ലഹോർ ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോടതിയിലേക്കു പോയ സമയത്ത് ലഹോറിൽ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ചുകയറി പൊലീസ് സംഘം. അഴിമതിക്കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാൻ ഇസ്‍ലാമാബാദിലെ കോടതിയിലേക്കു പോയ സമയത്താണ് പൊലീസ് സംഘം അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പൊലീസ് സംഘം അകത്തു കയറുന്ന സമയത്ത് ഇമ്രാന്റെ ഭാര്യ ബുഷ്റ ബീഗം വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇമ്രാനെ അനുകൂലിക്കുന്ന പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പത്തോളം തെഹ്‌രീക് ഇ ഇൻസാഫ് പ്രവർത്തകർക്കു പരുക്കേറ്റു. മുപ്പതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. വീട്ടിലേക്ക് ഇരച്ചുകയറിയ പൊലീസ് സംഘം അവിടെ കൂടിയിരുന്ന ഇമ്രാന്റെ പാർട്ടി പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് നടത്തുന്നതിന്റെ വിഡിയോ പാർട്ടി പുറത്തുവിട്ടു.
അതേസമയം, പൊലീസ് സംഘം വീട്ടിൽ പ്രവേശിച്ചതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു. ‘‘ബുഷ്റ ബീഗം മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പഞ്ചാബ് പൊലീസ് സമൻ പാർക്കിലെ വീട്ടിലേക്ക് ഇരച്ചുകയറി അതിക്രമം കാട്ടി. ഏതു നിയമത്തിന്റെ പിൻബലത്തിലാണ് അവർ ഇതു ചെയ്തത്? ഒരു നിയമനം അംഗീകരിച്ചതിന്റെ പ്രത്യുപകാരമായി ഒളിവിലുള്ള നവാസ് ഷരീഫിനെ തിരികെയെത്തിച്ച് അധികാരത്തിലേറ്റാനുള്ള ‘ലണ്ടൻ പ്ലാനി’ന്റെ ഭാഗമാണിത്.’ – ഇമ്രാൻ ഖാൻ കുറിച്ചു.
കോടതി ഉത്തരവിനെ തുടർന്ന് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിനുള്ള പൊലീസിന്റെ ശ്രമം ഇതിനു മുൻപും സംഘർഷത്തിൽ കലാശിച്ചിരുന്നു. തോഷഖാന കേസിൽ കഴിഞ്ഞ മാസം 28ന് ആണ് ഇസ്‌ലാമാബാദ് സെഷൻസ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയിൽനിന്നു ഗ്രാഫ് ആഡംബര വാച്ച് അടക്കം വിലയേറിയ സമ്മാനങ്ങൾ കുറഞ്ഞവിലയ്ക്കു സ്വന്തമാക്കി മറിച്ചു വിറ്റെന്നാണു കേസ്.
English Summary: Pak Police Break Into Imran Khan's Home Hours After He Leaves For Court