ADVERTISEMENT

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല, തിരഞ്ഞെടുപ്പിൽ മേഘാലയയിൽ ദേശീയ പാർട്ടികൾ പടിക്കു പുറത്തു തന്നെ. വിവാദങ്ങൾ ഏറെ ഉയർന്നിട്ടും, നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും അമിത് ഷായും മമതാ ബാനർജിയും മാറി മാറി പ്രചാരണത്തിന് എത്തിയിട്ടും മേഘാലയയിലെ ജനം കോൺറാഡ് സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടിക്ക് (എൻപിപി) ഒപ്പം തന്നെ നിന്നു. തുടർഭരണം ലക്ഷ്യമിട്ടു പോരാട്ടത്തിനിറങ്ങിയ സാങ്മയ്ക്കും എൻപിപിക്കും യാതൊരു പതർച്ചയും ഉണ്ടായില്ല. പതിവു പോലെ സഖ്യസർക്കാരാകും മേഘാലയയെ നയിക്കുകയെന്നു രാഷ്ട്രീയ നിരീക്ഷകർ ഉറപ്പിച്ചു പറഞ്ഞപ്പോഴും, സഖ്യമായാലും ഒറ്റയ്ക്കായാലും ഞങ്ങൾ തന്നയാകും അതിന്റെ തലപ്പത്തെന്ന് എൻപിപി ഉറപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് നടന്ന 59 സീറ്റിൽ 25 സീറ്റിൽ മുന്നേറിയാണ് എൻപിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നത്. കഴിഞ്ഞ തവണ 21 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് നിലവിൽ അഞ്ചു സീറ്റിൽ മാത്രമാണ് മുന്നിൽ. രണ്ടു സീറ്റുമായി 2018ൽ ഭരണത്തിൽ പങ്കാളികളായ ബിജെപി മൂന്നു സീറ്റിലും തിരഞ്ഞെടുപ്പിൽ സീറ്റൊന്നും ലഭിക്കാതെ, മറുകണ്ടം ചാടിയെത്തിയ കോൺഗ്രസ് എംഎൽ‌എമാരുടെ ബലത്തിൽ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് അഞ്ചു സീറ്റിലുമാണ് മുന്നേറിയത്. സർക്കാരുണ്ടാക്കാൻ 31 സീറ്റിന്റെ ഭൂരിപക്ഷമാണ് ഒരു പാർട്ടിക്ക് വേണ്ടത്. 77.5 ശതമാനമായിരുന്നു പോളിങ്.

എക്സിറ്റ് പോൾ ശരിവച്ച് മുന്നേറ്റം

മേഘാലയയിൽ ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നും ഭരണത്തിനു നേതൃത്വം നൽകുന്ന എൻപിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നുമായിരുന്നു എക്സിറ്റ് പോൾ പ്രവചനം. 21 മുതൽ 26 വരെ സീറ്റു നേടുമെന്ന് സീ ന്യൂസ് പ്രവചിച്ചപ്പോൾ 18 മുതൽ 26 വരെ സീറ്റു നേടുമെന്നാണ് ടൈംസ് നൗ പ്രവചിച്ചത്. ബിജെപി ആറു മുതൽ 11 വരെ സീറ്റു നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. 2018ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും ലഭിക്കാത്ത തൃണമൂൽ കോൺഗ്രസിനു പരമാവധി 14 സീറ്റ് വരെ കിട്ടിയേക്കുമെന്നും എക്സിറ്റ് പോളുകൾ പറഞ്ഞിരുന്നു. രണ്ടു മുതൽ നാലു വരെ സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ മേഘാലയയിലെ പ്രബല പാർട്ടിയായിരുന്ന കോൺഗ്രസിന് എക്സിറ്റ് പോളുകൾ പ്രവചിച്ചത്.

2018 ആവർത്തിക്കുമോ?

1972 ലെ ആദ്യ തിരഞ്ഞെടുപ്പിൽ ഓൾ പാർട്ടി ഹിൽസ് ലീഡേഴ്സ് (എപിഎച്ച്എൽ) പാർട്ടിയെ ഒറ്റയ്ക്ക് അധികാരത്തിലേറ്റിയ സംസ്ഥാനം പിന്നീടിതു വരെ കണ്ടത് സഖ്യ സർക്കാരുകളെയാണ്. 2018 ൽ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോൺഗ്രസ് ആയിരുന്നെങ്കിലും ഇരുപത് സീറ്റു നേടിയ എൻപിപി, ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളുമായി ചേർന്ന് അധികാരം പിടിക്കുകയായിരുന്നു. 2008 മുതൽ തുടർച്ചയായ മൂന്നു തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന കോൺഗ്രസിനാണ് 2018ൽ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. കഴിഞ്ഞ തവണ ഒരു സീറ്റുപോലും നേടിയില്ലെങ്കിലും, മേഘാലയയുടെ മുൻ മുഖ്യമന്ത്രി കോൺഗ്രസ് നേതാവ് മുകുൾ സാങ്മ ഉൾപ്പെടെയുള്ളവർ പാർ‌ട്ടി മാറിയെത്തിയതോടെ തൃണമൂൽ പ്രതിപക്ഷവുമായി.

മത്സരം ഒറ്റയ്ക്കൊറ്റയ്ക്ക്

ബിജെപിയും കോൺഗ്രസും അറുപതു സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയിരുന്നു. എൻപിപിയുടെ സഖ്യകക്ഷിയായിരുന്ന ബിജെപി തിരഞ്ഞെടുപ്പിനു മുൻപ് സഖ്യം വിട്ട് ഒറ്റയ്ക്കാണ് മത്സരിച്ചത്. എൻപിപിയും പ്രതിപക്ഷമായ തൃണമൂലും 58 മണ്ഡലത്തിലാണ് ജനവിധി തേടിയത്. ഇതിനു പുറമേ മേഘാലയയിലെ മറ്റൊരു ഗോത്രവർഗ പാർട്ടിയായ യുഡിപിയും എൻസിപി, പിഡിഎഫ് തുടങ്ങിയ പാർട്ടികളും മത്സരരംഗത്തുണ്ടായിരുന്നു. ആകെ 375 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഫെബ്രുവരി 20 ന് മുൻ ആഭ്യന്തര മന്ത്രിയും യുഡിപി സ്ഥാനാർഥിയുമായ എച്ച്.ഡി.ആർ. ലിങ്ദോ അന്തരിച്ചതിനാൽ തിരഞ്ഞെടുപ്പു മാറ്റി വച്ച സോഹിയോങ് നിയമസഭാമണ്ഡലം ഒഴികെ 59 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതിനു പിന്നാലെ ബിജെപിയുമായി സഖ്യം തുടരുമെന്ന സൂചനയാണ് കോൺറാഡ് സാങ്മ നൽകിയത്.

വീണ്ടും അടിതെറ്റി കോൺഗ്രസ്

2018 ലാകട്ടെ, മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 180 സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശ്വാസമായത് മേഘാലയയിലെ 21 സീറ്റാണ്. മറ്റു രണ്ടിടത്തും പാർട്ടി ‘സംപൂജ്യ’മായിരുന്നു. മറ്റു രണ്ടിടത്തും ജനവിധി എതിരായപ്പോൾ മേഘാലയയിൽ പ്രതിപക്ഷത്തിരിക്കാൻ പോലും കഴിയാത്ത ദുർവിധിയാണ് കോൺഗ്രസിനുണ്ടായത്. 21 സീറ്റു നേടിയെങ്കിലും പാർട്ടിക്കു സർക്കാരുണ്ടാക്കാനായില്ല. 20 സീറ്റു നേടിയ എൻപിപി, ബിജെപി ഉൾപ്പടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് 34 സീറ്റുമായി അധികാരം നേടി. ഇത്തവണ കോൺഗ്രസിനു തുടക്കത്തിൽത്തന്നെ പാളി. രാഹുൽ ഗാന്ധിയൊഴികെ മറ്റു പ്രധാന നേതാക്കളൊന്നും പ്രചാരണത്തിന് മേഘാലയയിൽ എത്തിയില്ല. ഹിമാചൽ തിരിച്ചുപിടിച്ച ആവേശം മേഘാലയയിൽ കാണിക്കാൻ കോൺഗ്രസ് കൂട്ടാക്കാതിരുന്നതോടെ ജനങ്ങളും അവരെ കൈവിട്ടു. ഇതോടെ ഒറ്റയക്ക സീറ്റിൽ ഒതുങ്ങേണ്ട അവസ്ഥിയിലുമായി. കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്മ ഉൾപ്പെടെ പ്രമുഖ നേതാക്കൾ തൃണമൂലിലേക്ക് ചേക്കേറിയതോടെ വൻ തിരിച്ചടിയാണു കോൺഗ്രസിനുണ്ടായതെന്നും പറയാം.

English Summary: Meghalaya Assembly Election Results 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com