ADVERTISEMENT

അഗർത്തല∙ ത്രിപുരയിൽ 32 സീറ്റുകൾ നേടി അധികാരത്തിലേറിയ ബിജെപി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്നെന്ന് സൂചന. ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ മുഖ്യമന്ത്രിയായിരുന്ന മാണിക് സാഹയെ മുഖ്യമന്ത്രി മുഖമായി ഉയർത്തികാട്ടിയിരുന്നെങ്കിലും, തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് സൂചന. നിലവിൽ കേന്ദ്ര സാമൂഹികനീതി– ശാക്തീകരണ സഹമന്ത്രി പ്രതിമാ ഭൗമിക്കിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. 

ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപ് വടക്കു കിഴക്കൻ മേഖലയ്ക്കും രാജ്യത്തിനും തന്നെ ഒരു യഥാർഥ സന്ദേശം നൽകാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളെ അറിയിച്ചത്. അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വനിത മുഖ്യമന്ത്രിയെന്ന ഖ്യാതി പ്രതിമയ്ക്ക് സ്വന്തം.  

ത്രിപുരയിലെ ധൻപുർ നിയമസഭാ മണ്ഡലത്തിൽനിന്ന് 3,500 വോട്ടുകൾക്കാണ് പ്രതിമ വിജയിച്ചത്. മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യുന്ന ചരിത്രമുള്ള മണ്ഡലമാണിത്. ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതികായനായ മാണിക് സർക്കാർ അഞ്ചു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണിത്. 2018ൽ ധൻപുരിൽനിന്നു വിജയിച്ച മാണിക് സർക്കാർ പ്രതിപക്ഷ നേതാവായി. ഇത്തവണ മാണിക് സർക്കാർ മത്സരരംഗത്ത് ഇല്ലാതിരുന്നതിനാൽ കൗശിക് ചന്ദയേയാണ് പ്രതിമയ്ക്കെതിരെ സിപിഎം രംഗത്തിറക്കിയത്. 

2024ലെ പൊതുതിരഞ്ഞെടുപ്പിൽ വടക്കുകിഴക്കു നിന്നുള്ള വനിതാ വോട്ടർമാരെ ലക്ഷ്യംവച്ചാണ് ഈ നീക്കമെന്നാണ് സൂചന. ത്രിപുരയിൽ സ്ത്രീകൾക്കായി നിരവധി പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ സർക്കാർ ജോലികളിലും 33 ശതമാനം സംവരണം സ്ത്രീകൾക്ക് നൽകുന്നതുൾപ്പെടെ ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ ഉന്നമനത്തിന് നരവധി പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മാത്രമല്ല ഗോത്രവർഗ വോട്ടർമാരുടെ ആധിക്യമുള്ള മണ്ഡലങ്ങളിൽ ബിജെപിയെ രണ്ടാമതും അധികാരത്തിലേറാൻ സഹായിച്ചത് സ്ത്രീ വോട്ടർമാരാണെന്നാണ് ബിജെപി കരുതുന്നത്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇത്തവണ സംസ്ഥാനത്ത് വോട്ട് ചെയ്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകളും സൂചിപ്പിക്കുന്നു. പ്രതിമയെ മുഖ്യമന്ത്രിയാക്കിയാൽ മാണിക് സാഹയെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് വിവരം. 

English Summary: Tripura in bag, BJP mulls over appointing woman CM; considering Pratima Bhoumik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com