ADVERTISEMENT

കൊച്ചി∙ തീയും പുകയുമുയരുന്ന ബ്രഹ്‌മപുരം ദുരന്തഭൂമിയില്‍ സേവ സന്നദ്ധരായി പ്രവര്‍ത്തിക്കുകയാണ് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയും പുകയും അണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് രാവും പകലും ഇവര്‍ നടത്തുന്നത്. 12 ജില്ലകളില്‍ നിന്നായി 650 പേരാണ് ഇതിനോടകം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. നിലവില്‍ 75 സിവില്‍  ഡിഫന്‍സ് സേനാംഗങ്ങള്‍ ബ്രഹ്‌മപുരത്തുണ്ട്. 

Read Also: എനിക്കും ശ്വാസം മുട്ടുന്നു; രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല: മമ്മൂട്ടി

യാതൊരു ലാഭേച്ഛയുമില്ലാതെ നൂറുകണക്കിന് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്‌മപുരത്തേക്കെത്തിയത്. കൂലിപ്പണിക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെയുള്ള സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളില്‍ പലരും ജോലി കഴിഞ്ഞ് വീട്ടില്‍ പോകുന്നതിന് പകരം ബ്രഹ്‌മപുരത്തേക്കെത്തി. ചിലരാകട്ടെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അവധിയെടുത്താണ് സന്നദ്ധ സേവനത്തിനെത്തിയത്.

നേരത്തെ കോവിഡ് പ്രതിസന്ധിയിലും പ്രളയകാലത്തുമെല്ലാം അഗ്‌നിരക്ഷാ സേനക്കൊപ്പം ഒറ്റക്കെട്ടായി പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ നടത്തിയിരുന്നു. ബ്രഹ്‌മപുരം തീപിടിത്തത്തോടെ ദുരന്ത മുഖങ്ങളില്‍ തങ്ങളുടെ പങ്ക് വ്യക്തമാക്കുകയാണിവര്‍. ചരിത്രത്തിലെ ഏറ്റവും വലിയ തീയണയ്ക്കല്‍ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഫയര്‍ ആന്റ് റെസ്‌ക്യൂ സേനയ്ക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും സേനാംഗങ്ങള്‍ ഒരുക്കി.   

സേവനസന്നദ്ധതയുള്ള പൊതുജനങ്ങള്‍ക്ക് ജീവന്‍രക്ഷാ - ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അതുവഴി ദുരന്തത്തിന്റെ  ആഘാതം കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിവില്‍ ഡിഫന്‍സിന്റെ രൂപീകരണം. അഗ്നിരക്ഷാ സേനയ്ക്ക് കീഴിലാണ് ഇവരുടെ പ്രവര്‍ത്തനം. 

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ച സാഹചര്യത്തില്‍ ആദ്യം ഓടിയെത്തിയത്  സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളായിരുന്നു. തീ അണയ്ക്കുന്നതിനും പുക ശമിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്‌നിരക്ഷാസേന നേതൃത്വം കൊടുത്തപ്പോള്‍ സിവില്‍ ഡിഫന്‍സ് അവര്‍ക്ക് കരുത്തു പകര്‍ന്നു. ഫയര്‍ എഞ്ചിനുകളില്‍ ഇന്ധനവും പമ്പ് ചെയ്യുന്നതിനുള്ള വെള്ളവും നിറയ്ക്കുന്നത് മുതല്‍ ഭക്ഷണം വിതരണം ചെയ്യുന്നത് വരെ സിവില്‍ ഡിഫന്‍സ് ഏറ്റെടുത്തു.  അവശ്യഘട്ടങ്ങളില്‍ തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ഇവരുടെ സേവനം തേടി.

തീ അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ ദിവസവും നൂറോളം പേരായിരുന്നു വിവിധ ഷിഫ്റ്റുകളിലായി സേവനത്തിനെത്തിയത്. വിവിധ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. തൃക്കാക്കര അഗ്‌നിനിലയത്തിലായിരുന്നു ഇവരുടെ താമസ സൗകര്യം ഒരുക്കിയത്.

റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ്. സുജിത്ത് കുമാറിന്റെയും ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാറിന്റെയും മേല്‍നോട്ടത്തില്‍ സിവില്‍ ഡിഫന്‍സ് ചീഫ് വാര്‍ഡന്‍ അനു ചന്ദ്രശേഖര്‍, ഡിവിഷണല്‍ വാര്‍ഡന്‍ ബിനു മിത്രന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

English Summary: Civil Defence force at Brahmapuram waste plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com