ADVERTISEMENT

ന്യൂഡൽഹി∙ താൻ സ്ഥാപിച്ച രാജ്യത്തിന്റെ പൗരത്വം സൗജന്യമായി നേടാമെന്ന് വ്യക്തമാക്കി ബലാത്സംഗക്കേസ് പ്രതിയും ആൾദൈവവുമായ നിത്യാനന്ദ. നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപിക രാഷ്ട്രമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ ഇ – പൗരത്വം സൗജന്യമായി കരസ്ഥമാക്കാമെന്നു ചൂണ്ടിക്കാട്ടി ട്വിറ്ററിൽ കുറിപ്പിടുകയും ചെയ്തിട്ടുണ്ട്. നിത്യാനന്ദ ജന്മനാടായ ഇന്ത്യയിൽ ഹിന്ദു വിരുദ്ധരുടെ പീഡനം ഏൽക്കുകയാണെന്നു രാജ്യത്തിന്റെ പ്രതിനിധി വിജയപ്രിയ നിത്യാനന്ദ കഴിഞ്ഞ ദിവസം ഒരു യുഎൻ സമിതി യോഗത്തിൽ പങ്കെടുത്തു പറഞ്ഞിരുന്നു.

ബലാത്സംഗക്കേസിൽ പ്രതിയായതിനെത്തുടർന്ന് 2019ല്‍ ഇന്ത്യയിൽനിന്നു രക്ഷപ്പെട്ട നിത്യാനന്ദ ഒരു വർഷത്തിനുശേഷം സ്വന്തം രാജ്യം സ്ഥാപിച്ചാണ് വാർത്തകളിൽ നിറഞ്ഞത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്നു പേരിട്ടിരിക്കുന്ന സാങ്കൽപ്പിക രാജ്യം എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വെർച്വലായി നിത്യാനന്ദ അനുയായികൾക്കായി പ്രത്യക്ഷപ്പെടാറുണ്ട്. സ്വന്ത രാജ്യത്തെ സംഭവവികാസങ്ങളെക്കുറിച്ചും നിത്യാനന്ദയുടെ കുറിപ്പിൽ വ്യക്തമാക്കാറുണ്ട്. ലോകമെങ്ങുമുള്ള വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികവുമായി കൂടിക്കാഴ്ച നടത്തിയെന്ന തരത്തിലുള്ള കുറിപ്പുകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ കൈലാസ അനുകൂലികൾ പങ്കുവയ്ക്കാറുമുണ്ട്.

∙ എവിടെയാണ് കൈലാസ?

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഇക്വഡോറിന്റെ തീരത്തുള്ള ഒരു ദ്വീപ് വിലയ്ക്കു വാങ്ങിയാണ് നിത്യാനന്ദ സാങ്കൽപ്പിക രാജ്യം സ്ഥാപിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നിത്യാനന്ദ തങ്ങളുടെ രാജ്യത്തില്ലെന്നാണ് അന്ന് ഇക്വഡോർ അറിയിച്ചത്. ഹൈന്ദവ വിശ്വാസികൾ പവിത്രമായി കണക്കാക്കുന്ന ടിബറ്റിലെ കൈലാഷ് പർവതത്തിന്റെ പേരിൽനിന്നാണ് കൈലാസ എന്ന് രാജ്യത്തിനു പേരിട്ടത്.

സ്വന്തമായി പതാകയും ഭരണഘടനയും സാമ്പത്തിക സംവിധാനവും പാസ്പോർട്ടും ചിഹ്നവും ഉള്ള രാജ്യമാണ് തങ്ങളുടേതെന്ന് കൈലാസ അവകാശപ്പെടുന്നു. പല രാജ്യങ്ങളിലുമുള്ളതുപോലെ കൈലാസയ്ക്കുമുണ്ട് സ്വന്തമായി – ധനം, വാണിജ്യം, പരമാധികാരം, ഭവനം, മാനുഷിക സേവനങ്ങൾ തുടങ്ങിയ വകുപ്പുകൾ. ‘രാജ്യാന്തര ഹൈന്ദവ വിശ്വാസ സമൂഹത്തിന്റെ വീടും അഭയകേന്ദ്രവുമാണ്’ കൈലാസയെന്ന് അവർ സ്വയം വിശേഷിപ്പിക്കുന്നു.

∙ ‘കൈലാസ’യ്ക്ക് ഇതുവരെ അംഗീകാരമില്ല

കൈലാസയ്ക്ക് ഇതുവരെ മറ്റു രാജ്യങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. പല സർക്കാരുകളുമായും പ്രതിനിധികളുമായും ചർച്ച നടക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ കൈലാസ അറിയിക്കാറുണ്ടെങ്കിലും ഐക്യരാഷ്ട്ര സംഘടന ഇതുവരെ രാജ്യത്തെ അംഗീകരിച്ചിട്ടില്ല. 1933ലെ മൊന്റെവിഡിയോ കൺവൻഷൻ പ്രകാരം ഒരു പ്രദേശത്തെ രാജ്യമായി അംഗീകരിക്കണമെങ്കിൽ അവർക്ക് സ്വന്തമായി സ്ഥിരമായ ജനസംഖ്യ, സർക്കാർ, മറ്റു രാജ്യങ്ങളുമായി ബന്ധം പുലർത്താനുള്ള ശേഷം തുടങ്ങിയവ വേണം.

രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിത്യാനന്ദ യുഎന്നിലെ പൊതു പരിപാടിയിലേക്ക് ആളെ അയച്ചത്. എന്നാൽ പരിപാടിയിൽ പങ്കെടുത്ത വിജയപ്രിയ നിത്യാനന്ദയുടെ വാദങ്ങൾ ‘അപ്രസക്തമാണെന്നും’ അവ പരിപാടിയുടേതായി പുറത്തുവരുന്ന ഔദ്യോഗിക രേഖയിൽ ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം യുഎൻ വ്യക്തമാക്കിയിരുന്നു. യുഎന്നിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ ലോകബാങ്ക്, ഐഎംഎഫ് പോലുള്ള പല രാജ്യാന്തര ഫോറങ്ങളിലും കൈലാസയ്ക്ക് പ്രവേശനം സാധ്യമാകൂ.

∙ ആരാണ് നിത്യാനന്ദ?; ജീവിതമിങ്ങനെ

തമിഴ്നാട്ടിലെ തിരുവണ്ണാമലൈയ്ക്കടുത്തുള്ള കീഴ്ക്കച്ചിറാപ്പട്ട് എന്ന സ്ഥലത്ത് 1977ലാണ് നിത്യാനന്ദയുടെ ജനനം. രാജശേഖരൻ എന്നാണ് അച്ഛനും അമ്മയും നൽകിയ പേര്. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച രാജശേഖരനു സ്കൂളിൽ പോകാൻ താൽപര്യമുണ്ടായിരുന്നില്ല. ചെറുപ്പം മുതലേ ആത്മീയതയോടായിരുന്നു താൽപര്യം. എങ്ങനെയും സന്ന്യാസിയാകണം എന്നാതായിരുന്നു അയാളുടെ ചിന്ത. വീട്ടിൽ കഴിയുന്നതിനെക്കാൾ കൂടുതൽ ക്ഷേത്രങ്ങളുടെ പരിസരത്ത് കഴിയാനായിരുന്നു െകാതി. തിരുവണ്ണാമലൈയിലെത്തുന്ന സന്ന്യാസിമാർ അയാളിൽ വലിയ സ്വാധീനം ചെലുത്തി. അങ്ങനെ 1995ൽ സന്യാസം സ്വീകരിക്കാൻ ചെന്നൈയിലെ രാമകൃഷ്ണ മഠത്തിൽ എത്തി രാജശേഖരൻ. പത്തുവർഷം അവിടെ നിന്നു പഠിച്ചെങ്കിൽ മാത്രമേ സന്യാസം സ്വീകരിക്കാൻ സാധിക്കൂ എന്ന് മനസിലാക്കിയ രാജശേഖരൻ, നാലുവർഷം കൊണ്ട് പഠനം നിർത്തി മടങ്ങി. പിന്നീട് ജിവിക്കാൻ പല പണികൾ ചെയ്തു. എന്നിട്ടും തൃപ്തി വരാതെ ആത്മീയ വഴിയിലേക്കുതന്നെ തിരിച്ചെത്തി.

പവിഴക്കുണ്ട് മലയിൽ സ്ത്രീകൾ നടത്തുന്ന ആശ്രമത്തിൽ ചേർന്നു. അവിടെ സ്ഥിരം തലവേദനകൾ ഉണ്ടാക്കി. ഒടുവിൽ ചതിയിലൂടെ ആശ്രമം തന്നെ കൈക്കലാക്കും എന്ന സ്ഥിതി വന്നതോടെ അയാളെ അവിടെനിന്ന് ആട്ടിപ്പായിച്ചു. പിന്നീട് ആത്മീയ പ്രഭാഷണവും രോഗസൗഖ്യവുമായി മധുരയുടെ തെരുവിലേക്കിറങ്ങി. അവിടെനിന്നു ബെംഗളൂരുവിലെ ഒരു ചെട്ടിയാരുടെ രോഗം സുഖപ്പെടുത്താൻ പോയ നിത്യാനന്ദയുടെ ജീവിതം അന്നു മുതൽ മാറി മറിഞ്ഞു. 2000ൽ ആശ്രമം തുടങ്ങിയ നിത്യാനന്ദ പ്രശസ്തനാകുന്നത് 2010 ലാണ്. ഒരുകാലത്ത് തെന്നിന്ത്യൻ താരസുന്ദരിയായിരുന്ന നടി രഞ്ജിതയുമായുള്ള കിടപ്പറ ദൃശ്യങ്ങൾ പുറത്തുവന്നതായിരുന്നു അയാളുടെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവ്. എന്നാൽ ആ വാർത്തകൾ ദോഷത്തേക്കാൾ ഏറെ നിത്യാനന്ദയ്ക്കു ഗുണം ചെയ്തുവെന്നു ചരിത്രം തെളിയിക്കുന്നു. പിന്നീടങ്ങോട്ടു തോഴിമാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഇടയിൽ നിറയുന്ന നിത്യാനന്ദയെയാണു കണ്ടത്. ഗ്രാഫിക്സിന്റെ സഹായത്തോടെ ഇയാൾ കാട്ടുന്ന കോപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരുടെ എണ്ണം ലക്ഷങ്ങളാക്കി. അങ്ങനെ ഡിജിറ്റൽ ലോകത്ത് നിത്യാനന്ദ നിറഞ്ഞാടി. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയശേഷം മാത്രമാണു യുവതികളെ ആശ്രമത്തിൽ പ്രവേശിപ്പിച്ചിരുന്നത്. താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണർവാണു താൻ ഭക്തർക്കു നൽകുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.

∙ നെഗറ്റീവ് പബ്ലിസിറ്റിയും യഥാർഥ മുഖവും

എപ്പോഴും സുന്ദരികളായ പെൺകുട്ടികളെയും സ്ത്രീകളെയും ഒപ്പം നിർത്തി മഠത്തിലേക്ക് ഇയാൾ പൊതുജനങ്ങളെ ആകർഷിച്ചു. നെഗറ്റിവ് പബ്ലിസിറ്റി മുതലെടുത്തുകൊണ്ടുള്ളതായിരുന്നു മുന്നോട്ടുപോക്ക്. അപ്പോഴും ആശ്രമത്തിനുള്ളിൽനടക്കുന്ന കാര്യങ്ങൾ അതീവരഹസ്യമായി തുടർന്നു. പീഡനങ്ങളും സാമ്പത്തിക തട്ടിപ്പുകളും കൊലപാതകങ്ങളും അടക്കം ആരെയും നടുക്കുന്ന കാര്യങ്ങൾ ആശ്രമത്തിനുള്ളിൽ പതിവായി. കൂടെ നിന്നവർ തന്നെ ശത്രുവായതോടെയാണു നിത്യാനന്ദയുടെ യഥാർഥ മുഖം ലോകം അറിഞ്ഞുതുടങ്ങിയത്. ആ ചിരിക്ക് പിന്നിലെ ക്രൂരതകളെ കുറിച്ച് എണ്ണിയെണ്ണി പറയാൻ ധാരാളമുണ്ട്. ഇതിനെല്ലാം കുടപിടിച്ചത് ര‍ഞ്ജിതയാണെന്ന ആരോപണവും അക്കാലത്ത് ശക്തമായി. ശ്രീവള്ളി എന്ന പെൺകുട്ടി 1992ൽ സിനിമയിൽ എത്തിയതോടെയാണു രഞ്ജിതയായത്. പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനുശേഷം നിത്യാനന്ദയുടെ ആശ്രമത്തിലെത്തി താരം മാ നിത്യാനന്ദ മയി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പിന്നീടങ്ങോട്ട് അവിടെ നടന്ന കാര്യങ്ങളിൽ കേട്ടാൽ ആരും നടുങ്ങിപ്പോകും.

ആശ്രമത്തിലെ അന്തേവാസിയായി ജീവിക്കാൻ പോയ മകളുടെ ശവശരീരം ഏറ്റുവാങ്ങേണ്ടി വന്ന ഝാൻസി റാണി എന്ന അമ്മയുടെ വാക്കുകൾ മാത്രം മതി, ആശ്രമം എന്നല്ല പേരിൽ ക്രൂരത നിറഞ്ഞാടുന്ന തടവറയാണ് അതെന്നു മാറ്റിപ്പറയാൻ. നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള വിവാദ വിഡിയോ പുറത്തുവന്നതിനു പിന്നിൽ മകളാണെന്ന സംശയമാണ് അവളുടെ മരണത്തിലേക്കു തന്നെ നയിച്ചതെന്ന് ഈ അമ്മ പറയുന്നു. ഹൃദയാഘാതം വന്ന് മകൾ മരിച്ചുവെന്ന് ആശ്രമത്തിൽനിന്നും അമ്മയെ അറിയിച്ചു. ബെംഗളൂരുവിലെ ആശ്രമം തന്നെ മുൻകയ്യെടുത്ത് പോസ്റ്റ്മോർട്ടം നടത്തി വിട്ടുകൊടുത്ത മൃതദേഹം നാട്ടിലെത്തിയ ശേഷം അമ്മയുടെ നിർബന്ധപ്രകാരം വീണ്ടും പോസ്റ്റ്മോർ‌ട്ടം ചെയ്തു. അപ്പോഴാണ് മകളുടെ മൃതദേഹത്തനുള്ളിൽ ആന്തരിക അവയവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞത്.

∙ വിവാദങ്ങളുടെ പടുകുഴിയിലേക്ക് നിത്യാനന്ദ

2004 മുതൽ 2009 വരെ ശിഷ്യയായിരുന്ന ഒരു യുവതിയുടെ വെളിപ്പെടുത്തലാണു നിത്യാനന്ദയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ആദ്യം ഇളക്കിയത്. നാൽപതോളം തവണയാണ് അയാൾ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി വെളിപ്പെടുത്തി. പരാതിപ്പെട്ടതോടെ ഇവർക്കു നേരേ വധശ്രമങ്ങളും രൂക്ഷമായ സൈബർ ആക്രമണവും ഉണ്ടായി. നിത്യാനന്ദയുടെ ഡ്രൈവർ ആയിരുന്ന ലെനിൻ കറുപ്പൻ നൽകിയ സൂചനകളും നിത്യാനന്ദയ്ക്കെതിരെ അന്ന് കുരുക്ക് മുറുക്കി. അങ്ങനെ വിവാദങ്ങളുടെ പടുകുഴിയിലേക്ക് നിത്യാനന്ദ എടുത്തെറിയപ്പെട്ടു.

ഇതിനൊപ്പം 2008 മുതൽ 2018 വരെ നിത്യാനന്ദയ്ക്കൊപ്പം ഉണ്ടായിരുന്ന വിജയകുമാർ എന്ന യുവാവിന്റെ വെളിപ്പെടുത്തൽ പ്രകൃതി വിരുദ്ധ പീഡനങ്ങളിലേക്കു വരെ കാര്യങ്ങൾ എത്തിച്ചു. ‘‘അമ്പരപ്പിക്കുന്ന വാക്സാമാർഥ്യമാണ് അയാൾക്ക്. ആരും വീണുപോകും. ഞാനും അങ്ങനെ വീണതാണ്. അവിടെയുള്ള സത്രീകളിൽ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്നു വരെ ചിന്തിക്കുന്ന പെൺകുട്ടികളുണ്ട് അവിടെ. ആശ്രമത്തിൽ അമാവാസി ദിനത്തിൽ ഒരു പ്രത്യേകതരം മരുന്ന് നിത്യാനന്ദ തന്നെ തയാറാക്കി നൽകാറുണ്ട്. അതു കഴിച്ചാൽ അയാളോടു വിധേയത്വം കൂടും. കോടിക്കണക്കിനു സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടു പേരുണ്ട്. മോഡലുകളെ നിരത്തി പരസ്യം ചെയ്യുന്ന പോലെയാണ് സുന്ദരിമാരായ പെൺകുട്ടികളെ കാണിച്ച് ആളുകളെ വശീകരിക്കുന്നത്. പരുഷൻമാർ വരെ അവിടെ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്’’ വിജയകുമാർ മാധ്യമങ്ങളോട് നടത്തിയ ഈ വെളിപ്പെടുത്തൽ നിത്യാനന്ദ എന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു.

∙ പരാതി, ഒടുക്കം ഒളിവിൽ

ഇത്രയൊക്കെ കോളിളക്കം ഉണ്ടായിട്ടും നിത്യാനന്ദയുടെ രോമത്തിൽ പോലും െതാടാൻ ആർക്കും കഴിഞ്ഞില്ല. ഒടുവിൽ തന്റെ രണ്ടു പെൺമക്കളെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നിത്യാനന്ദയുടെ അനുയായി കൂടിയായിരുന്ന വ്യക്തി നൽകിയ പരാതി വിവാദ ആൾദൈവത്തെ കുടുക്കി. 2013ലാണ് പരാതിക്കാരനും കുടുംബം ആശ്രമത്തിലെത്തുന്നത്. പിന്നീട് ഇയാളുടെ രണ്ടു പെൺമക്കൾ ആശ്രമത്തിലെ പ്രധാനപ്പെട്ട ചുമതലകളിൽ എത്തി. ആത്മീയ വിഷയങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും ഇൗ രണ്ടു പെൺകുട്ടികളും സജീവമായി. ആശ്രമത്തിൽനിന്നു പുറത്തുവരുന്ന വിഡിയോകളിൽ ഇവരുടെ വാക്കുകൾ നിറഞ്ഞു. മൂന്നാം കണ്ണ് എന്ന വരം ലഭിച്ചെന്നും എക്സ്റേയോ സ്കാനിങ്ങോ എടുക്കാതെ ശരീരത്തിനുള്ളിലെ പ്രശ്നങ്ങൾ പറഞ്ഞുകൊടുക്കാമെന്ന അവകാശവാദവും ഇൗ പെൺകുട്ടികൾ ഉന്നയിച്ചു. ഫോട്ടോ അയച്ചുകൊടുത്താൽ അതുനോക്കി എല്ലാ ആരോഗ്യപ്രശ്നങ്ങളും പറയും എന്നായിരുന്നു അവകാശവാദം. അങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് പെൺകുട്ടികളുടെ അച്ഛൻ നിത്യാനന്ദയ്ക്ക് എതിരെ രംഗത്തുവന്നത്. മക്കളെ തടവിൽ പാർപ്പിച്ചിരിക്കുന്ന പരാതിയും പീഡന ആരോപണങ്ങളും പോക്സോ അടക്കമുള്ള വകുപ്പുകളും ചേർത്ത് നിയമപോരാട്ടം തുടങ്ങി. എന്നാൽ അപ്പോഴും ഈ പെൺകുട്ടികൾ അച്ഛനെ തള്ളി നിത്യാനന്ദയെ പിന്തുണച്ചു. ഈ വിവാദം കത്തിനിൽക്കുമ്പോഴാണ് നിത്യാനന്ദ ഒളിവിൽ പോകുന്നത്.

English Summary: Where Is 'Kailasa'? Is It A Recognised Country? Life Of Nithyananda - All You Need To Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com