ADVERTISEMENT

ചാരത്തിനുള്ളിൽനിന്നു വീണ്ടും ഐഎസ്ആർഒ ചാരക്കേസിന്റെ പുക ഉയരുന്നു. വർഷങ്ങൾ കഴിഞ്ഞെങ്കിലും ചാരക്കേസിലെ തീ അണയുന്നില്ല. ഐഎസ്ആർഒ ചാരക്കേസിനു പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന കേസിൽ മുൻ ഡിജിപിമാരായ സിബി മാത്യൂസ്, ആർ.ബി ശ്രീകുമാർ എന്നിവരടക്കമുള്ളവർക്കു മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചു. എന്നാൽ ഇവർ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഉത്തരവുണ്ട്. ഇതോടെ ചാരക്കേസിന്റെ പുതിയ അധ്യായം ഇവിടെ ആരംഭിക്കുന്നു. കൃത്യമായ ഇടവേളകളിൽ ചാരക്കേസ് വീണ്ടും ചർച്ചയാകുന്നു. ഐഎസ്ആർഒ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരമായിരുന്നു ചാരക്കേസ് സംഭവങ്ങളുടെ കേന്ദ്ര ബിന്ദു. കേസും അതേ തുടർന്നുള്ള രാഷ്ട്രീയവും തിരുവനന്തപുരത്തു തിളച്ചു മറിഞ്ഞു. അതേ സമയം കേസിന്റെ വിചാരണ ആരംഭിച്ചപ്പോൾ കൊച്ചിയിൽ റോക്കറ്റു വീണതു പോലെയായി. കൊച്ചിയിലെ 3 കോടതികളിലാണ് ഒരേ സമയം ഇതു സംബന്ധിച്ച 3 കേസുകളിലെ വിചാരണ ആരംഭിച്ചത്. ഹൈക്കോടതിയിലാണ് പ്രധാന കേസ്. ശാസ്ത്രജ്ഞർ വരവിൽ കവിഞ്ഞ സ്വത്ത് കവിഞ്ഞു സ്വത്ത് നേടിയെന്ന കേസ് സിബിഐ കോടതിയിൽ. മറിയം റഷീദയുടെ വീസ സംബന്ധിച്ച കേസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ. 3 കേസുകൾ കൊച്ചി നഗരത്തെ അടിമുടി മാറ്റി മറിച്ചു. സിനിമാ താരങ്ങളെ കാണാൻ എന്ന പോലെ പ്രതികളെ കാണാൻ ജനങ്ങൾ ഓടിക്കൂടി. ഗതാഗതം സത്ംഭിച്ചു, താറുമാറായി. നമ്പി നാരായണന്റെ വീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി വരെ ചർച്ചയിൽ വന്നു. അന്ന് കൊച്ചിയിൽ ലേഖകനായിരുന്ന അസിസ്റ്റന്റ് എഡിറ്റർ ബോബി തോമസ് അക്കാലം ഓർമിക്കുന്നു. ചാരക്കേസിന്റെ ഈ ഓർമക്കുറിപ്പിൽ വിഐപികളായ പ്രതികളെ കാണാം, കേസിന്റെ പല വെളിപ്പെടുത്തലുകളും വായിക്കാം.

∙ പദവി, പണം, മസാല, എല്ലാം തികഞ്ഞ കേസ്

മാലിദ്വീപിൽ നിന്നെത്തിയ മറിയം റഷീദ, ഫൗസിയ ഹസൻ എന്നീ സ്ത്രീകൾ ഐഎസ്ആർഒ ശാസ്ത്രഞ്ജരെയും മറ്റു ചിലരെയും ഹണിട്രാപ്പിൽ കുരുക്കി റോക്കറ്റുകളുടെ ക്രയോജനിക് സാങ്കേതിക വിദ്യ ചോർത്തിയെടുത്തു എന്നതാണ് 1994ൽ ഉത്ഭവിച്ച ഐഎസ്ആർഒ ചാരക്കേസിന്റെ വൺലൈൻ. അക്കാലത്ത് ക്രയോജനിക് സാങ്കേതിക വിദ്യ ഐഎസ്ആർഒയ്ക്കു ലഭിച്ചിരുന്നില്ല എന്നത് ഏറ്റവും വിചിത്രമായ കാര്യം. സംഭവം നടന്നതായി പറയുന്നതു തിരുവനന്തപുരത്താണെങ്കിലും അവിടത്തെ ലേഖകർ എഴുതിക്കൂട്ടിയതിന്റെ നൂറിരട്ടിയാണ് എറണാകുളത്തെ കോടതി റിപ്പോർട്ടർമാർക്ക് എഴുതേണ്ടിവന്നത് ! ഒരു മസാലക്കേസിനുവേണ്ട എല്ലാ ചേരുവകളും ചാരക്കേസിനുണ്ടായിരുന്നു. ഐജിയിലൂടെ മുഖ്യമന്ത്രിയിലേക്കു നീളുന്ന കേസ്. സിബിഐയുടെ ഡയറക്ടർ ആന്ധ്രാ പ്രദേശുകാരനായിരുന്നു അന്ന്. അതുവഴി പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകനിലേക്കും പിന്നീട് പ്രധാനമന്ത്രിയിലേക്കു തന്നെയും കേസ് കൂട്ടിമുട്ടിക്കാൻ ചില ശ്രമങ്ങളുണ്ടായി, കാര്യമായി ഫലിച്ചില്ലെന്നു മാത്രം. ഡോളറിൽ പലയിടത്തും പണം കൈമാറിയെന്നതായിരുന്നു കേസിന്റെ പ്രധാന ആരോപണം. യുവതിയായ മുൻ പൊലീസുകാരിയും മധ്യവയസ്സിലുള്ള മറ്റൊരു സ്ത്രീയും – ഇത്രയും മതിയായിരുന്നു കേസ് ഉഷാറാകാൻ.

∙ കൊച്ചയിലും, ജനം ഓടിക്കൂടി

phausia-hassan
ഫൗസിയ ഹസൻ.

ചാരക്കേസുമായി ബന്ധപ്പെട്ട് ഒരേസമയം 3 കേസുണ്ടായിരുന്നു, കൊച്ചിയിൽ. ശാസ്ത്രജ്ഞരടക്കമുള്ളവർ വരവിൽക്കവിഞ്ഞ സ്വത്തുണ്ടാക്കിയെന്ന കേസ് സിബിഐ കോടതിയിൽ. പള്ളിമുക്കിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കും വളഞ്ഞമ്പലത്തിനും സമീപമായിരുന്നു അന്ന് സിബിഐ കോടതി. പിന്നീട് ഹൈക്കോടതി റജിസ്ട്രാറും സോളർ കമ്മിഷൻ സെക്രട്ടറിയുമായ പി.എസ് ദിവാകരനായിരുന്നു ജഡ്ജി. രാവിലെ പത്തുമണിയോടെ പ്രതികളെ പൊലീസ് വാനിൽ കോടതിയിലെത്തിക്കും. അടുത്തുള്ള സഹോദരൻ അയ്യപ്പൻറോഡിലും എംജി റോഡിലും ചിറ്റൂർ റോഡിലും പൂരത്തിന്റെ തിരക്ക്. വൻഗതാഗതക്കുരുക്കുമുണ്ടാകും വിധമാണ് ജനത്തിരക്ക്. വല്ലവിധവും കോടതി മുറിയിലെത്തണം.അവിടെ അതിനേക്കാൾ തിരക്ക്. പ്രതികളും അഭിഭാഷകരും തൽപര കക്ഷികളും ഇത്തിരിപ്പോന്ന കോടതി മുറിയി‍ൽ തിക്കിത്തിരക്കും. ആ കോടതിയിലെ വിചാരണ കഴിഞ്ഞ് പ്രതികളെ മഹാരാജാസ് കോളജിനടുത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് (സിജെഎം) കോടതിയിൽ കൊണ്ടുപോകും. വീസയുടെ കാലാവധി കഴിഞ്ഞശേഷം മറിയം റഷീദയും മറ്റും ഇന്ത്യയിൽ താമസിച്ചുവെന്ന കേസാണ് അവിടെ വിചാരണ ചെയ്യുന്നത്. രണ്ടുപ്രതികളെ മാത്രമേ ഇവിടെ കൊണ്ടുവരൂ. അവിടെയും ജനത്തിരക്ക്. ‘ചാരസുന്ദരിയെ’ കാണാൻ എവിടെനിന്നെല്ലാമാണ് രാജ്യസ്നേഹികളായ ആളുകൾ എത്തിയത് !

ഹൈക്കോടതിയിൽ പ്രധാന കേസ്. ഐജി രമൺ ശ്രീവാസ്തവയെ കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യണമെന്നാണ് അവിടത്തെ കേസ്. പലപ്പോഴും ഒരേ ദിവസം തന്നെ മൂന്നു കേസുകളും പരിഗണിച്ചിരുന്നു. ആദ്യം സിബിഐ കോടതി, പിന്നെ സിജെഎം കോടതി, ഒടുവിൽ ഹൈക്കോടതി എന്നരീതിയിൽ. മൂന്നു കോടതികളിലെ നടപടികളും ആദ്യാവസാനം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് വാർത്തകൾ നൽകുന്നത്. അതിവിശദമായാണ് പത്രങ്ങൾ വാർത്ത നൽകിയത്. കോടതിലെ ചോദ്യോത്തരങ്ങളെല്ലാം അതേപടി നൽകി.

∙ അരിയെത്ര ? പയർ അഞ്ഞാഴി

siby-mathews-2
സിബി മാത്യൂസ്.

സിബിഐ കോടതിയിൽ പ്രതികളുടെ വരുമാനമായിരുന്നു തർക്ക വിഷയം. പ്രതികളിലൊരാളായ ബെംഗളുരൂവിലെ വ്യവസായി ചന്ദ്രശേഖരന്റെ സ്വത്തുസംബന്ധിച്ച വാദം കോടതിയിൽ രസകരമായ രംഗങ്ങൾ സൃഷ്ടിച്ചു.മുതിർന്ന അഭിഭാഷകൻ ടി.വി പ്രഭാകരനായിരുന്നു പ്രതിഭാഗം വക്കീൽ.

അദ്ദേഹത്തിന്റെ ചോദ്യം: എന്റെ കക്ഷി വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്നാണല്ലോ ആരോപണം. അദ്ദേഹത്തിന്റെ വരുമാനം എത്രയെന്ന് നിങ്ങൾക്കറിയാമോ ?

സിബിഐ അഭിഭാഷകൻ: ഞങ്ങൾ രേഖകൾ പരിശോധിച്ചു.അദ്ദേഹത്തിന്റെ പണമിടപാടുകളെല്ലാം ഡോളറിലാണ്.

ടി.വി പ്രഭാകരൻ: എന്റെ കക്ഷി മോസ്കോയിലെ ഒരു കമ്പനിയുടെ പ്രതിനിധിയാണ്. ആ രാജ്യത്ത് ഇന്ത്യൻ രൂപ ആരെങ്കിലും വാങ്ങുമോ ?

സിബിഐ അഭിഭാഷകൻ: പ്രതി ധാരാളം യാത്ര ചെയ്തിട്ടുമുണ്ട്. യാത്രകളെല്ലാം വിമാനത്തിലാണ്.

പ്രഭാകരൻ: മോസ്കോയ്ക്ക് ഓട്ടോയിൽ പോകാൻ പറ്റാത്തതുകൊണ്ടാണ് വിമാനത്തിൽ പോകുന്നത് !

behra-raman
മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം എന്നിവർക്കൊപ്പം രമൺ ശ്രീവാസ്തവ.

ചാരസുന്ദരിമാരിൽ നിന്ന് പതിനായിരക്കണക്കിനു ഡോളർ വാങ്ങിയെന്ന് ആരോപിച്ച പ്രതികളിൽ ശാസ്ത്രജ്ഞൻ നമ്പിനാരായണന്റെ വീട്ടിൽ അക്കാലത്ത് ബ്ലാക് ആൻഡ് വൈറ്റ് ടിവിയാണുണ്ടായിരുന്നതെന്ന് വാദത്തിനിടെ വെളിവായി. ഇടത്തരം വരുമാനക്കാരുടെ വീടുകളിൽ പോലും കളർ ടിവിയുള്ള കാലമാണെന്നോർക്കണം. പണം കൈമാറിയ ഹോട്ടലിന്റെ റൂംനമ്പർ വരെ കേസ് ഡയറിയിലുണ്ട്. പിന്നീട് പരിശോധനയിൽ വ്യക്തമായത് ആ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് കേസിൽ പറയുന്ന തീയതിക്കും ഒന്നര വർഷം കഴിഞ്ഞാണ് എന്നത്രേ.

∙ മാലിയിൽ എത്ര മറിയം റഷീദമാരുണ്ട്

സിജെഎം കോടതിയിൽ ഇതിലും വിചിത്രമായ കാര്യങ്ങളാണുണ്ടായത്. സാധുവായ വീസയില്ലാതെ മറിയം റഷീദ ഇന്ത്യയിൽ താമസിച്ചു എന്നതായിരുന്നു അവർക്കെതിരെയുള്ള ആദ്യ കേസ്. വീസ സംബന്ധിച്ച പരമ പ്രധാനമായ രേഖയാണല്ലോ പാസ്പോർട്ട്. വീസ സ്റ്റാംപ് ചെയ്യുന്നതും പാസ്പോർട്ടിൽ തന്നെ. ചാരക്കേസിന്റെ ആദ്യകാല രേഖകളിലെല്ലാം മറിയം റഷീദയുടെ പാസ്പോർട്ട് നമ്പർ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അവ വെട്ടിത്തിരുത്തി ശരിയായ നമ്പർ എഴുതുകയായിരുന്നു. മാലിയിലെ വളരെ സാധാരണമായ പേരാണത്രേ മറിയം റഷീദ. ആ പേരുള്ള മറ്റൊരു സ്ത്രീയുടെ പാസ്പോർട്ട് നമ്പർ അബദ്ധത്തിൽ രേഖകളിൽ ചേർക്കുകയായിരുന്നു.

എത്ര ശ്രദ്ധയോടെയാണ് ‘രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കേസ്’ പൊലീസ് കൈകാര്യം ചെയ്തതെന്നു നോക്കുക.

ഈ പാസ്പോർട്ടുമായി പലവട്ടം മറിയം റഷീദ തിരുവനന്തപുരം പൊലീസ് കമ്മിഷണർ ഓഫിസിൽ പോയിരുന്നു. സൂറത്തിലെ പ്ലേഗ്ബാധ മൂലം പല വിമാനങ്ങളും റദ്ദാക്കിയതിനാൽ തിരികെ പോകാൻ കഴിഞ്ഞില്ലെന്നും വീസയുടെ കാലാവധി തീർന്നെന്നും അറിയിക്കാനാണവർ പോയത്.

നമ്പി നാരായണൻ
നമ്പി നാരായണൻ

മറിയം റഷീദയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ അവർ താമസിച്ചിരുന്ന മുറി പരിശോധിച്ചതേയില്ല. അവരുടെ പഴ്സിലുണ്ടായിരുന്ന ഡയറിയിലെ ഫോൺ നമ്പറുകൾ കണ്ട് ഞെട്ടിയ ഓഫിസറാണെന്നോർക്കണം. പരിശോധനയ്ക്ക് മറ്റൊരാളെ അയയ്ക്കുകയായിരുന്നത്രേ. ക്രയോജനിക് സാങ്കേതിക വിദ്യ ചോർത്താൻ വന്ന ‘ചാരസുന്ദരി’ക്ക് ഇംഗ്ലിഷ് നന്നായി സംസാരിക്കാൻ പോലും കഴിവില്ലായിരുന്നു. കേസ് രേഖകളിൽ ഇക്കാര്യം പറയുന്നുണ്ട്. മെഡിക്കൽ ഡോക്ടർ അല്ലാതെ പിഎച്ച്ഡി ലഭിച്ചവരും ഡോക്ടർ എന്നുപയോഗിക്കുമെന്നതു ‘ചാരസുന്ദരി’ക്ക് വിചാരണയ്ക്കിടെ കിട്ടിയ പുതിയ അറിവായിരുന്നു. ഹൈക്കോടതിയിലെ ഒരു രസികൻ പറ‍ഞ്ഞതിങ്ങനെ: ക്രയോജനിക് സാങ്കേതിക വിദ്യയാണെന്നു പറഞ്ഞ് ഫോട്ടോസ്റ്റാറ്റ് മെഷീന്റെ യൂസേഴ്സ് മാന്വൽ കൊടുത്തിരുന്നെങ്കിൽ ആ വനിതകൾ അതു കൊണ്ടുപോയേനെ !

∙ മറിയം റഷീദയ്ക്ക് സ്കെച്ച് പേന, ഫൗസിയയ്ക്ക് വെറും പേന

പ്രതികൾ താമസിച്ചിരുന്ന ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ സിജെഎം കോടതിയിൽ വിചാരണ ചെയ്തു. വിദേശികൾ ഹോട്ടലിൽ താമസിക്കാനെത്തുമ്പോൾ പിങ്ക് നിറമുള്ള ഒരു കാർഡ് പ്രത്യേകമായി പൂരിപ്പിച്ച് പൊലീസിൽ ഏൽപിക്കേണ്ടതുണ്ട്. മറിയം റഷീദ താമസിച്ച ഹോട്ടലിൽ നിന്ന് ഇത്തരം കാർഡ് പൊലീസിനു നൽകിയിരുന്നു. അതു തെളിയിക്കാനാണ് റിസപ്ഷനിസ്റ്റിനെ വിസ്തരിച്ചത്. കാർഡിൽ മറിയം റഷീദ എന്ന് സ്കെച്ച്പെൻ ഉപയോഗിച്ച് മനോഹരമായ കൈപ്പടയിൽ എഴുതിയിരുന്നു. ഒപ്പം & ചിഹ്നമിട്ട് ഫൗസിയ ഹസൻ എന്ന് സാധാരണ ബോൾപെൻ ഉപയോഗിച്ചു വികൃതമായ കൈപ്പടയിൽ ചേർത്തിരുന്നു. റിസപ്ഷനിസ്റ്റ് പറഞ്ഞു. ആദ്യ പേര് ഞാനെഴുതിയതാണ്. രണ്ടാം പേര് മറ്റാരോ എഴുതിയതാണ്. രണ്ടുപേരും ഒരുമിച്ചുണ്ടായിരുന്നുവെന്നു കാണിക്കാൻ ഏതോ അൽപബുദ്ധി ചെയ്തതാകാം.

ജഡ്ജി പ്രോസിക്യൂട്ടറെ നോക്കി എന്താണിതൊക്കെ എന്ന മട്ടിൽ ആംഗ്യം കാട്ടിയതും ഓർമിക്കുന്നു.

പ്രധാന പ്രതികളിലൊരാളായിരുന്ന തന്നെ അന്വേഷണച്ചുമതലയുണ്ടായിരുന്ന സിബി മാത്യൂസ് ചോദ്യം ചെയ്തത് വളരെ കുറച്ചു സമയം മാത്രമെന്ന് ഡോ. നമ്പി നാരായണൻ ആത്മകഥയിൽ പറയുന്നത് ഇതോടൊപ്പം ചേർത്തുവായിക്കണം

∙ ആരാണ് ബ്രിഗേഡയർ ശ്രീവാസ്തവ

എ.കെ. ആന്റണി
എ.കെ. ആന്റണി

ഇവിടെ വാദിഭാഗം വക്കീലിന് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ജഡ്ജിമാർ തന്നെ ആ ഭാഗം കൃത്യമായി അവതരിപ്പിച്ചു. എല്ലാവർക്കും എല്ലാം സംശയം മാത്രം. കൃത്യമായ തെളിവുകൾ ഹാജരാക്കപ്പെട്ടില്ല. ബാംഗ്ലൂരിൽ മാലി വനിതകൾ പരിചയപ്പെട്ട ബ്രിഗേഡിയർ ശ്രീവാസ്തവ കേരളത്തിലെ രമൺ ശ്രീവാസ്തവയാണെന്ന് സിബിഐ സംശയിച്ചു. ചാരവൃത്തിക്കോ സ്ത്രീകൾക്കൊപ്പമോ പോകുമ്പോൾ അൽപമെങ്കിലും ബുദ്ധിയുള്ളവർ സ്വന്തം പേർ പറയുമോ എന്ന് ആരും ആലോചിച്ചില്ല. കേസ് റിപ്പോർട്ടിങ് ചോദ്യോത്തര രൂപത്തിലായതുകൊണ്ട് മറ്റൊരു തമാശയുണ്ടായി. ചില ചോദ്യങ്ങൾക്ക്

സിബിഐ അഭിഭാഷർക്ക് മറുപടിയുണ്ടായില്ല.

റിപ്പോർട്ടിൽ സിബിഐ അഭിഭാഷകൻ: മൗനം. എന്ന മട്ടിലായി റിപ്പോർട്ട് ! കൂടുതൽ സമയം മൗനം പാലിച്ച അഭിഭാഷകനെ പരിഹസിക്കാൻ വേറൊരു കാരണം വേണ്ടല്ലോ.

ശ്രീവാസ്തവ സംശയത്തിൽ, കരുണാകരന്റെ രാജിയും സിബിഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ കേസിന്റെ വാദപ്രതിവാദം ഏറെ നീണ്ടു. കേസിൽ ആരെയങ്കിലും പ്രതി ചേർക്കണമെന്നു നിർദ്ദേശം നൽകാൻ കോടതിക്കാവില്ലെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി ഡിവിഷൻബഞ്ച് ഹർജി തള്ളി. എന്നാൽ വിശദമായ വിധിന്യായത്തിലൊരിടത്ത് ‘രമൺ ശ്രീവാസ്തവയുടെ പേര് കേസുമായി ബന്ധപ്പെട്ടതോടെ അന്വേഷണം കീഴ്മേൽ മറിഞ്ഞതായി സംശയിക്കുന്നു’ എന്നു പറഞ്ഞിരുന്നു. വാർത്ത വന്നദിവസം തന്നെ ശ്രീവാസ്തവ സസ്പെൻഷനിലായി. തീർന്നില്ല, ‘ചാരനായ’ ശ്രീവാസ്തവയെ സംരക്ഷിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി കെ. കരുണാകരൻ രാജിവയ്ക്കണമെന്നാവശ്യവും ഉയർന്നു. ഇടതു മുന്നണിക്കു പുറമേ കോൺഗ്രസിലെ എ ഗ്രൂപ്പും നന്നായി കളിച്ചു. എല്ലാ ജില്ലകളിലും അവർ യോഗം നടത്തി, ചിലയിടത്ത് പൊതുയോഗം പോലും നടന്നു. സിപിഎം നേതാക്കളെ വെല്ലുംവിധമായിരുന്നു പ്രസംഗങ്ങൾ. ഒളിപ്പോര് ലക്ഷ്യം കണ്ടു. കരുണാകരനു സ്ഥാനം ഒഴിയേണ്ടിവന്നു. എ.കെ ആന്റണി മുഖ്യമന്ത്രിയായി.

∙ ശ്രീവാസ്തവയുടെ തിരിച്ചു വരവ്, കേരളത്തിന്റെ ഭാഗ്യം

രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ചാരക്കേസിന്റെ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി ഹൈക്കോടതിയുടേത് അപക്വമായ (pre mature) സമീപനമാണെന്നു നിരീക്ഷിച്ചു. കേസിലെ പ്രതികൾക്കെല്ലാം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി അധ്യക്ഷനായ ബെഞ്ചിന്റെ വിധി അപക്വമെന്ന് വാർത്ത വന്നത് ആ ജഡ്ജിക്കു ബുദ്ധിമുട്ടായി. കേരളത്തിനു പുറത്തെ ഏതെങ്കിലും ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി നിയമനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അദ്ദേഹം. സർവീസ് ഒരു വർഷത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂ എങ്കിലേ സ്വന്തം നാട്ടിൽ ചീഫ് ജസ്റ്റീസാക്കൂ എന്നാണ് അന്നത്തെ കീഴ്‌വഴക്കം. കേസിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടവർക്കെല്ലാം വർഷങ്ങൾക്കു ശേഷം തിരികെ കിട്ടി. ശ്രീവാസ്തവ പല ഉയർന്ന പദവികൾ പിന്നിട്ട് കേരളത്തിന്റെ ഡിജിപി വരെയായി. ആ ‘മുൻചാരനെ’ അക്കാലം ആഭ്യന്തര മന്ത്രിയായിരുന്ന എ ഗ്രൂപ്പ് നേതാവ് വാനോളം പുകഴ്ത്തുകയും ചെയ്തു. അദ്ദേഹം ഡിജിപിയായി എത്തിയത് കേരളത്തിന്റെ ഭാഗ്യമാണമെന്നു വരെ പറഞ്ഞുവച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ശ്രീവാസ്തവ അദ്ദേഹത്തിന്റെ ഉപദേശകനുമായി.

കേസ് അവസാനിച്ചശേഷം കരുണാകരൻ പത്രക്കാരോട് ചോദിച്ചു: പണി പോയവരെല്ലാം തിരികെയെത്തി. അന്നു ജോലി നഷ്ടപ്പെട്ട ഒരാൾ മാത്രം ബാക്കിയുണ്ട്– ഞാൻ. ജോലി തിരികെ വാങ്ങിത്തരാൻ നിങ്ങൾക്കു കഴിയുമോ ? ചാരക്കേസ് മൂലം നഷ്ടമായ ഒന്നരവർഷത്തെ മുഖ്യമന്ത്രി പദം തിരികെപ്പിടിക്കാനായിരുന്നു പിൽക്കാലത്തെ കരുണാകരന്റെ രാഷ്ട്രീയജീവിതം എന്നു പറഞ്ഞാൽ തെറ്റില്ല.

∙ കാലം മാറി, ഫൗസിയ വന്ന വഴിയിലൂടെ ശിവശങ്കർ

shivashankar
എം. ശിവശങ്കർ.

കേസിന്റെ നൂലാമാലകളെല്ലാം അവസാനിപ്പിച്ച് എറണാകുളം പൊലീസ് കമ്മിഷണർ ഓഫിസിൽ നിന്ന് ഫൗസിയ ഹസൻ ഇറങ്ങി. റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ച് ചെറിയൊരു പ്ലാസ്റ്റിക് കിറ്റുമായി ഹൈക്കോടതി ജംക്‌ഷനിലെ ബസ് സ്റ്റോപ്പിലേക്ക് നടന്ന അവരെ ആരും തിരിച്ചറിഞ്ഞില്ല ! അവർക്കെതിരെ ദിവസങ്ങളോളം ആർപ്പുവിളിച്ച ജനങ്ങൾ മറ്റൊരു കേസിനായി കാത്തിരിക്കുകയായിരുന്നു.

വർഷങ്ങൾക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഉൾപ്പെട്ട സ്വർണക്കള്ളക്കടത്തു കേസ് വന്നപ്പോൾ ജനം സന്തോഷിച്ചിരിക്കണം. ശിവശങ്കറിനെ കൊച്ചിയിലെ തന്നെ എൻഐഎ ഓഫിസിൽ കൊണ്ടുവന്നപ്പോൾ ബാരിക്കേഡുകൾ നിരത്തിയാണു പൊലീസ് ആൾക്കൂട്ടത്തെ തടഞ്ഞത്. ചാരക്കേസ് എരിഞ്ഞടങ്ങിയതിനുശേഷമുള്ള തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്വാഭാവികമായും ചാരക്കേസ് ആയുധമാക്കി. ഒരു പൊതുയോഗത്തിലെ വി.എസ് അച്യുതാനന്ദന്റെ പ്രസംഗം ഇങ്ങനെയായിരുന്നു. മൂന്നര വർഷത്തെ കരുണാകര ഭരണമാകുന്ന മാലിന്യത്തിനു മുകളിൽ ഒന്നര വർഷത്തെ ആന്റണി ഭരണമാകുന്ന ചെറിപ്പഴം വച്ചാൽ അതു ഫ്രൂട്ട് സലാഡാകുമോ. അവസാന ഭാഗം പതിവുപോലെ പലവട്ടം ആവർത്തിക്കും. (മാലിന്യം എന്നല്ല കുറെക്കൂടി ദുർഗന്ധമുള്ള വാക്കാണ് വിഎസ് ഉപയോഗിച്ചിരുന്നത്).

കേസുകൾ തുടർന്നു. നമ്പി നാരായണൻ പല കേസുകളും ജയിച്ചു. കോടതി വിധിച്ച നഷ്ടപരിഹാരങ്ങളും കിട്ടി. ആത്മകഥ പ്രസിദ്ധീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പുതിയ കേസുകളുണ്ടായി. അവ തുടരുന്നു. 2019 ൽ രാഷ്ട്രം പത്മഭൂഷൺ നൽകി നമ്പി നാരായണനെ ആദരിച്ചു. അദ്ദേഹത്തിന്റെ കഥ ‘റോക്കട്രി ദ് നമ്പി ഇഫക്ട്’ എന്ന പേരിൽ തമിഴ് നടൻ മാധവൻ സിനിമയാക്കി. ഓസ്കർ പുരസ്കാരത്തിനുള്ള പട്ടികയിൽ ഈ സിനിമ ഇടംപിടിച്ചു. സിനിമയിൽ വാസ്തവ വിരുദ്ധമായ കാര്യങ്ങളുണ്ടെന്നു പഴയ സഹപ്രവർത്തകരിൽ ചിലർ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ചാരക്കേസിലെ തീ അണയുന്നില്ല.

 

English Summary: When ISRO Espionage scandal is discussed again; Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com