ന്യൂഡൽഹി ∙ പാക്കിസ്ഥാൻ പ്രകോപനമുണ്ടാക്കിയാൽ ഇന്ത്യ മുൻപത്തേക്കാൾ ശക്തമായി പ്രതികരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റലിജൻസ് കമ്യൂണിറ്റി (ഐസി). യുഎസ് കോൺഗ്രസിനു നൽകിയ റിപ്പോർട്ടിലാണ് ഐസിയുടെ നിരീക്ഷണം. സിഐഎ, എൻഎസ്എ എന്നിവയടക്കമുള്ള യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കൂട്ടായ്മയാണ് ഐസി.
ഇന്ത്യയും ചൈനയും ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചാലും ഇരുരാജ്യങ്ങളും തമ്മിൽ 2020ലെ ഗൽവാൻ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ബന്ധം സുഗമമാകില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ആണവ രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘർഷം യുഎസ് പൗരന്മാർക്കും യുഎസിന്റെ താൽപര്യങ്ങൾക്കും ഹാനികരമാണ്. അങ്ങനെ വരുമ്പോൾ യുഎസിന് ഇടപെടേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു.
‘‘ഇന്ത്യാവിരുദ്ധ ഭീകരസംഘങ്ങളെ പിന്തുണച്ച ദീർഘകാല ചരിത്രമുണ്ട് പാക്കിസ്ഥാന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ, പാക്കിസ്ഥാന്റെ ഇത്തരം പ്രകോപനങ്ങളോട് ഇന്ത്യ മുൻപത്തേക്കാൾ ശക്തമായി പ്രതികരിക്കാൻ സാധ്യതയുണ്ട്. സംഘർഷ സാധ്യത വർധിക്കുമ്പോൾ അക്രമം ഉണ്ടാകാം, കശ്മീരിൽ പ്രശ്നങ്ങളും ഇന്ത്യയിൽ ഭീകരാക്രമണവും ഉണ്ടായേക്കാം’’ – റിപ്പോർട്ടിൽ പറയുന്നു.
English Summary: If Provoked By Pak, India Now More Likely To Give Military Response: US Report