നെറ്റ്ഫ്ലിക്സിൽ ‘ഇന്ത്യൻ പ്രിഡേറ്റർ: ബീസ്റ്റ് ഓഫ് ബാംഗ്ലൂർ’ എന്ന ക്രൈം സീരീസ് പുറത്തിറങ്ങിയിട്ട് അധികമായിട്ടില്ല. ഉമേഷ് റെഡ്ഡി എന്ന മുൻ സൈനിക, പൊലീസുകാരൻ രാജ്യത്തെതന്നെ ഞെട്ടിച്ച സീരിയൽ കില്ലറായി മാറിയതിന്റെ കഥ പറയുന്നതാണിത്. 20 സ്ത്രീകളെ കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷ കാത്തു കഴിയുന്ന ‘സയനൈഡ്’ മോഹൻ എന്ന മുൻ സ്കൂൾ അധ്യാപകനുമുണ്ട്, അതും കർണാടകയിലാണ്. ഇയാളുടെ ജീവിതകഥയും സിനിമയായും പരമ്പരയായുമൊക്കെ വരുന്നുണ്ട്. രാജ്യത്ത് പലയിടങ്ങളിലും ഇത്തരത്തിൽ സീരിയൽ കില്ലർമാരുടെ ജീവിതം സിനിമയും ഇപ്പോൾ പരമ്പരയായും പുറത്തിറങ്ങുന്നു. മോഹൻലാലും നാസറും അഭിനയിച്ച, 1990ൽ ഇറങ്ങിയ ‘മുഖം’ ഈയൊരു വിഷയം പറഞ്ഞ മലയാള സിനിമയാണ്. ഇത്തരത്തിൽ ജനങ്ങളുടെ മുന്നിലേക്ക് സിനിമകളിലൂടെയും മറ്റും എത്തുന്നതോടെയാണ് കൊലപാതക പരമ്പരയുടെ ഭീകരത പലപ്പോഴും ആളുകൾക്ക് മനസ്സിലാകുന്നത്. കർണാടകയും ഏതാനും ദിവസം മുൻപു വരെ അത്തരമൊരു ‘സീരിയൽ കില്ലർ’ ഭീഷണിയിലായിരുന്നു. മൂന്നു മാസത്തിനിടയിൽ മൂന്നാമതൊരു സ്ത്രീയുടെ മൃതദേഹം കഴിഞ്ഞ ദിവസം കർണാടകത്തിൽനിന്ന് കണ്ടെത്തിയതോടെയാണ് സംശയമുന സീരിയൽ കില്ലർക്കു നേരെ നീണ്ടത്. മൂന്നെണ്ണവും എല്ലാ വിധത്തിലും സാദൃശ്യം തോന്നിപ്പിക്കുന്ന കൊലപാതകങ്ങൾ. അതുകൊണ്ടുതന്നെ ഒരു സീരിയൽ കില്ലറുടെ സാന്നിധ്യം പൊലീസും സംശയിച്ചിരുന്നു. എന്നാൽ കൊല്ലപ്പെട്ട സ്ത്രീയേയും പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയത് ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു കൂടി അടുത്തിരിക്കെ, ഇത്തരമൊരു സംഭവം രാഷ്ട്രീയ വിഷയമായും മാറിയിരുന്നു.
HIGHLIGHTS
- തിരഞ്ഞെടുപ്പു നടക്കാനിരിക്കെ തുടരെത്തുടരെ കൊലപാതകങ്ങൾ നടക്കുമ്പോൾ ഭരിക്കുന്നവരുടെ ചങ്കൊന്നിടിക്കും, ജനം ഭയക്കും. ആ ഭയം അടുത്തകാലത്ത് കർണാടക അനുഭവിച്ചു. സംസ്ഥാനത്തിന് ഭീതിയുടെ രാപ്പകലുകൾ സമ്മാനിച്ച ‘സീരിയർ കില്ലർ’മാരുടെ പേടിപ്പെടുത്തുന്ന ഓർമകളിലേക്കു കൂടിയാണ് അതവരെ നയിച്ചത്...