ADVERTISEMENT

ബെളഗാവി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘റിമോട്ട് കൺട്രോൾ’ പരിഹാസത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്ത്. കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ ഖർഗെയാണെങ്കിലും അദ്ദേഹത്തെ നിയന്ത്രിക്കുന്നത് ഗാന്ധി കുടുംബമാണെന്ന തരത്തിൽ മോദി പല സ്ഥലങ്ങളിലും പ്രസംഗിച്ചിരുന്നു. അങ്ങനെയെങ്കിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ ‘റിമോട്ട് കൺട്രോൾ’ ആരുടെ കൈവശമാണെന്ന് ഖർഗെ ചോദിച്ചു. ബിജെപിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നാണെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഖർഗെയുടെ മറുചോദ്യം.

സത്യം പറഞ്ഞതിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി സർക്കാർ വേട്ടയാടുകയാണെന്ന് ഖർഗെ ആരോപിച്ചു. ഇതുകൊണ്ടൊന്നും തന്നെയും കോൺഗ്രസിനെയും ഭയപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയ ഖർഗെ, എന്തു വെല്ലുവിളി നേരിടാനും തയാറാണെന്നും പ്രഖ്യാപിച്ചു.

‘‘ഖർഗെ കോൺഗ്രസ് പ്രസിഡന്റായെങ്കിലും റിമോട്ട് കൺട്രോൾ മറ്റാരുടെയോ കൈവശമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബെളഗാവിയിൽ വന്ന് പ്രസംഗിച്ചത്. ശരി, എന്റെ റിമോട്ട് കൺട്രോൾ മറ്റാരുടെയോ കൈവശമാണെന്നു തന്നെ ഇരിക്കട്ടെ. പക്ഷേ, ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡയുടെ റിമോട്ട് കൺട്രോൾ ആരുടെ കൈവശമാണ്?’ – ഖർഗെ ചോദിച്ചു.

‘‘നഡ്ഡയുടെ വാക്കുകളെയും പ്രവർത്തനങ്ങളെയും റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കുന്നത് ആരാണ്? ഇങ്ങനെ നോക്കിയാൽ ബിജെപിയുടെ ഒരുപാട് ദൗർബല്യങ്ങൾ ഞങ്ങൾക്കും ചൂണ്ടിക്കാട്ടാനുണ്ട്. ഭീരുക്കളാണ് നിങ്ങൾ’ – ഖർഗെ പറഞ്ഞു.

മുതിർന്ന നേതാവായ മല്ലികാർജുൻ ഖർഗെയെ ഒരു കുടുംബത്തിന്റെ താൽപര്യങ്ങൾക്കായി ദേശീയ പ്രസിഡന്റാക്കി കോൺഗ്രസ് അപമാനിച്ചുവെന്നായിരുന്നു മോദിയുടെ ആരോപണം. ‘‘ഖർഗെയെ പേരിനു മാത്രം പ്രസിഡന്റായി തിരഞ്ഞെടുത്തതാണെന്നു വ്യക്തമല്ലേ? അദ്ദേഹത്തോടുള്ള പെരുമാറ്റത്തിൽത്തന്നെ അനാദരവ് വ്യക്തം. ആരുടെ കയ്യിലാണ് റിമോട്ട് കൺട്രോളെന്നും എല്ലാവർക്കും അറിയാം’ – എന്നും മോദി പറഞ്ഞിരുന്നു.

English Summary: "If My Remote With Someone Else...": Congress Chief's Counter To PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com