ADVERTISEMENT

തെന്മല (കൊല്ലം)∙ പുനലൂരില്‍ വിഎച്ച്എസ്ഇ ഒന്നും രണ്ടും വര്‍ഷത്തെ ചോദ്യപേപ്പര്‍ പുറത്തായി. കൊല്ലം ജില്ലയിലെ പുനലൂര്‍ ഇടമണ്‍ വിഎച്ച്എസ് സ്കൂളിലാണ് 28, 30 തീയതികളില്‍ നടക്കാനിരിക്കുന്ന പരീക്ഷകളുടെ ചോദ്യ പേപ്പറുകള്‍ പുറത്തായത്. 28നു നടക്കാനിരിക്കുന്ന ഒന്നാം വര്‍ഷ  ഓൺട്രുപ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റിന്റെയും 30ന് നടക്കാനിരിക്കുന്ന വൊക്കേഷനല്‍ തിയറിയുടെയും ചോദ്യപേപ്പർ ഫെബ്രുവരി 10ന് നടന്ന പരീക്ഷയ്ക്കു മാറി നല്‍കുകയായിരുന്നു.

ഒരു മണിക്കൂറിനുശേഷം തിരികെ വാങ്ങി

രാവിലെ 9.30ന് നല്‍കിയ ചോദ്യപേപ്പര്‍ ഏകദേശം ഒരു മണിക്കൂറിനു ശേഷമാണു മാറിപ്പോയെന്ന് അധ്യാപകർ അറിയുന്നത്. ചോദ്യപേപ്പര്‍ ലഭിച്ച വിദ്യാര്‍ഥികള്‍ ക്ലാസില്‍ നിന്ന അധ്യാപകരോടു സംശയം ചോദിക്കാന്‍ തുടങ്ങിയതോടെയാണ് അബന്ധം തിരിച്ചറിഞ്ഞത്. ഉടൻതന്നെ സ്കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ ചീഫ് എക്സാം സൂപ്രണ്ടും ഡപ്യൂട്ടി എക്സാം സൂപ്രണ്ടും ചോദ്യപേപ്പര്‍ തിരികെ വാങ്ങുകയും യഥാർഥ ചോദ്യപേപ്പർ വിദ്യാർഥികൾക്കു നൽകുകയും ചെയ്തു.  

ചുമതല പുതിയ അധ്യാപകർക്ക്

സംഭവം വിദ്യാര്‍ഥികള്‍ വഴി പുറത്തായതോടെ മാർച്ച് 13ന് വിഎച്ച്എസ്ഇ കൊല്ലം മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ സ്കൂളില്‍ എത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇല്ലാത്തതിനാല്‍ ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാരയും മുറിയും പൂട്ടി തിരികെ പോയി. 14ന് അസിസ്റ്റന്റ് ഡയറക്ടറിനൊപ്പം എക്സാം സെക്രട്ടറിയും സ്കൂളിലെത്തി പ്രിന്‍സിപ്പലിനോടു കാര്യങ്ങള്‍ തിരക്കി. ശേഷം പ്രിൻസിപ്പലിനെയും ഡപ്യൂട്ടി സൂപ്രണ്ടിനെയും പരീക്ഷ ചുമതലയില്‍നിന്നും മാറ്റിനിര്‍ത്തി. പകരം കൊല്ലം, അ‍ഞ്ചല്‍ എന്നിവിടങ്ങളില്‍നിന്നുള്ള അധ്യാപകരെ ചുമതലപ്പെടുത്തി. 

വിശദീകരണം ഇങ്ങനെ

തീയതി നോക്കാതെ ചോദ്യപേപ്പര്‍ പൊട്ടിച്ചതാണു കാരണമെന്നാണു പ്രിന്‍സിപ്പല്‍ നല്‍കിയ മറുപടി. രണ്ട് ദിവസത്തെയും ചോദ്യപേപ്പര്‍ തമ്മില്‍ ഒന്നും രണ്ടും വര്‍ഷത്തെ വിഷയങ്ങള്‍ തമ്മിലുള്ള മാറ്റം മാത്രമാണുള്ളത്. വിഷയം നോക്കി പൊട്ടിച്ചപ്പോള്‍ തീയതി നോക്കാന്‍ പറ്റിയില്ല. സാധാരണ ചീഫ് സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും ചേര്‍ന്നാണു ചോദ്യ പേപ്പര്‍ പൊട്ടിക്കുന്നത്. ഇവിടെ ചീഫ് സൂപ്രണ്ട് മാത്രമാണു പൊട്ടിച്ച ചോദ്യപേപ്പറിന്റെ കവറിന് മുകളില്‍ ഒപ്പിട്ടിരിക്കുന്നതെന്നും പരാതിയുണ്ട്.  

വിവരം അറിയിച്ചില്ല

സാധാരണഗതിയില്‍ ചോദ്യപേപ്പര്‍ മാറി പൊട്ടിച്ചാല്‍ വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടറെ വിവരം അറിയിക്കണമെന്നാണ് ചട്ടം. എന്നാലിത് സ്കൂളില്‍തന്നെ ഒതുക്കി തീര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതായിരുന്നുവെന്നാണു വിദ്യാഭ്യാസ രംഗത്തുള്ളവര്‍ പറയുന്നത്.

English Summary: VHSE Question paper leaked in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com