ADVERTISEMENT

തിരുവനന്തപുരം ∙ ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽനിന്ന് 5 സീറ്റുകൾ പിടിച്ചെടുത്ത് യുഡിഎഫ്. എൻഡിഎയും ഒരു സീറ്റ് പിടിച്ചെടുത്തതോടെ എൽഡിഎഫിന് ആറു സീറ്റുകൾ നഷ്ടമായി. 13 സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്.

കൊല്ലം കോർപറേഷൻ, ബത്തേരി നഗരസഭ വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂർ, തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കൊല്ലം കോർപറേഷനിലെ മീനത്തുചേരി വാർഡുകളിലും രണ്ട് നഗരസഭ, 23 പഞ്ചായത്ത് വാർഡുകളിലും ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

∙ തിരുവനന്തപുരം

കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു. യുഡിഎഫ് ഭരിച്ചിരുന്ന സീറ്റിൽ സിപിഎം സ്ഥാനാർഥി ബീന രാജീവ് ആണ് വിജയിച്ചത്.

∙ കൊല്ലം

കൊല്ലം കോർപറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി വിജയം. 632 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് പിടിച്ചെടുത്തു. എൽഡിഎഫ് അഗം രാജു നീലകണ്ഠൻ മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ 241 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഇടമുളയ്ക്കൽ പഞ്ചായത്തിലെ നാലാം വാർഡിൽ 262 വോട്ടിന്റെ ഭൂരിപക്ഷത്തിലും എൽഡിഎഫ് സീറ്റ് നിലനിർത്തി.

∙ ആലപ്പുഴ

തണ്ണീർമുക്കം പഞ്ചായത്തിൽ ബിജെപിയും എടത്വയിൽ എൽഡിഎഫും സീറ്റ് നിലനിർത്തി. തണ്ണീർമുക്കത്ത് ബിജെപി ഭൂരിപക്ഷം 83, എടത്വയിൽ എൽഡിഎഫ് ഭൂരിപക്ഷം 71.

∙ കോട്ടയം

കടപ്ലാമറ്റം വയലാ ടൗൺ വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി ബെന്നി ചേരവേലിയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷിബു പോതംമാക്കിലാണ് 282 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത്. വയലാ വാർഡിലെ അംഗം ജോയി കല്ലുപുര കേരള കോൺഗ്രസ് (എം) പ്രാദേശിക നേതൃയോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

∙ പത്തനംതിട്ട

കല്ലൂപ്പാറ 7–ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി രാമചന്ദ്രൻ വിജയിച്ചു. എൽഡിഎഫ് സീറ്റ് ബിജെപി പിടിച്ചു. എൻഡിഎ 454, എൽഡിഎഫ് 361, യുഡിഎഫ് 155. ഭൂരിപക്ഷം 93. ഭരണമാറ്റമില്ല. കക്ഷിനില– യുഡിഎഫ് 7, എൽഡിഎഫ് 5, എൻഡിഎ 2

∙ എറണാകുളം

കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎം സ്ഥാനാർഥി സാബു മാധവൻ 43 വോട്ടിന് ജയിച്ചു.

∙ തൃശൂർ

കടങ്ങോട് പഞ്ചായത്ത് 14–ാം വാർ‌ഡ് ചിറ്റിലങ്ങാട് നടന്ന ഉപതിരഞ്ഞെടുപ്പിൽ 234 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർഥി എം.കെ.ശശിധരൻ സീറ്റ് നിലനിർത്തി.

∙ പാലക്കാട്

ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് ജില്ലാപഞ്ചായത്ത് ആലത്തൂർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിപിഐയിലെ പി.എം.അലിയാണ് വിജയിച്ചത്.

കടമ്പഴിപ്പുറം പതിനേഴാം വാർഡ് 51 വേ‍‍ാട്ടിനും വെള്ളിനേഴി പഞ്ചായത്ത് ഒന്നാംവാർഡ് 392 വേ‍ാട്ട് ഭൂരിപക്ഷത്തിലും എൽഡിഎഫ് നിലനിർത്തിയപ്പേ‍ാൾ, തൃത്താല പഞ്ചായത്ത് നാലാംവാർഡ് എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു–ഭൂരിപക്ഷം 256. ആനക്കര പഞ്ചായത്ത് 17ാം വാർഡ് 234 വേ‍ാട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് നിലനിർത്തി.

∙ വയനാട്

ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ.എസ്.പ്രമോദ് വിജയിച്ചു. എല്‍ഡിഎഫിലെ പി.കെ.ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധിയായി വിജയിച്ച പ്രമോദ്, അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പാർട്ടി വിട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. പ്രമോദിന് യുഡിഎഫ് ടിക്കറ്റ് നൽകുകയും ചെയ്തു.

∙ മലപ്പുറം

മലപ്പുറം കരുളായി ചക്കിട്ടാമല വാർഡ് യുഡിഎഫ് നിലനിർത്തി. 68 വോട്ടിന് ലീഗ് സ്ഥാനാർഥി ജയിച്ചു

∙ കോഴിക്കോട്

ചെറുവണ്ണൂർ പഞ്ചായത്തിലെ 15–ാം വാർഡ് യുഡിഎഎഫ് പിടിച്ചെടുത്തു. മുസ്‌ലിം ലീഗിലെ പി.മുംതാസ് ആണു വിജയിച്ചത് (ഭൂരിപക്ഷം–168). പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ ഇ.പി.രാധ മരിച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. 15 അംഗ ഭരണസമിതിയിൽ എൽഡിഎഫ്–8, യുഡിഎഫ് 7 എന്നതായിരുന്നു 2020 ലെ തദ്ദേശ തിര‍ഞ്ഞെടുപ്പിലെ കക്ഷിനില.

എൽഡിഎഫിലെ ധാരണ പ്രകാരം സിപിഐയിലെ ഇ.പി.രാധ പ്രസിഡന്റായി. 2022ഒക്ടോബർ 7ന് പ്രസിഡന്റ് മരിച്ചതോടെ ഇരുമുന്നണികൾക്കും 7 അംഗങ്ങൾ വീതമായി. ഒക്ടോബർ 29ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിലെ എൻ.ടി.ഷിജിത്ത് പ്രസിഡന്റായി. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനത്തു തുടരാം.

∙ കണ്ണൂർ

ജില്ലയിൽ 3 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റുകൾ നിലനിർത്തി. ശ്രീകണ്ഠപുരം നഗരസഭ കോട്ടൂർ വാർഡിൽ കെ.സി.അജിത (സിപിഎം) 189 വോട്ടുകൾക്കു ജയിച്ചു. പേരാവൂർ പഞ്ചായത്ത് മേൽമുരിങ്ങോടി വാർഡിൽ ടി.രഗിലാഷ് (സിപിഎം) 146 വോട്ടുകൾക്കും മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് വാർഡിൽ ഇ.പി.രാജൻ (സിപിഎം) 301 വോട്ടുകൾക്കും ജയിച്ചു.

3 സ്ഥലങ്ങളിലും എൽഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞു. കോട്ടൂരിൽ എൽഡിഎഫ് ഭൂരിപക്ഷം 254ൽ നിന്ന് 189 ആയും മേൽമുരിങ്ങോടിയിൽ 280ൽ നിന്ന് 146 ആയും വള്ളിയോട്ട് 326ൽ നിന്ന് 301 ആയും കുറഞ്ഞു.

English Summary: Local Self Governing Bodies Bypoll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com