കൊച്ചി∙ തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്ത് ലഹരിവില്‍പന നടത്തിയിരുന്ന നാടക നടിയായ യുവതി പൊലീസിന്‍റെ പിടിയിലായി. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശി ഷമീര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംക്‌ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. പൊലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെട്ടു.
ഇതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് എംഡിഎംഎ കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്ന് വന്‍തോതില്‍ എത്തിക്കുന്ന ലഹരിവസ്തുക്കള്‍ വീട് വാടകയ്ക്കെടുത്ത് സൂക്ഷിച്ച ശേഷമായിരുന്നു വിതരണം. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജു, കൃഷ്ണ മൂന്നു വര്‍ഷം മുന്‍പാണ് കാസര്‍കോട് സ്വദേശി ഷമീറിനെ പരിചയപ്പെടുന്നത്. ഉണിച്ചിറയിലെ വീട് വാടകയ്ക്കെടുത്തത് ഒരു മാസം മുന്‍പാണ്. രക്ഷപ്പെട്ട ഷമീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
English Summary: Drama actress arrested in drug case in Kochi