ADVERTISEMENT

കൊച്ചി∙ എസ്എംഎ ബാധിച്ച നിർവാന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം സമാഹരിക്കുന്നതിന് ആരംഭിച്ച് ക്രൗഡ് ഫണ്ടിങ് അവസാനിപ്പിച്ചു. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവ ജനിതകരോഗം ബാധിച്ച ഒന്നര വയസ്സുകാരൻ നിർവാന്റെ ചികിത്സയ്ക്ക് 17.5 കോടി രൂപയാണു വേണ്ടത്.

17 കോടിയോളം രൂപ ഇതിനകം ലഭിച്ചതിനാലാണ് ഫണ്ടിങ് അവസാനിപ്പിക്കുന്നതെന്ന് നിർവാന്റെ പിതാവ് സാരംഗ് മേനോൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ബാക്കിയുള്ള തുക ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നൽകാമെന്ന് അറിയിച്ചതിനാൽ ഫണ്ടിങ് അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നെന്ന് സാരംഗ് പറഞ്ഞു. ‘എല്ലാവർക്കും നന്ദി, എല്ലാവരും ഒത്തൊരുമിച്ചതിനാലാണ് ഇതു സാധിച്ചത്.’– അദ്ദേഹം പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ നേതൃത്വത്തിലായിരുന്നു ക്രൗഡ് ഫണ്ടിങ്.

തിങ്കളാഴ്ച, ഒറ്റയടിക്ക് 1.4 മില്യൻ ഡോളർ (ഏകദേശം 11.6 കോടി രൂപ) അക്കൗണ്ടിലേക്ക് ഒരാൾ അയച്ചതോടെയാണ് ചികിത്സയ്ക്ക് ആവശ്യമായ തുകയ്ക്ക് ഏകദേശം അടുത്തെത്തിയത്. അൻപതിനായിരത്തിലേറെ പേർ ഒത്തൊരുമിച്ച് 5 കോടി രൂപയോളം രൂപ സമാഹരിച്ചപ്പോഴാണു 11.6 കോടി രൂപ കൂടി അക്കൗണ്ടിലെത്തിയത്. യുഎസിൽ ജോലിയുള്ള മലയാളിയാണു സഹായിച്ചതെന്നു സൂചനയുണ്ട്. ഇതിനുശേഷവും അഞ്ചു ലക്ഷത്തിലേറെ തുക അക്കൗണ്ടിലേക്ക് എത്തി. ഇനി ആവശ്യമായ തുക ബന്ധുക്കൾ നൽകാമെന്ന് അറിയിച്ചതോടെയാണ് പണം സമാഹരിക്കുന്നത് അവസാനിപ്പിച്ചത്.

പണം ലഭിച്ചതോടെ മരുന്നിനു വേണ്ടി യുഎസിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു. മരുന്ന് യുഎസിൽ നിന്നു മുംബൈയിലെ ഡോക്ടർക്കാണ് അയച്ചുകൊടുക്കുക. പണം അടയ്ക്കേണ്ട സമയമാകുമ്പോഴേക്കും ബാക്കി തുക സ്വരൂപിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണു കുടുംബം. മുംബൈയിൽ എൻജിനീയർമാരായ പാലക്കാട് കൂറ്റനാട് മലാലത്ത് വീട്ടിൽ സാരംഗ് മേനോന്റെയും അദിതി നായരുടെയും മകനാണു നിർവാൻ.

ഒരു വയസ്സായിട്ടും ഇരിക്കാനും എഴുന്നേൽക്കാനും മടി കാണിച്ചതോടെയാണു മുംബൈയിലെ ആശുപത്രിയിൽ പരിശോധന നടത്തിയത്. എസ്എംഎ ടൈപ്പ് 2 ആണെന്നു ജനുവരി 5ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ജീൻ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്ന് 2 വയസ്സിനു മുൻപു നൽകണമെന്നാണു ഡോക്ടർമാരുടെ നിർദേശം.

English Summary: SMA patient Nirvaan's fund collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com