ADVERTISEMENT

ന്യൂഡൽഹി ∙ അഴിമതി ആരോപണത്തിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു. മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് സിസോദിയയുടെ രാജി. കള്ളപ്പണക്കേസിലാണ് സത്യേന്ദ്ര ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അംഗീകരിച്ചു. ഡൽഹിയിൽ പുതിയ രണ്ട് മന്ത്രിമാരെ ഉടൻ നിയമിക്കുമെന്ന് എഎപി അറിയിച്ചു. 

സിബിഐ അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സിസോദിയയുടെ ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചിരുന്നു. ആദ്യം ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചു. സിസോദിയയുടെ ഹർജിയിൽ വാദം കേൾക്കുന്നത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന് കോടതി പറഞ്ഞു. കോടതി നിർദേശത്തെ തുടർന്ന് സിസോദിയ ഹർജി പിൻവലിച്ചു. പിന്നാലെയാണ് രാജിവച്ചത്.

മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐയുടെ എട്ടു മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിൽ ഞായറാഴ്ച രാത്രിയാണ് സിസോദിയ അറസ്റ്റിലായത്. ഡൽഹി റോസ് അവന്യു കോടതി അദ്ദേഹത്തെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു കസ്റ്റഡിയിൽ വിടണമെന്ന ആവശ്യം ജഡ്ജി എൻ.കെ.നാഗ്പാൽ അംഗീകരിക്കുകയായിരുന്നു.

കേജ്‌രിവാൾ മന്ത്രിസഭയിൽ 18 വകുപ്പുകളാണ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്. ആം ആദ്മി പാർട്ടിയിൽ രണ്ടാമനായിരുന്ന സിസോദിയയുടെ അറസ്റ്റ് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. മന്ത്രിസഭയുടെ പ്രതിഛായ തിരിച്ചുപിടിക്കാനാണു സിസോദിയയുടെ രാജിയെന്നാണ് എഎപി വൃത്തങ്ങൾ പറയുന്നത്.

English Summary: Manish Sisodia, Satyendar Jain Quit Delhi Cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com