്പ് അംഗങ്ങളും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണു കണ്ടത്. വസ്ത്രങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്ന, ഭക്ഷണാവശിഷ്ടങ്ങളും മുടിയും ഉൾപ്പെടെ നിറഞ്ഞ് വൃത്തിഹീനമായ അന്തരീക്ഷമായിരുന്നു അവിടെയെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെയും മുൻമുനിന്റെയും മുടി അവിടെച്ചു മുറിക്കാറുണ്ടായിരുന്നെന്നാണ് മനസ്സിലായതെന്നും ഇവർ പറഞ്ഞു.

ഗ്യാസ് സ്റ്റൗവിനു പകരം ഇൻഡക്‌ഷൻ കുക്കറിലായിരുന്നു പാചകം. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും മൂന്നു വർഷത്തോളം പുറത്തേക്കു കളഞ്ഞിരുന്നില്ല. ഇക്കാലയളവിൽ വീട്ടിൽനിന്ന് ഇവർ പുറത്തിറങ്ങുകയോ വീട്ടിലേക്ക് ആരെയെങ്കിലും പ്രവേശിപ്പിക്കുകയോ ചെയ്തിരുന്നില്ല. വീടിന്റെ ചുമരുകളിൽ നിറയെ കുട്ടി വരച്ച ചിത്രങ്ങളാണ്. പെൻസിൽ ഉപയോഗിച്ചാണ് കുട്ടി എഴുതിയിരുന്നത്. മൂന്നു വർഷമായി കുട്ടി പകൽവെളിച്ചം പോലും കണ്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

English Summary: Gurugram Woman Locked Self, Son For 3 Years In House To Escape Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com