തൃശൂർ∙ ക്രൈസ്തവ വിരുദ്ധമാണെന്ന് ആരോപിച്ച് ‘കക്കുകളി’ എന്ന നാടകത്തിനെതിരെ തൃശൂര്‍ അതിരൂപതയിലെ പള്ളികളില്‍ പ്രതിഷേധക്കുറിപ്പ് വായിച്ചു. നാടകത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പള്ളികളില്‍ ഇതിനെതിരെ എതിരെ സര്‍ക്കുലര്‍ വായിച്ചത്. തിങ്കളാഴ്ച 9.30നു വിശ്വാസികൾ ചേർന്നു പടിഞ്ഞാറേക്കോട്ടയിൽ നിന്നു കലക്ടറേറ്റിലേക്കു മാർച്ച് നടത്തും. അതേസമയം, നാടകത്തെ വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു.
കന്യാസ്ത്രീ മഠത്തില്‍ എത്തുന്ന പെണ്‍കുട്ടി നേരിടുന്ന പ്രയാസങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം. എഴുത്തുകാരന്‍ ഫ്രാന്‍സീസ് നെറോണ എഴുതിയ കഥയാണ് നാടകമായി അരങ്ങില്‍ എത്തിയത്. രാജ്യാന്തര നാടകോല്‍സവത്തില്‍ അവതരിപ്പിച്ചിരുന്നു. ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകത്തിന് വേദിയൊരുക്കി. ഇതിനു പിന്നാലെയാണ്, ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിക്കുകയും ക്രൈസ്തവ വിശ്വാസത്തെയും സന്യസ്തരെയും അവഹേളിക്കുകയും ചെയ്ത നാടകം നിരോധിക്കണമെന്ന് അതിരൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു.
രാജ്യാന്തര നാടകോത്സവത്തിൽ (ഇറ്റ്ഫോക്) വിവാദനാടകം അവതരിപ്പിക്കാൻ അവസരം നൽകുകയും അഭിനേതാക്കളെ അഭിനന്ദിക്കുകയും ചെയ്ത സാംസ്കാരിക വകുപ്പു മന്ത്രിയുടെ പ്രവൃത്തിയെ ന്യായീകരിക്കാനാകില്ലെന്നു കൗൺസിൽ കുറ്റപ്പെടുത്തി. വിശ്വാസങ്ങളെയും ആചാരമൂല്യങ്ങളെയും താറടിച്ചു കാണിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും കൗൺസിൽ വിലയിരുത്തി.
English Summary: Thrissur Arch Diocese Against Kakkukali Drama