ADVERTISEMENT

ന്യൂഡൽഹി∙ പ്രതിരോധ സേനകളിൽ നിന്നു വിരമിച്ചവർക്കുള്ള ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതി പ്രകാരമുള്ള കുടിശിക നൽകാൻ വൈകുന്നതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. ഈ മാസം ഇതു രണ്ടാം തവണയാണ് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നത്. പെൻഷൻ കുടിശിക നാല് ഗഡുക്കളായി നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ സെക്രട്ടറി ജനുവരിയിൽ ഇറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. ഈ വിജ്ഞാപനം സുപ്രീം കോടതി വിധിക്ക് എതിരാണെന്നും നിയമം കൈയിലെടുക്കാന്‍ പ്രതിരോധ മന്ത്രാലയം ശ്രമിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

കുടിശിക വിതരണം സംബന്ധിച്ച രൂപരേഖ ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ കേന്ദ്രത്തിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. പെന്‍ഷന്‍ കുടിശിക വിതരണത്തിന് നേരത്തേ രണ്ടുതവണ പ്രഖ്യാപിച്ച സമയപരിധിയും കേന്ദ്രസര്‍ക്കാര്‍ പാലിച്ചിരുന്നില്ല. മാര്‍ച്ച് 15നകം മുഴുവന്‍ കുടിശികയും നല്‍കണമെന്നു സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

മാര്‍ച്ച് 31നുള്ളിൽ കുടിശികയുടെ ആദ്യ ഗഡു വിതരണം ചെയ്യുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ട രമണി സുപ്രീംകോടതിയെ അറിയിച്ചു. 28 ലക്ഷം അപേക്ഷകളില്‍ ഏഴ് ലക്ഷം തീര്‍പ്പാക്കി. ബാക്കിയുള്ളവയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

ഒരേ കാലയളവ് സർവീസുള്ള, ഒരേ റാങ്കിൽ വിരമിച്ച എല്ലാവർക്കും ഒരേ പെൻഷൻ നൽകാൻ 2015 നവംബർ 7നാണ് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്. ഇതുപ്രകാരം ഓരോ 5 വർഷം കൂടുമ്പോഴാണ് പെൻഷൻ പരിഷ്കരിക്കുക. 2013 അടിസ്ഥാനമാക്കി പദ്ധതി നടപ്പാക്കുമെന്നും വിജ്ഞാപനത്തിലുണ്ടായിരുന്നു. 2015 ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ 5 വർഷം കൂടുമ്പോൾ നൽകേണ്ട പെൻഷൻ വർധന 2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ സുപ്രീം കോടതി കഴിഞ്ഞവർഷം നിർദേശിച്ചിരുന്നു. ഈ കുടിശിക നാലു ഗഡുക്കളായി നൽകുമെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞത്.

English Summary: ‘Ex-Army Personnel Must Get Paid’: SC Expresses Concerns Over Pension Dues Under OROP Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com