ADVERTISEMENT

ന്യൂഡൽഹി∙ പ്രതിബന്ധങ്ങൾ തകർത്തെറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നേറുന്നതിനെക്കുറിച്ച് ബിജെപി പുറത്തിറക്കിയ അനിമേഷൻ‌ വിഡിയോയിൽ 2024ലേക്കുള്ള പദ്ധതികളും. ഇന്ത്യയെ അഞ്ച് ട്രില്യൻ യൂഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള പാതയിലാണു മോദിയെന്നു വിഡിയോ വ്യക്തമാക്കുന്നു. പ്രതിപക്ഷം മോദിയുടെമേൽ ഉന്നയിക്കുന്ന ചില ആരോപണങ്ങളെ തട്ടിയെറിഞ്ഞ് വിവിധ കേന്ദ്ര പദ്ധതികൾ നടപ്പാക്കി മോദി മുന്നേറുന്നതാണ് വിഡിയോയുടെ കാതൽ.

‘മുഝെ ചൽതെ, ജാനാ ഹെ’ (എനിക്ക് ഇനിയും പോകാനുണ്ട്) എന്ന നാലരമിനിറ്റ് ദൈർഘ്യമുള്ള അനിമേഷൻ വിഡിയോയാണ് ബിജെപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ മോദിയുടെ വളർച്ചാ പടവുകളെയാണ് കാണിക്കുന്നത്. കോവിഡിന്റെ സമയത്ത് ഇന്ത്യൻ നിർമിത വാക്സീന്‍ എന്നെഴുതിയ സിറിഞ്ചുമായി തീ കത്തുന്നതിനു മുകളിൽ വടം കെട്ടി അതിലൂടെ നടക്കുന്ന മോദിയെയാണു ചിത്രീകരിച്ചിരിക്കുന്നത്.

മോദിക്കെതിരെ ആരോപണം ഉന്നയിക്കുന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മണി ശങ്കർ അയ്യർ, ദിഗ്‌വിജയ് സിങ് എന്നിവരെയും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷം ഉന്നയിച്ച ‘ചായ്‌വാല’, ‘ചൗക്കിദാർ ചോർ ഹേ’, റഫാൽ യുദ്ധവിമാന ഇടപാട് തുടങ്ങിയവയെക്കുറിച്ചും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിബിസിയുടെ ഡോക്കുമെന്ററിയെക്കുറിച്ചും പരാമർശമുണ്ട്. അതേസമയം, 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് വിഡിയോയിൽ പരാമർശിക്കുന്നില്ല.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റ് ബറാക് ഒബാമ, യുകെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുടെ അനിമേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ അവഗണിച്ച് പടവുകൾ കയറിക്കയറി അഞ്ച് ട്രില്യൻ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കു മോദി നടക്കുന്നത് ചിത്രീകരിച്ചാണ് വിഡിയോ അവസാനിക്കുന്നത്.

English Summary: In BJP's "Mujhe Chalte Jaana Hai" Video Starring PM, A Peak Into 2024 Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com