അമിത് ഷായ്ക്ക് സ്വാഗതം ആശംസിച്ച് ബിആർഎസിന്റെ ‘വാഷിങ് പൗഡർ നിർമ ’ പോസ്റ്റർ

Amit Shah Welcome Poster | Photo: ANI, Twitter
ഹൈദരാബാദിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ. (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

ഹൈദരാബാദ്∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹാസത്തോടെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുമായി ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാക്കൾ. നിർമ വാഷിങ് പൗഡറിന്റെ പരസ്യത്തിൽ ബിജെപി നേതാക്കളുടെ തലവെട്ടിയൊട്ടിച്ച ചിത്രങ്ങൾക്കു താഴെ ‘വെൽക്കം ടു അമിത് ഷാ’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററുകൾ ശനിയാഴ്ച മുതലാണ് ഹൈദരാബാദിൽ പ്രത്യക്ഷപ്പെട്ടത്. 54-ാമത് സിഐഎസ്എഫ് റൈസിങ് ഡേ പരേഡിൽ പങ്കെടുക്കാൻ അമിത് ഷാ ഹൈദരാബാദ് സന്ദർശിച്ചിരുന്നു.

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആർഎസ് എംഎൽഎയും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ (കെസിആർ) മകളുമായ കെ.കവിത എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനു (ഇഡി) മുന്നില്‍ ചോദ്യം ചെയ്യാൻ ഹാജരായതിനു പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

‘വെൽക്കം ടു അമിത് ഷാ’ എന്നെഴുതിയ പോസ്റ്ററിൽ ‘നിർമ പെൺകുട്ടി’ക്കു പകരം മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിൽ ചേർന്ന നേതാക്കളുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് ചേർത്തിരിക്കുന്നത്. ഹിമന്ത ബിശ്വ ശർമ, നാരായൺ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, അർജുൻ ഖോട്കർ, ജ്യോതിരാദിത്യ സിന്ധ്യ, ഈശ്വരപ്പ, വിരൂപാക്ഷപ്പ എന്നിവരുടെ മുഖങ്ങളാണ് മോർഫ് ചെയ്ത് ചേർത്തിരിക്കുന്നത്. 

പിന്നാലെ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ‘‘ബിജെപി സർക്കാരിനെയും ബിജെപി നേതാക്കളെയും മോശമായി കാണിച്ചുകൊണ്ട് ഇത്തരം പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദ് സന്ദർശിച്ചപ്പോഴും ഇങ്ങനെ ചെയ്തിരുന്നു’’– മുതിർന്ന ബിജെപി നേതാവ് എൻ.രാംചന്ദർ റാവു പറഞ്ഞു. 

‘‘അമിത് ഷാ ഔദ്യോഗിക സന്ദർശനത്തിനെത്തിയപ്പോൾ ബിആർഎസ് നേതാക്കൾ ബിജെപിയിൽ ചേർന്നാൽ ശുദ്ധമാകും എന്ന മട്ടിൽ നിർമയുടെ പരസ്യം കാണിക്കാനാണ് ശ്രമിക്കുന്നത്. പൊതുപണം ഉപയോഗിച്ചാണ് ബിആർഎസ് നേതാക്കൾ ഇത്തരം പ്രകടനങ്ങൾ നടത്തുന്നത്. പൊതുപണം ഇത്തരം കാര്യങ്ങൾക്കുവേണ്ടിയാണ് ചെലവഴിക്കുന്നത്. ബിജെപിക്കും ബിജെപി നേതാക്കൾക്കുമെതിരെ വ്യാജവും വിദ്വേഷവും പ്രചരിപ്പിക്കാൻ ബിആർഎസ് നേതാക്കൾ ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ചെലവഴിക്കുന്നത്’’– അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ഇത്തരം സംഭവങ്ങളെ ഞങ്ങൾ അപലപിക്കുന്നു. ജനാധിപത്യത്തെ പരിഹസിക്കുകയാണ്. അവർ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്യുന്നു. ആരാണ് ശുദ്ധിയുള്ളവരെന്ന് എല്ലാവർക്കും അറിയാം. ഇത്തരം പോസ്റ്ററുകൾ‌ക്കായി പൊതുപണം ചെലവഴിക്കുന്നത് പ്രതിഷേധാർഹമാണ്’’– അദ്ദേഹം പറഞ്ഞു.

English Summary: KCR's Party Puts Up 'Washing Powder Nirma' Posters In Sarcastic Welcome To Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS