ADVERTISEMENT

തിരുവനന്തപുരം ∙ റബർ കിലോയ്ക്ക് 300 രൂപ ഉറപ്പാക്കിയാൽ ബിജെപിക്ക് കേരളത്തിൽനിന്ന് എംപിമാരില്ലാത്തതിന്റെ വിഷമം മലയോര കർഷകർ മാറ്റിത്തരു‌മെന്നു പ്രസംഗിച്ച തലശേരി അതിരൂപതാ ആർ‌ച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് എം.എം. ബേബി. മാർ പാംപ്ലാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണെന്ന് ബേബി വിമർശിച്ചു. നീ എനിക്ക് കിലോയ്ക്ക് 300 രൂപ തന്നാൽ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസം അല്ലെന്നും എം.എ.ബേബി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ആഗോള കത്തോലിക്കാ സഭയുടെ അധിപനായ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്തു നിൽക്കാനാണെന്നും, അല്ലാതെ 300 രൂപയോ അധികാരത്തിന്റെ ശീതളഛായയോ തരുന്നവരുടെ കൂടെ നിൽക്കാനല്ലെന്നും എം.എ.ബേബി ചൂണ്ടിക്കാട്ടി.

എം.എ.ബേബിയുടെ കുറിപ്പിന്റെ പൂർണരൂപം

‘‘റബറിന്റെ വില കിലോയ്ക്കു 300 രൂപയാക്കിയാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ കേരളത്തിൽനിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും’’ എന്നു പറയുന്ന സിറോ മലബാർ സഭയുടെ തലശ്ശേരി അതിരൂപതയുടെ  ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് 300 രൂപ തന്നാൽ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസം അല്ല.

‘‘നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.’’ മത്തായിയുടെ സുവിശേഷം 5–ാം അധ്യായം, വാക്യം 20. യേശുക്രിസ്തു ഗലീലിയിലെ ഗിരിപ്രഭാഷണത്തിൽ പറഞ്ഞതാണ് ഈ വാക്യം. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമത വിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.

ആർഎസ്എസ് സർക്കാർ റബറിന്റെ വില കൂട്ടാൻ പോകുന്നില്ല എന്നത് എല്ലാവർക്കും അറിയാം. അവർ കർഷകരെ കൂടുതൽ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദർ സ്റ്റാൻ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികൾ ആലോചിക്കേണ്ടത്, നീതിയെക്കുറിച്ചാണ്. ആഗോള കത്തോലിക്കാ സഭയുടെ അധിപൻ ഫ്രാൻസിസ് മാർപാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്തു നില്ക്കാനാണ്. അല്ലാതെ 300 രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാൻ അല്ല.

English Summary: CPM Leader MA Baby Criticises Mar Joseph Pamplany Over His BJP Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com