തിരുവനന്തപുരം∙ കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായി കുടുംബശ്രീ മാറിയിരിക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കുടുംബശ്രീയുടെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു രാഷ്ട്രപതി. പ്രധാനമന്ത്രിയായിരിക്കെ 1998ൽ കുടുംബശ്രീക്കു തുടക്കം കുറിച്ച അടൽ ബിഹാരി വാജ്‌പേയിയുടെ കാഴ്ചപ്പാടും സംവേദനക്ഷമതയും നന്ദിയോടെ സ്മരിക്കുന്നതിനുള്ള അവസരമാണിതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ വികസനത്തിനായി ഇവിടെ ആരംഭിച്ച ഉന്നതി എന്ന പരിപാടിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട യുവാക്കൾക്കിടയിൽ തൊഴിലിനും സ്വയംതൊഴിലിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഉന്നതി. ഈ സംരംഭത്തിന് എല്ലാ വിജയവും ആശംസിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
ഭരണഘടനാ നിർമാണസഭയിൽ 15 വനിതാ അംഗങ്ങളാണുണ്ടായിരുന്നതിൽ മൂന്നു പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നെന്ന് രാഷ്ട്രപതി പറഞ്ഞു. അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്ക്രീൻ എന്നിവർ അവരുടെ കാലത്തെക്കാൾ ഏറെ മുന്നിൽ സഞ്ചരിച്ചവരായിരുന്നു. ഭരണഘടനാ നിർമാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക ദലിത് വനിതയായിരുന്നു ദാക്ഷായണി വേലായുധൻ. ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത, ജസ്റ്റിസ് അന്ന ചാണ്ടിയാണ്. സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയായി ജസ്റ്റിസ് എം. ഫാത്തിമ ബീവി നിയമചരിത്രം സൃഷ്ടിച്ചു. 96-ാം വയസിൽ അക്ഷരലക്ഷം പദ്ധതിപ്രകാരം ഒന്നാം റാങ്ക് കരസ്ഥമാക്കി കാർത്യായനി അമ്മ ദേശീയ പ്രതീകമായി മാറി. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നഞ്ചിയമ്മയ്ക്ക് സമ്മാനിക്കാനുള്ള ഭാഗ്യവുമുണ്ടായി. പി.ടി.ഉഷ പിന്നീടുവന്ന തലമുറകളിലെ പെൺകുട്ടികൾക്ക് കായികരംഗം കരിയർ ആയി സ്വീകരിക്കാനും ഇന്ത്യയുടെ യശസു വർധിപ്പിക്കാനും പ്രചോദനമായെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണ്. സ്ത്രീ സാക്ഷരതയിലുൾപ്പെടെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണ്. അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണ നിരക്ക് തടയുന്നതിലും കേരളം രാജ്യത്തെ ഏറ്റവും മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നതെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.

English Summary: Kudumbashree Silver Jubilee celebration, President Draupadi Murmu speech