ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്‌. സ്വര്‍ണക്കള്ളക്കടത്ത്‌ കേസില്‍ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്‌ കേന്ദ്ര ഏജന്‍സികളാണ്‌. കേന്ദ്ര ഏജന്‍സികളെടുത്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്നതാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

‘‘എന്നിട്ടും സംസ്ഥാന ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലയില്‍ അവ പിന്‍വലിക്കാന്‍ വാഗ്‌ദാനം നല്‍കിയെന്നത്‌ നട്ടാല്‍ പൊടിക്കാത്ത നുണയാണ്‌. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഇക്കാര്യം മനസിലാക്കാമെന്നിരിക്കെ ഇതിന്റെ പേരില്‍ പാര്‍ട്ടിക്കും, സര്‍ക്കാരിനുമെതിരെ കള്ള പ്രചാരവേലകള്‍ അഴിച്ചുവിടാനാണ്‌ പ്രതിപക്ഷ പാർട്ടികളും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്‌. ചില മാധ്യമങ്ങളും, പ്രതിപക്ഷവും എല്ലാം ചേര്‍ന്നു തയാറാക്കുന്ന ഈ തിരക്കഥകളില്‍ ഇനിയും പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന്‌ ഇതുവരെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌’ – സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

‘‘ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക്‌ ബദലുയര്‍ത്തിക്കൊണ്ട്‌ മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ പലവിധത്തില്‍ സംഘപരിവാര്‍ ഇടപെടുകയാണ്‌. സംസ്ഥാന സര്‍ക്കാരിന്‌ അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കാതെയും, ഗവര്‍ണറെ ഉപയോഗിച്ച്‌ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനുമുള്ള നടപടികള്‍ ഇതിന്റെ തുടര്‍ച്ചയാണ്‌. മാത്രമല്ല, കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളെ തകര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്’ – സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

English Summary: CPM against Gold Smuggling Case accused Swapna Suresh's Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com