ADVERTISEMENT

ഏഴു സഹോദരിമാർ. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വിളിപ്പേര്. ഇതിൽ രണ്ടു സംസ്ഥാനങ്ങൾ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക് – മേഘാലയയും നാഗാലൻഡും. പ്രതിപക്ഷമില്ലാതെ മഴവിൽസഖ്യം ഭരിക്കുന്ന നാഗാലാൻഡും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റു ലഭിച്ച കോൺഗ്രസ് വർഷം അഞ്ചു പിന്നിടുമ്പോൾ സാമാജികരുടെ കൂറുമാറ്റത്തെത്തുടർന്ന് ചിത്രത്തിൽ പോലുമില്ലാത്ത മേഘാലയയും വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ വോട്ടെടുപ്പിലും വോട്ടെണ്ണലിനു ശേഷവും രാഷ്ട്രീയ നാടകങ്ങളും ഏറെ പ്രതീക്ഷിക്കപ്പെടുന്നു.  ഫെബ്രുവരി 20 ന് മുൻ ആഭ്യന്തര മന്ത്രിയും യുഡിപി പാർട്ടിയുടെ സ്ഥാനാർഥിയുമായ എച്ച്.ഡി.ആർ ലിങ്ദോ അന്തരിച്ചതിനാൽ തിരഞ്ഞെടുപ്പ് മാറ്റി വച്ച സോഹിയോങ് നിയമസഭാമണ്ഡലം ഒഴികെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

2018 ൽ ജനാധിപത്യം നോക്കുകുത്തിയാകുന്ന കാഴ്ച മേഘാലയയിലെ ജനം കണ്ടതാണ്. അതുകൊണ്ടു തന്നെ ഇത്തവണ പോളിങ് ബൂത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ 2018 ലെ തിരഞ്ഞെടുപ്പും അവരുടെ മനസ്സിലുണ്ടാകും. 2018ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ കോൺഗ്രസ് പാർട്ടിക്ക് ഒരു ദിവസം പോലും മേഘാലയയിൽ അധികാരത്തിലിരിക്കാൻ കഴിഞ്ഞില്ല. ശേഷം സംസ്ഥാനം കണ്ടതാകട്ടെ ഒരു കൂട്ടം പാർട്ടികളുടെ കൂട്ടായ്മയിൽ ഒരു മഴവിൽ സർക്കാർ ഭരണതലപ്പത്ത് എത്തുന്നതും. അതുകൊണ്ടും തീർന്നില്ല 2018 ലെ തിരഞ്ഞെടുപ്പിൽ മൽസരപരീക്ഷണത്തിനിറങ്ങി ഒരു സീറ്റു പോലും ലഭിക്കാത്ത ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 2021 നവംബറിൽ 12 കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയെത്തിയതോടെ  പ്രതിപക്ഷത്തുമെത്തി.

ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാർ ഭരണം കയ്യാളുമെന്ന ജനാധിപത്യത്തിന്റെ നിർവചനം തന്നെ മാറ്റിമറിച്ച മേഘാലയ വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. അടുത്ത വർഷം ലോക്സഭ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. നിലവിൽ മഴവിൽ സഖ്യമെങ്കിലും പ്രാദേശിക പാർട്ടികൾ ഒറ്റയ്ക്കൊറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ടു തന്നെ ബിജെപിയ്ക്കും കോൺഗ്രസിനും പുറമേ ശക്തമായ പ്രചരണവുമായി നിരവധി പാർട്ടികളാണ് രംഗത്ത്. 

∙ മേഘാലയ– തിരഞ്ഞെടുപ്പ് ചിത്രം

60 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഫെബ്രുവരി 27 ന് മേഘാലയയിൽ തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.  നിലവിലെ സർക്കാരിന്റെ കാലാവധി മാർച്ച് 15ന് അവസാനിക്കും. ആകെ 375 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. സർക്കാരുണ്ടാക്കാൻ 31 സീറ്റിന്റെ ഭൂരിപക്ഷമാണ് ഒരു പാർട്ടിക്കു വേണ്ടത്. നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി)യുടെ നേതൃത്വത്തിലുള്ള മഴവിൽ സഖ്യമാണ് നിലവിൽ മേഘാലയ ഭരിക്കുന്നത്. 

എൻപിപി (20), യുണൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി (8), പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ട് (2), ബിജെപി (3), തൃണമൂൽ (8), എൻസിപി (1) എന്നിങ്ങനെയാണ് 60 അംഗ മേഘാലയ നിയമസഭയിലെ കക്ഷിനില.18 സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലെ ഭരണത്തിൽ സഖ്യത്തിലാണെങ്കിലും എൻപിപിയും ബിജെപിയും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കൈകോർത്തിട്ടില്ല. തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുന്നതിനായാണ് ബിജെപി എൻപിപിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്. ബിജെപിക്കു പുറമേ കോൺഗ്രസും മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. എൻപിപിയും പ്രതിപക്ഷമായ തൃണമൂലും 58 മണ്ഡലങ്ങളിൽ ജനവിധി തേടുന്നു.

സ്വാതന്ത്ര്യാനന്തരം അസമിന്റെ ഭാഗമായിരുന്ന മേഘാലയ 1972ലാണ് ഒരു പൂർണ സംസ്ഥാനമായി രൂപപ്പെടുന്നത്. ഖാസി, ജയന്റിയ, ഗാരോ കുന്നുകളിലായി പടർന്നുകിടക്കുന്ന മേഘാലയയിലെ  ജനസംഖ്യയിലെ നാലിൽ മൂന്നും ക്രൈസ്തവ വിശ്വാസികൾ. 1972 ലെ ആദ്യ തിരഞ്ഞെടുപ്പിൽ ഓൾ പാർട്ടി ഹിൽസ് ലീഡേഴ്സ് (എപിഎച്ച്എൽ) പാർട്ടിയെ ഒറ്റയ്ക്ക് അധികാരത്തിലേറ്റിയ സംസ്ഥാനം പിന്നീടിതു വരെ കണ്ടത് സഖ്യ സർക്കാരുകൾ. ആദ്യ തിരഞ്ഞെടുപ്പിൽ ഓൾ പാർട്ടി ഹിൽ ലീഡേഴ്സ് കോൺഫറൻസ് 32 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. 2008 മുതൽ തുടർച്ചായ മൂന്നു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്ന സംസ്ഥാനത്ത് 2018 ൽ 21 സീറ്റു‌ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തിലേറാൻ കോൺഗ്രസിനായില്ല.

∙ ഏറ്റവും വലിയ ഒറ്റകക്ഷി,  ഇപ്പോൾ ‘വട്ടപൂജ്യം’

കഴിഞ്ഞ ഒൻപതു തിരഞ്ഞെടുപ്പുകളിലും മേഘാലയയിൽ കോൺഗ്രസിന്റെ പ്രകടനം 20–29നു മധ്യേയാണ്. 2013ൽ നേടിയ 29 സീറ്റാണ് ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ തവണ 21 സീറ്റിൽ ജയിച്ചു. മുൻപ്രകടനങ്ങൾ: 29 (2013), 25 (2008), 22(2003), 25(1998), 24(1993), 22(1988), 25(1983). 1998 മുൻമുഖ്യമന്ത്രി പി.എ.സാങ്മ പാർട്ടിവിട്ടുപോയി എൻസിപിയുടെ ഭാഗമായതോടെ കോൺഗ്രസിനു സംസ്ഥാനത്തെ നല്ലൊരു ശതമാനം വോട്ട് നഷ്ടമായി.  എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു ലഭിക്കുന്ന സീറ്റിൽ കുറവുണ്ടായില്ല. 

2018 ലാകട്ടെ, മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 180 സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശ്വാസമായത് മേഘാലയയിലെ 21 സീറ്റാണ്. മറ്റു രണ്ടിടത്തും പാർട്ടി ‘സംപൂജ്യ’മായിരുന്നു. മറ്റു രണ്ടിടത്തും ജനവിധി എതിരായപ്പോൾ മേഘാലയിൽ പ്രതിപക്ഷത്തിനിരിക്കാൻ പോലും കഴിയാത്ത ദുർവിധിയാണ് കോൺഗ്രസിനുണ്ടായത്. തുടർച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ മുകുൾ സാങ്മിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് ജനഹിതം ഏറെക്കുറെ അനൂകൂലമായിരുന്നു. 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ സർക്കാരുണ്ടാക്കാൻ 31 സീറ്റുകൾ വേണമെന്നിരിക്കെ കോൺറാഡ് സാങ്മ നേതൃത്വം നൽകുന്ന എൻപിപി സർക്കാരുണ്ടാക്കാൻ കഴിയുമെന്ന അവകാശവാദവുമായി മുന്നോട്ടു വന്നു. 20 സീറ്റാണ് എൻപിപി നേടിയത്. ബിജെപി ഉൾപ്പെടെയുള്ള മറ്റു പാർട്ടികളെ കൂട്ടുപിടിച്ച് 34 എംഎൽഎമാരുടെ പിന്തുണയോടെ സർക്കാരുണ്ടാക്കി. 

Mukul-Sangma-Rahul-Gandhi
മുകുൾ സാങ്മ രാഹുൽ ഗാന്ധിയ്ക്കൊപ്പം (ഫയൽ ചിത്രം)

നാഷനലിസ്റ്റ് പീപ്പിൾസ് പാർട്ടി (20സീറ്റ്) നയിക്കുന്ന മേഘാലയ ഡമോക്രാറ്റിക് അലയൻസിൽ ബിജെപിക്കു പുറമേ പ്രാദേശിക പാർട്ടികളായ യുണൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി (യുഡിപി), പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ട് (പിഡിപി), ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (എച്ച്എസ് പിഡിപി) എന്നിവരും ഏതാനും സ്വതന്ത്രരും പങ്കാളികളായാണ് സർക്കാർ രൂപീകരിച്ചത്.

പിന്നീട് കോൺഗ്രസിൽ സംഭവിച്ചത് വൻ ദുരന്തം തന്നെയായിരുന്നു. കോൺഗ്രസിന്റെ 21 എംഎൽഎമാരും ഒന്നിനു പിറകെ ഒന്നായി മറ്റു പാർട്ടികളിൽ ചേക്കേറി. ഏറ്റവും ഒടുവിൽ, 2021 നവംബറിൽ മൂന്നു തവണ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്മയുടെ നേതൃത്വത്തിൽ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ പതനം പൂർത്തിയായി. ഷില്ലോങ് എംപിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ വിൻസന്റ് എച്ച്. പാലയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മുകുളിനെയും സംഘത്തെയും തൃണമൂലിൽ എത്തിച്ചത്. 2018 തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലും ജയിക്കാത്ത മമതാ ബാനർജിയുടെ പാർട്ടി അതോടെ മേഘാലയയിലെ പ്രതിപക്ഷവുമായി. കോൺഗ്രസിനാകട്ടെ ഇപ്പോൾ മേഘാലയിൽ ഒരു എംഎഎൽഎ പോലുമില്ലാത്ത അവസ്ഥയാണ്.

rahul-gandhi
മേഘാലയയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു. Image. Twitter/@bobbeeta_sharma

പരിചയസമ്പന്നരായ എംഎൽഎമാർ കൂടുമാറി പോയെങ്കിലും വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറല്ല. പുതുമുഖങ്ങളും സ്ത്രീകളുമാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. പത്തു വനിതാ സ്ഥാനാർഥികളാണ് കോൺഗ്രസിന്റെ സ്ഥാനാർഥികളായി രംഗത്ത്. പിസിസി അധ്യക്ഷനായ വിൻസന്റ് പാലയും തന്റെ കന്നിയങ്കത്തിനായി ഗോദയിൽ ഇറങ്ങുന്നുണ്ട്. എന്നാൽ പ്രചാരണത്തിന് പ്രമുഖരാരും എത്താത്തത് സംസ്ഥാനത്തെ കോൺഗ്രസിനെ വലയ്ക്കുന്നുണ്ട്. ഷില്ലോങ്ങിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തത് ഒഴിച്ചാൽ മറ്റു  പ്രമുഖ നേതാക്കളൊന്നും ഇവിടെ എത്തിയിട്ടില്ല. 

∙ പ്രതീക്ഷയോടെ ബിജെപി

2018ലെ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റു മാത്രമേ നേടാനായുള്ളൂവെങ്കിലും ഇത്തവണ അമിത പ്രതീക്ഷയുമായാണ് ബിജെപി മേഘാലയയിൽ മൽസരിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാ മണ്ഡലങ്ങളിലും അവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ എൻപിപിയുടെ സഖ്യത്തിൽ പങ്കാളികളായ ബിജെപി ഇത്തവണ ഒറ്റയ്ക്ക് സർക്കാരുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻപിപി സഖ്യത്തിൽ നിന്ന് കഴിഞ്ഞമാസം ബിജെപി പിന്മാറിയിരുന്നു.  

വെസ്റ്റ് ഗാരോ ഹിൽസിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. (PTI Photo)
വെസ്റ്റ് ഗാരോ ഹിൽസിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. (PTI Photo)

എൻപിപി നേതാവും മുഖ്യമന്ത്രിയുമായ കൺറാഡ് സാങ്‌മയുടെ ശക്തികേന്ദ്രമായ ഗാരോ കുന്നുകൾ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പ്രവർത്തനം. 24 നിയമസഭ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. ബിജെപിയുടെ മുതിർന്ന നേതാക്കളെ അടക്കം രംഗത്തിറക്കിയ ശക്തമായ പ്രചരണമാണ് ഇവിടെ നടക്കുന്നത്. ക്രൈസ്തവ ഭൂരിപക്ഷമുള്ള സംസ്ഥാനത്ത്, ഇതിലൂടെ സീറ്റുകളുടെ എണ്ണം ഉയർത്തുക മാത്രമല്ല ബിജെപി ലക്ഷ്യം വയ്ക്കുന്നത്. പാർട്ടിയിൽനിന്നു തന്നെ ഒരു മുഖ്യമന്ത്രി ആണ് ലക്ഷ്യം. അതിനാൽ തന്നെ സംസ്ഥാനത്തെ പ്രമുഖരെയെല്ലാം ബിജെപി മത്സരരംഗത്ത് ഇറക്കുന്നുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് ഏണസ്റ്റ് മാവ്രി, സംസ്ഥാന വൈസ് പ്രസിഡന്റ് ബെർണാഡ്.എൻ.മരക്ക്, പാർട്ടി വക്താവ് എം.എച്ച്. ഖാർക്രാങ് എന്നിവരെല്ലാം മത്സരിക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ളവർ മേഘാലയയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയിരുന്നു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ തന്റെ കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്രത്തിൽനിന്നുള്ള വികസന പദ്ധതികൾ മേഘാലയയിലേക്ക് എത്തുന്നില്ലെന്നുമാണ് തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു കൊണ്ട് അമിത് ഷാ പറഞ്ഞത്. ഇതിനിടെ സാങ്മയുടെ മണ്ഡലമായ ഗാരോ ഹിൽസ് സൗത്ത് തുറയിൽ പ്രധാനമന്ത്രി നടത്താനിരുന്ന റാലിക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചത് ബിജിപിക്ക് തിരിച്ചടിയായി. 

ഗാരോ ഹിൽസ് സൗത്ത് തുറയിലെ പിഎ.സാങ്മ സ്റ്റേഡിയത്തിൽ ബിജെപി തീരുമാനിച്ച റാലിക്ക് സംസ്ഥാന കായികവകുപ്പ് അനുമതി നിഷേധിക്കുകയും പിന്നീട് ഇത് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മറ്റൊരു വേദിയിലേക്ക് മാറ്റുകയുമായിരുന്നു. ബിജെപി അധികാരത്തിലെത്തിയാൽ ഈ സർക്കാരിന്റെ അഴിമതികളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ഏർപ്പെടുത്തുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണു സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്നു പറഞ്ഞ് തിരഞ്ഞെടുപ്പ് റാലിക്ക് അനുമതി നിഷേധിച്ചതും.

∙ എൻപിപി തന്നെ ശക്തി

മൂന്നിലൊന്നു ഭാഗം വനപ്രദേശമായ  മേഘാലയയിൽ  ഗോത്രവിഭാഗങ്ങളാണ് ജനസംഖ്യയിൽ മുന്നിൽ. കോൺറാഡ് സാങ്‌മയുടെ നേതൃത്വത്തിലുള്ള പ്രാദേശിക പാർട്ടി എൻപിപി തന്നെയാണ് ഇവിടെ ശക്തർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റു നേടിയ എൻപിപി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു ദേശീയ പാർട്ടി പദവി ലഭിക്കുന്ന ആദ്യ പാർട്ടിയാണ്.

കോൺറാഡ് സാങ്മ പ്രചാരണത്തിനിടെ.
കോൺറാഡ് സാങ്മ പ്രചാരണത്തിനിടെ.

അരുണാചൽപ്രദേശ്, മണിപ്പുർ, നാഗാലാൻഡ് സംസ്ഥാങ്ങളിലും സംസ്ഥാന പാർട്ടി പദവി എൻപിപിക്കുണ്ട്. കോൺഗ്രസിനെതിരെ തകർക്കാർ സഖ്യമുണ്ടാക്കിയ എൻപിപി പക്ഷേ ഇത്തവണ 60 സീറ്റിലും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. സാങ്‌മയുടെ നാടായ ഗാരോ കുന്നുകളിലാണ് പാർട്ടി ഏറ്റവും ശക്തം. അതുകൊണ്ടുതന്നെയാണ് ഗാരോയിൽ പ്രചാരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി എത്തിയതും. ഭരണത്തിൽ പങ്കാളിയായ ബിജെപിയുടെ സ്വതന്ത്ര പോരാട്ടത്തെ ഭയക്കുന്നുണ്ടെങ്കിലും രണ്ടു സീറ്റിൽ( 2013) നിന്ന് 20 സീറ്റിലേക്കുള്ള( 2018) വർധന എൻപിപിക്ക് ആത്മവിശ്വാസം കൂട്ടുന്നു. 

എന്നാൽ സാങ്മയ്ക്കും കുടുംബത്തിനുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ എൻപിപിക്ക് തിരിച്ചടിയാകുമോ എന്ന സംശയം പ്രവർത്തകർക്കിടയിൽ തന്നെ ഉയരുന്നുണ്ട്. മേഘാലയയുടെ വടക്കു കിഴക്കു ഭാഗത്ത്  അതിർത്തി പങ്കിടുന്ന അസമുമായുള്ള പ്രശ്നപരിഹാരത്തിനു സർക്കാരിന് കഴിയുന്നില്ല എന്ന ആക്ഷേപവും ഉയരുന്നു.  

∙ ശരിക്കും ജയിക്കാൻ തൃണമൂൽ, പ്രതാപം തിരിച്ചുപിടിക്കാൻ യുഡിപി

ബംഗാളിനു പുറത്തേക്ക് പാർട്ടിയെ വളർത്താൻ ശ്രമിക്കുന്ന മമതാ ബാനർജിക്കു മേഘാലയ വാനോളം പ്രതീക്ഷ നൽകുന്നുണ്ട്. ഒരു കാലത്ത് സംസ്ഥാന കോൺഗ്രസിന്റെ അവസാന വാക്കായിരുന്ന, രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്‍മയുടെ സാന്നിധ്യമാണ് ഈ പ്രതീക്ഷയ്ക്കു കാരണം.  കോൺഗ്രസിലെ പടലപിണക്കങ്ങൾ കാരണം 11 എംഎൽഎമാരുമായാണ് സാങ്‌മ തൃണമൂലിലേക്ക് ചേക്കേറിയത്.

മേഘാലയയിലെ രാജബാലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സ്വീകരിക്കുന്നു. (PTI Photo)
മേഘാലയയിലെ രാജബാലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സ്വീകരിക്കുന്നു. (PTI Photo)

ഷില്ലോങ് എംപിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ വിൻസന്റ് എച്ച്. പാലയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മുകുളിനെയും സംഘത്തെയും തൃണമൂലിൽ എത്തിച്ചത്. കോൺഗ്രസ് എംഎൽഎമാരെ തൃണമൂൽ വിലയ്ക്കു വാങ്ങുകയായിരുന്നെന്ന ആക്ഷേപവുമുണ്ട്. എന്തായാലും മുകുളിന്റെ പിന്തുണ പാർട്ടിക്ക് ശക്തി പകരുമെന്നു തന്നെയാണ് മമതയുടെ വിശ്വാസം. 24 നിയമസഭാ സീറ്റുള്ള ഗാരോ കുന്നുകൾ തന്നെയാണ് മുകുൾ സാങ്മയുടെയും തൃണമൂലിന്റെയും ശക്തികേന്ദ്രങ്ങൾ. മുകുളിന്റെ ഭാര്യ ഡിക്കാൻചി സാങ്മ, സഹോദരൻ സെനിത്ത് സാങ്മ, മകൾ മിയാനി ഷിറ എന്നിവർ എംഎൽഎമാരാണ്. സ്വതന്ത്രരായി മത്സരിച്ചു ജയിക്കാൻ കെൽപുള്ളവരാണ് മുകുളിന്റെ കുടുംബം. 

മുകുൾ സാങ്മ
മുകുൾ സാങ്മ

എൻപിപിക്കു പുറമേ മേഘാലയയിലെ മറ്റൊരു പ്രധാന പ്രാദേശിക പാർട്ടിയാണ് യുഡിപി. 36 നിയമസഭ മണ്ഡലങ്ങളുള്ള ഖാസി–ജയന്റിയ ഹിൽസിലെ നിർണായക ശക്തിയാണ് അവർ.സംസ്ഥാനം ആര് ഭരിക്കണമെന്നു പോലും തീരുമാനിക്കുന്നത് ഈ പ്രദേശത്തെ സീറ്റു നേട്ടം അനുസരിച്ചിരിക്കും.  1997 ൽ രൂപം കൊണ്ട പാർട്ടി 1998, 2008, 2018 വർഷങ്ങളിൽ സംസ്ഥാനത്തെ സഖ്യസർക്കാരിൽ പങ്കാളികളായിരുന്നു. 

2013ലെ തിരഞ്ഞെടുപ്പിൽ എട്ടു സീറ്റും 2018ൽ ആറു സീറ്റുമാണ് യുഡിപി സ്വന്തമാക്കിയത്. ഇത്തവണ കൂടുതൽ സീറ്റു നേടാൻ കഴിയുമെന്നാണ് യുഡിപിയുടെ പ്രതീക്ഷ. എൻപിപിക്കെതിരെ ശക്തമായ അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നതും ഭരണവിരുദ്ധ കാറ്റ് ആഞ്ഞടിക്കുന്നതും കോൺഗ്രസിന് പ്രത്യേക ചലനമൊന്നും സൃഷ്ടിക്കാൻ കഴിയാത്തതും യുഡിപിക്ക് പ്രതീക്ഷ നൽകുന്നു. ഒറ്റയ്ക്ക് ഭരണം പിടിക്കാമെന്ന വ്യാമോഹമൊന്നും യുഡിപിക്ക് ഇല്ല. സീറ്റെണ്ണം ഉയർത്തി സഖ്യസർക്കാരിൽ പങ്കാളികളാകാനാണ് താൽപര്യം. 31 സീറ്റു നേടി ഒരു പാർട്ടിയും മേഘാലയയിൽ ഒറ്റയ്ക്ക് ഭരണത്തിലേറില്ലെന്നാണ് യുഡിപി ചീഫ് മെത്ബ ലിങ്‌ഡോ പറഞ്ഞത്. 46 സീറ്റിൽ മത്സരിക്കുന്ന തന്റെ പാർട്ടിക്ക് 13 സീറ്റിൽ വിജയം നേടാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവയ്ക്കുന്നു. 

∙ ഇത്തവണയും സഖ്യമോ? 

ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വീണ്ടും സംസ്ഥാനത്തിന്റെ ഭരണതലപ്പത്ത് എത്താമെന്നാണ് മുഖ്യമന്ത്രി കോൺറാഡ് സാങ്‍മയും എൻപിപിയും ഉറച്ചു വിശ്വസിക്കുന്നത്. എൻപിപിയുടെ പഴയ സഖ്യകക്ഷിയും ഇന്നത്തെ പ്രധാന എതിരാളികളുമായി ബിജെപിയാകട്ടെ വടക്കുകിഴക്കൻ സംസ്ഥാനത്ത് വേരുകൾ പടർത്താനുള്ള ശ്രമത്തിലാണ്. 

നോർത്ത് ഗാരോ ഹിൽസിൽ പ്രചാരണം നടത്തുന്ന മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ.
നോർത്ത് ഗാരോ ഹിൽസിൽ പ്രചാരണം നടത്തുന്ന മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ.

മേഘാലയ ഭരിച്ചിരുന്ന കോൺഗ്രസാകട്ടെ  ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. 1970ൽ മേഘാലയ മുഖ്യമന്ത്രിയായി അധികാരത്തിലേറിയ വില്യംസൺ എ.സാങ്മ മുതൽ ഇപ്പോഴത്തെ മുഖ്യമന്ത്രി കോൺറാഡ് സാങ്മ വരെ മേഘാലയയ്ക്ക് ഇതുവരെ 12 മുഖ്യമന്ത്രിമാരാണ് ഉണ്ടായത്. ഇതിൽ ആറു പേരും കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ളവർ.

ഇതിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി കസേരയിലിരുന്ന (എട്ടു വർഷം) മുകുൾ സാങ്മയാകട്ടെ ഇപ്പോൾ തൃണമൂൽ കൂടാരത്തിലുമാണ്. ഗോത്രവിഭാഗ പാർട്ടികളും ബിജെപിയും തൃണമൂൽ കോൺഗ്രസും പരസ്പരം നേരിടുമ്പോൾ മേഘാലയയിൽ ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ല എന്നാണു വിദഗ്ധർ പറയുന്നത്. എന്നാൽ രാഷ്ട്രീയ നാടകങ്ങൾ ഒരുപാട് കണ്ട സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പ് എന്താണ് കാത്തുവച്ചിരിക്കുന്നതെന്ന് കാത്തിരുന്നു തന്നെ കാണണം. വടക്കു കിഴക്കിൽ ആധപത്യം ഉറപ്പിക്കാൻ പതിനെട്ട് അടവും പയറ്റി ബിജെപിയും, നഷ്ടപ്പെട്ടുപോയ പ്രതാപം തിരികെ പിടിക്കാൻ കോൺഗ്രസും, ബംഗാളിനു പുറത്തേക്ക് പാർട്ടിയെ വളർത്താൻ തൃണമൂലും, ഇവരെയെല്ലാം പ്രതിരോധിച്ച് കോട്ട കാക്കാൻ പ്രാദേശിക പാർട്ടികളും തുനിഞ്ഞിറങ്ങുമ്പോൾ മേഘാലയിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പ്.

English Summary: What past trends tell us about polls in Meghalaya? - Special Round Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com