ADVERTISEMENT

കൊൽക്കത്ത∙ ബിജെപിക്കെതിരെ കോൺഗ്രസ് ഇതര സഖ്യം രൂപീകരിക്കാനൊരുങ്ങി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും. ഇരുവരും ഇന്ന് കൊൽക്കത്തയിൽവച്ച് കൂടിക്കാഴ്ച നടത്തി. ഇതിന്റെ തുടർച്ചയായി മമത അടുത്തയാഴ്ച ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്കുമായും കൂടിക്കാഴ്ച നടത്തുെമന്നാണ് വിവരം. പ്രതിപക്ഷത്തിന്റെ മുഖമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉയർത്തി കാട്ടാനുള്ള ശ്രമത്തെ മറികടക്കാനാണ് മമതയുടെ പുതിയ നീക്കം. പ്രതിപക്ഷത്തിന്റെ മുഖമായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടാൻ ബിജെപിയും ബോധപൂർവം ശ്രമിക്കുന്നുവെന്ന സംശയം മമത ഉൾപ്പെടെയുള്ളവർക്കുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് ബിജെപിക്കൊപ്പം കോൺഗ്രസിനെയും അകറ്റി നിർത്തിയുള്ള പുതിയ നീക്കം.

ലണ്ടൻ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ ഉപയോഗിച്ച് ബിജെപി തങ്ങളെ ലക്ഷ്യം വയ്ക്കുകയാണെന്ന് മറ്റു പ്രതിപക്ഷ പാർട്ടികൾ കരുതുന്നു.

‘‘വിദേശത്ത് രാഹുൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളിൽ മാപ്പു പറയാതെ പാർലമെന്റ് നടപടികൾ മുന്നോട്ടു പോകാൻ ബിജെപി അനുവദിക്കില്ല. അതിനർഥം കോൺഗ്രസിനെ ഉൾക്കൊള്ളിച്ച് പാർലമെന്റ് പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്നാണ്. രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമാകണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. കാരണം അത് ബിജെപിയെ സഹായിക്കുമെന്ന് അവർക്കറിയാം. 2024ലെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടേണ്ട ആവശ്യമില്ല’– തൃണമൂൽ കോൺഗ്രസ് എംപി സുദിപ് ബാന്ദ്യോപധ്യായ് പറഞ്ഞു.

‘കോൺഗ്രസാണ് പ്രതിപക്ഷത്തിന്റെ ബിഗ് ബോസ് എന്നത് തെറ്റിധാരണയാണ്. മുഖ്യമന്ത്രി മമത ബാനർജി മാർച്ച് 23ന് നവീൻ പട്നായിക്കിനെ കാണുന്നുണ്ട്. ബിജെപിയും കോൺഗ്രസുമായി തുല്യ അകലം പാലിക്കാനുള്ള തീരുമാനം മറ്റു പ്രതിപക്ഷ പാർട്ടികളുമായും ചർച്ച ചെയ്യും. ഇതൊരു മൂന്നാം മുന്നണിയാണെന്ന് ഞങ്ങൾ അഭിപ്രായപ്പെടുന്നില്ല. എന്നാൽ പ്രാദേശിക പാർട്ടികൾക്ക് ബിജെപിക്കെതിരെ നിൽക്കാനുള്ള ശക്തിയുണ്ട്’ – സുദിപ് പറഞ്ഞു.

ബിജെപിയുമായും കോൺഗ്രസുമായും തുല്യം അകലം പാലിക്കുമെന്ന് അഖിലേഷ് യാദവ് അറിയിച്ചു. ബംഗാളിൽ തങ്ങൾ മമതയ്ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വാക്സീൻ എടുക്കുന്നവർക്ക് സിബിഐ, ഇഡി, ആദായ നികുതി എന്നിവരെ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു. ചില പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര അന്വേഷണ ഏജൻസികളാൽ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: Mamata Banerjee, Akhilesh Yadav Agree On New Front - Without Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com