ADVERTISEMENT

ന്യൂഡൽഹി ∙ പോപ്പുലർ ഫ്രണ്ട് നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചു. പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനവും ശരിവച്ചു. 5 വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും കേന്ദ്രസർക്കാർ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും.

2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) 8 അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ 5 വര്‍ഷത്തേക്കു നിരോധിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമായിരുന്നു നടപടി. ഇതിനു പിന്നാലെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Read Also: തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമോ? ബദൽ മാർഗം പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി

പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷനൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവയാണ് നിരോധിച്ചത്.

യുഎപിഎ ട്രൈബ്യൂണല്‍

യുഎപിഎ നിയമപ്രകാരം ഒരു സംഘടന നിയമവിരുദ്ധമെന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍, സാധാരണഗതിയില്‍, ട്രൈബ്യൂണല്‍ ശരിവയ്ക്കുമ്പോഴാണ് അതു പ്രാബല്യത്തിലാവുക. എന്നാല്‍, ട്രൈബ്യൂണലിന്റെ തീരുമാനത്തിന് വിധേയം എന്നു വ്യക്തമാക്കി ഉടനടി പ്രാബല്യം നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തില്‍ പ്രയോഗിച്ചിട്ടുള്ളത്. സംഘടന നിയമവിരുദ്ധമെന്ന വിജ്ഞാപനം ഇറങ്ങി 30 ദിവസത്തിനകം വിഷയം ട്രൈബ്യൂണലിനു വിടണം. ഹൈക്കോടതി സിറ്റിങ് ജഡ്ജിയായിരിക്കും ട്രൈബ്യൂണല്‍. സംഘടനയെ നിയമവിരുദ്ധമെന്നു പ്രഖ്യാപിക്കാന്‍ മതിയായ കാരണങ്ങളുണ്ടോയെന്നാണു ട്രൈബ്യൂണല്‍ പരിശോധിച്ചത്. സ്വന്തം ഭാഗം വിശദീകരിക്കാന്‍ സംഘടനയ്ക്കും അവസരമുണ്ടാകും. ട്രൈബ്യൂണലിനു സ്വതന്ത്ര അന്വേഷണവും നടത്താം. സര്‍ക്കാര്‍ നടപടി സ്ഥിരപ്പെടുത്താനും റദ്ദാക്കാനും ട്രൈബ്യൂണലിന് അധികാരമുണ്ട്. നിയമവിരുദ്ധമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചതു മുതല്‍ 6 മാസത്തിനകമാണ് ട്രൈബ്യൂണല്‍ തീരുമാനമെടുക്കേണ്ടത്. ഇതേസമയം, ട്രൈബ്യൂണല്‍ ശരിവച്ചാലും, സംഘടന നിയമവിരുദ്ധമെന്ന പ്രഖ്യാപനം റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.

English Summary: Popular front of india ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com