തിരുവനന്തപുരം ∙ വിവാദ ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടത് റദ്ദാക്കാനുള്ള ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള ബില്ലിലും മാത്രമാണു ഗവര്‍ണര്‍ ഒപ്പിട്ടത്. ലോകായുക്ത, സർവകലാശാല ബില്ലുകൾ ഉൾപ്പെടെ ആറെണ്ണത്തിൽ ഒപ്പിട്ടില്ല.
ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്നതാണ് വിവാദമായ ഒരു ബിൽ. രാഷ്ട്രപതിയുടെ അനുമതിക്കായി ബിൽ അയയ്ക്കുന്ന കാര്യം ഉൾപ്പെടെ പരിഗണനയിലാണെന്നു ഗവർണർ വ്യക്തമാക്കിയിരുന്നു. മന്ത്രിമാർ നേരിട്ടെത്തി ബില്ലുകളെക്കുറിച്ച് ഗവർണറോട് വിശദീകരിച്ചു.
ആറുമാസം സമയമെടുത്താണ് മന്ത്രിമാർ കാര്യങ്ങൾ വിശദീകരിച്ചതെന്നും അതുകൊണ്ട് ഇനി തീരുമാനത്തിലെത്താൻ തനിക്കും സമയം വേണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിരുന്നു.
English Summary: Governor Arif Mohammed Khan not ready to sign on bills