ADVERTISEMENT

തലശേരി ∙ കർഷകരുടെ പ്രശ്നം പറയുമ്പോൾ ബിജെപിയിൽ ചാരി അത് തമസ്കരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. റബറിന് 300 രൂപ തറവില ഉറപ്പാക്കിയാൽ ബിജെപിക്ക് ഇവിടെ എംപിമാരില്ലെന്ന വിഷമം മലയോര കർഷകർ മാറ്റിത്തരുമെന്ന തന്റെ പ്രസ്താവനയെ വിമർശിച്ച കോൺഗ്രസിനെയും സിപിഎമ്മിനെയും മാർ പാംപ്ലാനി കടുത്ത ഭാഷയിൽ വിമർശിച്ചു. അധികാരത്തിലെത്തിയാൽ തറവില 250 രൂപയാക്കുമെന്ന് ഉറപ്പു നൽകിയ എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ പിന്നീട് എന്തു ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. റബർ വിലയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് എന്തു ചെയ്തെന്നും അദ്ദേഹം ആരാഞ്ഞു.

ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഏകപക്ഷീയമായി ഏറ്റെടുത്തു എന്നൊന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. ഞങ്ങളെ ദൈവം രക്ഷിക്കുമെന്നേ ഞങ്ങൾ വിശ്വസിക്കുന്നുള്ളൂ. ആർക്കും ചുവപ്പു പരവതാനി വിരിക്കാൻ സഭ ആഗ്രഹിക്കുന്നില്ലെന്നും മാർ പാംപ്ലാനി പ്രഖ്യാപിച്ചു.

മാർ പാംപ്ലാനിയുടെ വാക്കുകളിലൂടെ..

ആലക്കോടു നടത്തിയ പ്രസംഗത്തിൽ ഞാൻ‌ പറഞ്ഞത് ഈ പ്രദേശത്തെ മലയോര കർഷകരുടെ വികാരമാണ്. അവർക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം. 300 രൂപ തറവിലയെക്കുറിച്ചു മാത്രമല്ല പറഞ്ഞത്. അഞ്ച് കാര്യങ്ങളാണ് ആ പ്രസംഗത്തിൽ ഞാൻ ഊന്നിപ്പറഞ്ഞത്. 300 രൂപ തറവില പ്രഖ്യാപിക്കുക, ജപ്തി നടപടികൾ സർക്കാർ നിർത്തിവയ്ക്കുക തുടങ്ങിയവയാണ് പറഞ്ഞത്. ജപ്തി നടപടികൾ നിർത്തിവയ്ക്കുന്നത് കേരളം ഭരിക്കുന്ന സർക്കാരിനു തീരുമാനിക്കാവുന്ന കാര്യമാണ്. റബറിന് 250 രൂപ താങ്ങുവില ഉറപ്പാക്കും എന്ന് ആരുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് പറഞ്ഞിരുന്നത്? ആ പറഞ്ഞതിന് അവർ എന്തു വില കൽപ്പിച്ചു? 175 രൂപ തറവില നിശ്ചയിച്ചു. ആ തറവിലയ്ക്ക് ഇപ്പോൾ റബർ എടുക്കുന്നുണ്ടോ? എത്രപേർക്ക് ആ പണം കിട്ടുന്നുണ്ട്? 

ഞങ്ങൾ സംസാരിക്കുന്നത് ഗതി കെട്ടിട്ടാണ്. ബിജെപിക്കു വേണ്ടി വോട്ടുപിടിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ഞങ്ങളുടെ ആവശ്യങ്ങളെ തമസ്കരിക്കാമെന്ന് ഒരു നേതാവും സ്വപ്നം കാണണ്ട. മലയോര കർഷകർ ഇക്കാര്യത്തിൽ ഉറച്ച തീരുമാനത്തിലാണ്. അതിൽ മാറ്റമില്ല. സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ ജപ്തി നടപടികൾ നിർത്തിവച്ച് കർഷകരെ സഹായിക്കുമോ? എങ്കിൽ ഞങ്ങൾ അവരെ പിന്തുണയ്ക്കാം. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞതുപോലെ റബറിന് 250 താങ്ങുവില ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാരിനു സാധിക്കുമോ? അങ്ങനെയെങ്കിൽ ഞങ്ങളുടെ പരിപൂർണ പിന്തുണ നിങ്ങൾക്കു തന്നെയാണ്. ഈ പറഞ്ഞ ആവശ്യങ്ങൾ നടത്തിയെടുക്കാൻ കോൺഗ്രസ് സഹായിക്കുമോ? എങ്കിൽ ഞങ്ങളുടെ പിന്തുണ അവർക്കാണ്. ഞാൻ ഈ മൂന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പേരെടുത്തു പറഞ്ഞുതന്നെയാണ് പ്രസംഗിച്ചത്.

ബിജെപി എന്ന് കേട്ടപ്പോൾത്തന്നെ എല്ലാം അതിൽ കൊണ്ടുപോയി നിർത്തി ഞങ്ങൾ പറഞ്ഞ വിഷയം ലഘൂകരിക്കാം എന്ന് ആരും കരുതേണ്ട. ഇക്കാര്യത്തിൽ മലയോര കർഷകർ കൈക്കൊണ്ട തീരുമാനത്തിൽത്തന്നെ ഉറച്ചു നിൽക്കുകയാണ്.

ഒരു തുറുപ്പുചീട്ടുവച്ചും കേരളത്തിൽ ഭരണം പിടിക്കാമെന്ന് വ്യാമോഹിക്കേണ്ട എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം, അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും നിലപാടായിരിക്കാമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ബിജെപിയെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള സിപിഎമ്മിന്റെ അവകാശത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്തായാലും ഇവിടെ ആർക്കും ചുവപ്പുപരവതാനി വിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. 

ബിജെപിയുടെ ന്യൂനപക്ഷ വേട്ട ഉയർത്തിക്കാട്ടി ബിഷപ്പിന്റെ പരാമർശത്തെ എതിർത്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും അദ്ദേഹം മറുപടി നൽകി.

‘‘ന്യൂനപക്ഷമെന്ന നിലയിലല്ല ഞങ്ങൾ ഈ ആവശ്യം ഉയർത്തുന്നത്. മലയോര കർഷകർ എന്ന നിലയിലാണ്. ഈ വിഷയത്തിൽ ഞങ്ങൾക്ക് പരിഹാരം കണ്ടെത്തിത്തരേണ്ടത് കേന്ദ്രം ഭരിക്കുന്ന സർക്കാരാണ്. ഇറക്കുമതിച്ചുങ്കം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ പറയുന്ന നേതാവിന്റെ പാർട്ടി ഭരിച്ചപ്പോൾ എന്തു ചെയ്തു? അന്ന് എന്തുകൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിയില്ല? അതുകൂടി ചിന്തിക്കേണ്ടേ? കർഷകരുടെ പ്രശ്നം പറയുമ്പോൾ ‘അയ്യോ ബിജെപിയെ പിന്തുണച്ചേ’ എന്ന് പറഞ്ഞു നിലവിളിച്ചാൽ അതു കേട്ട് ഞങ്ങൾ പേടിച്ചോടുകയൊന്നുമില്ല. ഇവിടെ ഞങ്ങൾ സംസാരിക്കുന്നത് മലയോര കർഷകരെന്ന നിലയിലാണ്. അല്ലാതെ ക്രൈസ്തവ സമുദായമെന്ന നിലയിലോ ന്യൂനപക്ഷ വിഭാഗമെന്ന നിലയിലോ അല്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഏകപക്ഷീയമായി ഏറ്റെടുത്തു എന്നൊന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. ഞങ്ങളെ ദൈവം രക്ഷിക്കുമെന്നേ ഞങ്ങൾ വിശ്വസിക്കുന്നുള്ളൂ.

English Summary: Mar Joseph Pamplany Responds To The Criticism On His BJP Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com