ADVERTISEMENT

ഒരു പതിറ്റാണ്ട് മുമ്പുവരെ വെറും ഒരു ശതമാനം മാത്രമായിരുന്ന വോട്ടു വിഹിതം ഒരിക്കൽക്കൂടി പതിൻമടങ്ങാക്കി നിലനിർത്തിയാണ് ബിജെപി ത്രിപുരയിൽ തുടർ ഭരണം ഉറപ്പാക്കിയത്. ഇടതു മുന്നണി - കോൺഗ്രസ് സഖ്യവും പുതു ശക്തിയായി ഉയർന്ന തിപ്ര മോത്തയും ഉയർത്തിയ ശക്തമായ വെല്ലുവിളിയെയും അതിജീവിച്ചു ഭരണം നിലനിർത്താനായത് ബിജെപിക്കു വലിയ നേട്ടമായി. നാഗാലാൻഡിലും മേഘാലയയിലും ശക്തമായ സാന്നിധ്യമായി മാറിയ ബിജെപിക്കു ത്രിപുരയിൽ അഭിമാന പോരാട്ടമായിരുന്നു. 2018ൽ നേടിയ അദ്ഭുത വിജയം അതിനൊപ്പം ആവർത്തിക്കാനായില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ ഭരണം നിർത്താനായത് നേട്ടമായി.

2008ൽ വെറും 1.49 ശതമാനവും 2013ൽ 1.54 ശതമാനവും മാത്രം വോട്ടുണ്ടായിരുന്ന ബിജെപിയാണ് 2018ൽ സ്വന്തമായി 43.59 ശതമാനവും സഖ്യകക്ഷിയുടെ 7.38 ശതമാനവുമായി 50% വോട്ടു നേടി സിപിഎമ്മിനെ ഭരണത്തിൽനിന്ന് തൂത്തെറിഞ്ഞത്.

ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണത്തെ അതിജീവിച്ചാണ് ഇത്തവണ ഭരണം നിലനിർത്തിയതെങ്കിലും മുന്നണിക്കു വോട്ടു ശതമാനത്തിൽ 10 ശതമാനത്തോളം ഇടിവുണ്ടായി. ബിജെപിയുടെ അംഗസംഖ്യ കഴിഞ്ഞ സഭയിലെ 36ൽനിന്ന് 32 ആയി കുറഞ്ഞപ്പോൾ സഖ്യകക്ഷിയായ ഐപിടിഎഫിന്റെ എണ്ണം എട്ടിൽനിന്ന് ഒന്നായി ചുരുങ്ങി. എന്നാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷവും വലിയ വോട്ട് ചോർച്ച ബിജെപിക്ക് ഉണ്ടായിട്ടില്ലെന്നാണു ഫലം നൽകുന്ന സൂചന.

ബിജെപിയുടെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ. വടക്കൻ ത്രിപുരയിലെ ധർമനഗറിൽനിന്നുള്ള കാഴ്ച (PTI Photo)
ബിജെപിയുടെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ. വടക്കൻ ത്രിപുരയിലെ ധർമനഗറിൽനിന്നുള്ള കാഴ്ച (PTI Photo)

ഗോത്ര മേഖലയിൽ നിർണായക സ്വാധീനമുള്ള രാജകുടുംബാംഗം മാണിക്യ ദേബ് നേതൃത്വം നൽകുന്ന തിപ്ര മോത്തയുടെ മുന്നേറ്റം ഗോത്ര മേഖലകളിൽ മറ്റു പാർട്ടികളെ വല്ലാതെ തളച്ചു. എന്നാൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും കഴിഞ്ഞ തവണ 16ൽ വിജയിച്ച സിപിഎം 11ൽ ഒതുങ്ങി. കഴിഞ്ഞ തവണ വെറും 1.86 ശതമാനം മാത്രം വോട്ടു കിട്ടിയ കോൺഗ്രസിന് ഇടതു സഖ്യത്തിൽ 3 സീറ്റിൽ ജയിക്കാനായി.

ബിജെപി സഖ്യകക്ഷിയായി മാറിയ ഐപിഎഫ്ടിക്കു സ്വാധീനമുണ്ടായിരുന്ന ഗോത്ര മേഖലകളിൽ, പുതുതായി രൂപം കൊണ്ട തിപ്രമോത്ത വലിയ സ്വാധീന ശക്തിയായി മാറിയതാണു ബിജെപിക്കും ഇടതുപക്ഷത്തിനും ഒരു പോലെ തിരിച്ചടിയായത്. 42 സീറ്റിൽ മത്സരിച്ച തിപ്ര അധികാരം നേടുമെന്നു പ്രഖ്യാപിച്ചാണ് പോരാട്ടത്തിറങ്ങിയത്. സംസ്ഥാനത്തെ 60ൽ 20 സീറ്റ് പട്ടികവർഗ സംവരണമുള്ള ത്രിപുരയിൽ 13 സീറ്റുകളിലും അവർ വിജയക്കൊടിനാട്ടി മുഖ്യപ്രതിപക്ഷമായി.

കഴിഞ്ഞ തവണ ഐപിഎഫ്ടി വിജയിച്ച എട്ടു സീറ്റിലും തകർപ്പൻ വിജയം നേടിയ തിപ്രമോത്ത, ബിജെപിയിൽനിന്ന് അഞ്ചും സീറ്റും പിടിച്ചെടുത്തു. ശേഷിച്ച ഏഴിൽ ആറിടത്ത് ബിജെപി വിജയം ആവർത്തിച്ചപ്പോൾ, ഒരു സീറ്റ് സിപിഎമ്മിൽനിന്ന് പിടിച്ചതാണ് ഐപിഎഫ്ടിയുടെ ഏകവിജയം.

ബിജെപിയുടെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ. വടക്കൻ ത്രിപുരയിലെ ധർമനഗറിൽനിന്നുള്ള കാഴ്ച (PTI Photo)
ബിജെപിയുടെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ. വടക്കൻ ത്രിപുരയിലെ ധർമനഗറിൽനിന്നുള്ള കാഴ്ച (PTI Photo)

11 സീറ്റിൽ വിജയിച്ചെങ്കിലും ആദിവാസി മേഖലയിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ ഇത്തവണ സിപിഎമ്മിന് കഴിഞ്ഞില്ല. എന്നാൽ 10 പട്ടികജാതി സംവരണ സീറ്റിൽ മൂന്നിടത്ത് സി പിഎം വിജയം കണ്ടു. മൂന്നും ബിജെപിയിൽനിന്ന് പിടിച്ചപ്പോൾ കഴിഞ്ഞ തവണ അവർ വിജയിച്ച രണ്ട് സീറ്റുകളിൽ ഇത്തവണ ബിജെപിയാണ് വിജയിച്ചത്. കഴിഞ്ഞ തവണ വിജയിച്ച മറ്റ് 5 പട്ടികജാതി സംവരണ സീറ്റുകൾ ബിജെപി നിലനിർത്തി.

അതേസമയം, സിപിഎം സംസ്ഥാന സെകട്ടറിയും ഗോത്ര വിഭാഗത്തിൽനിന്നുള്ള പ്രമുഖനുമായ ജിതേന്ദ്ര ചൗധരിയെ സംവരണമില്ലാത്ത സംബ്രും ജനറൽ സീറ്റിൽ വിജയിപ്പിക്കാനായത് സിപിഎമ്മിന്റെ നേട്ടമായി. സിപിഎമ്മിന്റെ മുഖ്യമന്ത്രി മുഖം എന്നു വിശേഷിപ്പിച്ചിട്ടും 396 വോട്ടിനു മാത്രമാണു ചൗധരിക്ക് വിജയിക്കാനായത്.

മുൻ മുഖ്യമന്ത്രി മണിക് സർക്കാർ തുടർച്ചയായി വിജയിച്ചു വന്ന ധൻപൂർ സീറ്റ് കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനെ ഇറക്കി ബിജെപി പിടിച്ചപ്പോൾ, ബിജെപിയുടെ സംസ്ഥാനത്തെ പ്രഥമ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് കഴിഞ്ഞ തവണ വിജയിച്ച ബൻമാലിപുരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രഞ്ജിബ്‌ ഭട്ടാചാര്യ കോൺഗ്രസിലെ ഗോപാൽ റായിയോടു തോറ്റത് നാണക്കേടായി. അധികാരം നേടിയെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷൻ തോറ്റത് പാർട്ടിക്കു ക്ഷീണമായി.

സംസ്ഥാനത്ത് കോൺഗ്രസ് മത്സരിച്ച 13 സീറ്റും ബിജെപിയുമായി നേർക്കുനേർ പോരാട്ടം ആയിരുന്നു. അഗർത്തലയിൽ ആറാം തവണയും വിജയിച്ച സുദീപ് ബർമനാ‌ണ് കോൺഗ്രസിന്റെ താരം. കഴിഞ്ഞ തവണ ബിജെപിയിൽ ചേർന്ന് മത്സരിച്ച ബർമൻ, പിന്നീടു രാജിവച്ച് കോൺഗ്രസിലേക്കു മടങ്ങി. പിന്നീട് ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് കോൺഗ്രസിന് നിയമസഭാ പ്രതിനിധ്യം നൽകി. ബിപ്ലബ് ദേവിനെ മാറ്റിയപ്പോൾ മുഖ്യമന്ത്രി പദം പ്രതീക്ഷിച്ച ബർമനു പകരം മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയതോയാണ് ബർമൻ ബിജെപി വിട്ടത്.

തുടർ ഭരണം നേടിയതോടെ ബിജെപിയിൽ 2016ൽ മാത്രം ചേർന്ന സാഹ കൂടുതൽ കരുത്തനാകുകയാണ്. സംസ്ഥാന അധ്യക്ഷന്റെ തോൽവി തന്റെ തട്ടകത്തിൽ ബിപ്ലവിനു പുതിയ വെല്ലുവിളിയാവുകയും ചെയ്യും. കൈലാസ് നഗറിൽ പിസിസി അധ്യക്ഷൻ ബിരജിത്ത് സിൻഹയാണ് കോൺഗ്രസിന്റെ മൂന്നാമത്തെ വിജയി. സിപിഎം വിട്ട് ബിജെപി സ്ഥാനാർഥിയായ മൊബഷീർ അലിയാണ് സിൻഹയോടു തോറ്റത്. കഴിഞ്ഞ തവണ ചാരിലാമിൽ 25,000 വോട്ടിന് വിജയിച്ച ഉപമുഖ്യമന്ത്രി ജിഷ്ണു ദേബർമൻ ഇത്തവണ 856 വോട്ടിന് തിപ്രയോടു തോറ്റത് ബിജെപിക്ക് ആഘാതമായി.

13 സീറ്റിൽ വിജയിച്ച തിപ്ര മോത്ത ആറിടത്ത് രണ്ടാം സ്ഥാനത്തുണ്ട്. 32ൽ വിജയിച്ച ബിജെപി 21ൽ രണ്ടാമതെത്തി. സിപിഎമ്മും 21ൽ രണ്ടാം സ്ഥാനത്തുണ്ട്.. കോൺഗ്രസ് മുന്നിടത്തു മാത്രമാണ് രണ്ടാം സ്ഥാനം നേടിയത്.

സിപിഎമ്മിന്റെ കാൽ നൂറ്റാണ്ട് കാലത്തെ ഭരണത്തിനെതിരായ വികാരവും ഒരുപാടു കാലം കോൺഗ്രസിനൊപ്പം നിന്നവരും ബിജെപിക്ക് അനുകൂലമായി ഒന്നിച്ചപ്പോഴുണ്ടായ കുത്തൊഴുക്കാണ് 2018ൽ ബിജെപിയെ അധികാരത്തിലെത്തിച്ചത്. 43.59% വോട്ട് ഒറ്റയ്ക്കും 7.38% സഖ്യകക്ഷിക്കുമായി 50% കിട്ടി. സിപിഎം 42.22%, കോൺഗ്രസിന് 1.79% ആയിരുന്നു വോട്ടു നില. കഴിഞ്ഞ തവണ ബിജെപി ഒറ്റയ്ക്ക് 102,573 വോട്ട് നേടിയപ്പോൾ സിപിഎമ്മിന് 9,95,000 വോട്ട് കിട്ടി. 2008ൽ 48.01 ശതമാനവും 2013ൽ 48.11 ശതമാനവുമുണ്ടായ വോട്ടാണ് ഇത്തവണ 24.6 ശതമാനമായി കുറഞ്ഞത്. കോൺഗ്രസ് 2008ൽ നേടിയ 36.38ഉം 2013ൽ നേടിയ 36.53 ശതമാനവും നല്ല തോതിൽ തുടർച്ചയായി ബിജെപിയിലേക്ക് മാറ്റിയതും മോദി സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനായതും ബിജെപിക്ക് ഇത്തവണയും നേട്ടമായതെന്നാണ് ഫലം നൽകുന്ന സൂചന. ഇടതുഭരണം വന്നാൽ വീണ്ടും അക്രമ വാഴ്ച എന്നതായിരുന്നു ബിജെപി ഉയർത്തിയ മറ്റൊരു മുദ്രാവാക്യം.

അവസാനം വരെ മാറി മറിഞ്ഞ തിരഞ്ഞെടുപ്പു ഫലത്തിൽ മൂന്നിടത്ത് ബിജെപിയും മൂന്നിടത്ത് സിപിഎമ്മും അഞ്ഞൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കണ്ടത്. തിപ്രമോത്തയുമായി രണ്ട് മുന്നണികളും സഖ്യശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒരു പക്ഷേ തിപ്രയുമായി സഖ്യമുണ്ടായെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു എന്നാണു വോട്ടു നില നൽകുന്ന സൂചന. ഒട്ടേറെ മണ്ഡലങ്ങളിൽ മുന്നണികളുടെ ഭൂരിപക്ഷത്തെക്കാൾ വോട്ട് തിപ്ര നേടി.

4 ശതമാനം വോട്ട് കുറഞ്ഞെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ 40,000 വോട്ടു മാത്രമാണ് ബിജെപിക്ക് ഇത്തവണ കുറഞ്ഞത്. 985,795 വോട്ട് നേടിയപ്പോൾ, സിപിഎം വോട്ട് 622,899 ആയി കുത്തനെ കുറഞ്ഞു. കോൺഗ്രസിനു കിട്ടിയത് 216,637 വോട്ടാണ്. ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ട് നിലനിർത്താനും കഴിഞ്ഞു. തിപ്രമോത്ത ഉയർത്തിയ വെല്ലുവിളി എല്ലാ പാർട്ടികളുടെയും പ്രതീക്ഷകളെയും അട്ടിമറിച്ചതാണ് ത്രിപുരയിലെ ഫലം വ്യക്തമാക്കുന്നത്,

English Summary: Tripura Assembly Election Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com