ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസുകാർ മദ്യവും ഖാദിയും ഉപേക്ഷിച്ചതുപോലെ എംഎൽഎമാരുടെ അഭ്യർഥന മാനിച്ച് വ്യഭിചാരം കൂടി ഉപേക്ഷിക്കണമെന്ന വിവാദ പരാമർശവുമായി വി.ജോയ് എംഎൽഎ. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് എംഎൽഎ ഹോസ്റ്റലിലും മസ്ക്കറ്റ് ഹോട്ടലിലും ഗെസ്റ്റ് ഹൗസുകളിലും മറ്റ് മുന്തിയ ഹോട്ടലുകളിലും വളകിലുക്കമായിരുന്നുവെന്നും ജോയ് പരിഹസിച്ചു. ഈ വളകിലുക്കം നടത്തിയവരാണ് ഇപ്പോൾ ചില വാട്സാപ്പ് ചാറ്റുകളുടെ പേരിൽ വിമർശനവുമായി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് സിപിഎം അംഗവും വർക്കല എംഎൽഎയുമായ വി.ജോയ് വിവാദ പരാമർശം നടത്തിയത്. അപകീർത്തികരമായ പരാമർശം സഭാരേഖകളിൽനിന്ന് നീക്കണമെന്ന് കോൺഗ്രസ് അംഗം പി.സി.വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

‘‘ഇപ്പോൾ കോൺഗ്രസ് എന്തു കോൺഗ്രസാണ്? കഴിഞ്ഞ ദിവസം വി.എം.സുധീരൻ നടത്തിയ തുറന്നുപറച്ചിൽ എന്താണ്? മദ്യപിക്കുന്നവർക്ക് കോൺഗ്രസിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നു. ഖാദി നിർബന്ധമാക്കിയില്ല. ഇതിൽ അദ്ദേഹത്തിനുണ്ടായ മനഃപ്രയാസം പത്രമാധ്യമങ്ങളിൽ പങ്കുവച്ചു കണ്ടു. മദ്യം നിങ്ങൾ ഉപേക്ഷിക്കും, ഖാദി നിങ്ങൾ ഉപേക്ഷിക്കും. യാതൊരു സംശയവുമില്ല. ഇനി കേരളത്തിലെ എംഎൽഎമാരുടെ അഭിപ്രായം മാനിച്ച് വ്യഭിചാരം കൂടി നിങ്ങൾ ഒഴിവാക്കിയാൽ വളരെ നന്നായിരിക്കുമെന്നുള്ള അഭിപ്രായമാണ് എനിക്ക് അതുമായി ബന്ധപ്പെട്ടുള്ളത്’ – ഇതായിരുന്നു ജോയിയുടെ പരാമർശം.

ഇതോടെ കോൺഗ്രസ് അംഗം പി.സി.വിഷ്ണുനാഥ് പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചു. 307 പ്രകാരം അപകീർത്തകരമായ ഈ പരാമർശം രേഖയിൽനിന്ന് നീക്കം ചെയ്യണമെന്നായിരുന്നു വിഷ്ണുനാഥിന്റെ ആവശ്യം. രാജ്യസ്വാതന്ത്ര്യത്തിനായി പോരാടി അതു നേടിയെടുത്ത പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് ചൂണ്ടിക്കാട്ടിയ വിഷ്ണുനാഥ്, അതിന്റെ പ്ലീനറി സമ്മേളനത്തിൽ മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾക്ക് വിലക്ക് ഏർപ്പെടുത്തുകയാണ് ചെയ്തതെന്നും വാദിച്ചു. ഇക്കാര്യം വി.എം.സുധീരനെക്കൂടി ബോധ്യപ്പെടുത്തണമെന്നായിരുന്നു ജോയിയുടെ തിരിച്ചടി. മാത്രമല്ല, ചില നേതാക്കൾ പീഡനക്കേസിൽ പ്രതികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

‘‘ഞങ്ങൾ ഗൃഹസന്ദർശനം നടത്തുമ്പോൾ രാത്രിയിൽ മൊബൈൽ ഫോണുമായിട്ടാണ് പോകുന്നതെന്ന് ഒരു എംഎൽഎ ഇവിടെ പറഞ്ഞു. ഞങ്ങൾ രാത്രിയിൽ മൊബൈൽ ഫോണുമായി വീടുകളിൽ പോകാറില്ല. പകൽ സമയത്ത് ആളുകൾ കാൺകെ അവരെ കൂട്ടിയാണ് പോകാറുള്ളത്. രാത്രി പോകുന്നവർ വേറെയുണ്ടായിരിക്കും. എന്നെക്കൊണ്ട് കഥ പറയിക്കരുത്.

തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റൽ, മസ്ക്കറ്റ് ഹോട്ടൽ, ഗെസ്റ്റ് ഹൗസുകൾ, മുന്തിയ ഹോട്ടലുകൾ അവിടെയൊക്കെ എന്താണ് നടന്നത്? ഇവിടെ വാട്സാപ്പ് സന്ദേശത്തിന്റെ കാര്യം പറഞ്ഞല്ലോ. അവിടെയെല്ലാം നടന്നത് എന്തായിരുന്നു? അവിടെ രാത്രിയും പകലും വളകിലുക്കമായിരുന്നു. ആ വളകിലുക്കം നടത്തിയ ആളുകളാണ് വാട്സാപ് സന്ദേശത്തിന്റെ കാര്യം പറയുന്നത്. എന്തു മാനമാണ് അവർക്കുള്ളത്? എല്ലാ മോശത്തരങ്ങളുടെയും എല്ലാ അഴിമതികളുടെയും കറ നിങ്ങളുടെ പേരിലാണ്’’ – ജോയ് പറഞ്ഞു.

English Summary: V Joy MLA Takes A Dig At Congress At Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com