ADVERTISEMENT

വർക്കല (തിരുവനന്തപുരം) ∙ പാരാഗ്ലൈഡിങ്ങിനിടെ ഗ്ലൈഡറിന്റെ ചിറക് ഹൈമാസ്റ്റ് വിളക്കുതൂണിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ, ട്രെയ്നർ ഉൾപ്പെടെ മൂന്നു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ ട്രെയ്നർ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. അപകടകരമായി പറക്കൽ നടത്തിയതിന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. അപകടത്തിൽപ്പെട്ടയാളെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കാനും ഇവർ ശ്രമിച്ചതായി പൊലീസ് വെളിപ്പെടുത്തി.

80 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന വിനോദസഞ്ചാരിയായ കോയമ്പത്തൂർ സ്വദേശിനി പവിത്രയേയും (28) ട്രെയ്നറെയും ഒന്നര മണിക്കൂറിനു ശേഷമാണ് സുരക്ഷിതമായി താഴെയിറക്കാനായത്. ഇറക്കുന്നതിനിടെ ഇരുവരും വീണത് അഗ്നിരക്ഷാസേന വലിച്ചുകെട്ടിയ വലയിലായിരുന്നതിനാൽ പരുക്കേറ്റില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിട്ടു.

ഇരുവരും ഇന്നലെ വൈകിട്ടു നാലോടെയാണ് അപകടത്തിൽപ്പെട്ടത്. വർക്കല ഹെലിപ്പാഡിൽനിന്നു പറന്നുപൊങ്ങിയ പാരാഗ്ലൈഡറിന് കാറ്റിന്റെ ദിശ മാറിയതുമൂലം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 350 മീറ്റർ അകലെ പാപനാശം കടപ്പുറത്തെ ഹൈമാസ്റ്റ് വിളക്കിലാണു കുടുങ്ങിയത്.ഏകദേശം 100 അടിയാണ് വിളക്കുതൂണിന്റെ ഉയരം. 80 അടിയോളം ഉയരത്തിൽ തൂങ്ങിക്കിടന്ന ഇരുവരെയും എങ്ങനെ താഴെയിറക്കുമെന്ന് ആശയക്കുഴപ്പമായി. അഗ്നിരക്ഷാ സേന വിളക്കുതൂണിനു ചുറ്റും വല വലിച്ചുകെട്ടി. വീണാലുള്ള ആഘാതം കുറയ്ക്കാൻ സമീപത്തെ റിസോർട്ടിൽനിന്നു മെത്തകൾ കൊണ്ടുവന്നു നിരത്തി.

അത്രയും ഉയരം കിട്ടുന്ന ക്രെയിൻ സംഘടിപ്പിക്കുക പ്രയാസമായതിനാൽ മുകളിലെ വിളക്കുമായി ഘടിപ്പിച്ച സ്റ്റീൽ കേബിൾ കറക്കി ഇവരെ താഴെയിറക്കാൻ തീരുമാനിച്ചു. നഗരസഭയിൽ സൂക്ഷിച്ചിരുന്ന ലിവർ എത്തിച്ച് തൂണിന്റെ അടിഭാഗത്തെ ചക്രത്തിൽ ഘടിപ്പിച്ചു. മോട്ടർ ഉപയോഗിച്ചു കറക്കുന്നതു സുരക്ഷിതമല്ലെന്നു വിലയിരുത്തി കൈകൊണ്ടാണ് കറക്കിയത്. ഏതാണ്ട് 40 അടിയായപ്പോഴേക്കും വിളക്കിന്റെ ഒരുഭാഗം ഒടിഞ്ഞ് ഇവർ വലയിലേക്കു വീഴുകയായിരുന്നു. പൊല‍ീസും കെഎസ്ഇബിയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

English Summary: Police Take Three Persons Into Custody In Varkala Paragliding Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com