ADVERTISEMENT

ചെന്നൈ ∙ രാത്രിയിൽ മദ്യപിച്ച് നടുറോഡിൽ അഴിഞ്ഞാടിയ യുവതികളുടെ കൂട്ടത്തിലുള്ള ഒരാൾ കെട്ടിടത്തിൽനിന്നും താഴേക്കു ചാടി. ചെന്നൈയിലാണ് സംഭവം. കഴിഞ്ഞ ദിവസം മദ്യലഹരിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ യുവതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് പൊലീസ് സ്ഥലത്തെത്തി വളരെ ശ്രമകരമായാണ് ഇവരെ കീഴ്പ്പെടുത്തി വീട്ടിലെത്തിച്ചത്. ഇവർക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനും കേസും റജിസ്റ്റർ ചെയ്തു. ഇതിനിടെയാണ് കൂട്ടത്തിലെ സൊനാലി എന്ന യുവതി വീണ്ടും മദ്യപിച്ച ശേഷം നാലാം നിലയിൽനിന്ന് താഴേക്കു ചാടിയത്.

സംഭവം ഇങ്ങനെ: തുടർച്ചയായ ഫോൺകോളുകളെ തുടർന്നാണ് കഴിഞ്ഞ ദിവസം പൊലീസ് സംഘം ചെന്നൈ ബാലാജി റോഡിലെ സംഭവസ്ഥലത്ത് എത്തിയത്. ആറു യുവതികൾ പരിസരം മറന്ന് തമ്മിൽത്തല്ലുന്നതാണ് വനിതാ എസ്ഐയും സംഘവും അവിടെ കണ്ടത്. മാത്രമല്ല, റോഡിലിറങ്ങി ഗതാഗത തടസവും സൃഷ്ടിക്കുന്നുണ്ടായിരുന്നു. കണ്ണകി നഗർ സ്വദേശികളായ ആറു യുവതികൾ കേറ്ററിങ് ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസം ജോലിക്കു ശേഷം ബാറിലെത്തി മദ്യപിച്ചു. മദ്യലഹരിയിൽ മദ്യക്കുപ്പികളുമായി നടുറോഡിലേക്കിറങ്ങി. ഇതിനിടെയാണ് ആ ദിവസത്തെ ശമ്പളം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കം രൂപപ്പെട്ടത്. വാക്പോരും തർക്കവും പിന്നീട് കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും അസഭ്യവർഷമായിരുന്നു യുവതികളുടെ മറുപടി. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് നാട്ടുകാർ പൊലീസിനെ വിളിച്ചത്. പൊലീസിനെ കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന മൂന്നു യുവതികൾ സ്ഥലംവിട്ടു. ബാക്കി മൂന്നുപേരും പരിസരം മറന്ന് തമ്മിൽത്തല്ലി. പിന്നാലെ വീണ്ടും റോഡിലിറങ്ങി. ഇതിനിടെ യുവതികളിൽ ഒരാൾ ബസിനു മുന്നിലേക്ക് എടുത്തുചായി മറ്റൊരാൾ അതിലെ വന്ന് ഹോൺ മുഴക്കിയ ലോറിയുടെ മുന്നിൽ തൂങ്ങിയാടി. വനിതാ പൊലീസ് ഉദ്യോഗസ്ഥർ എത്ര ശ്രമിച്ചിട്ടും കീഴ്പ്പെടുത്താൻ കഴിയാതെ വന്നതോടെ ഒപ്പമുണ്ടായിരുന്ന പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടു. സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് യുവതികൾ അസഭ്യവർഷം നടത്തിയതോടെ ഈ ഉദ്യോഗസ്ഥൻ പിൻമാറി.

പിന്നീട് വനിതാ ഉദ്യോഗസ്ഥർ തന്നെ കഷ്ടപ്പെട്ട് മൂന്നു പേരെയും കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം യുവതികളെ അവരുടെ വീടുകളിലെത്തിച്ചു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും ആറു പേർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തു. 

ഇതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന സൊനാലി എന്ന യുവതി വീണ്ടും മദ്യപിച്ച് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് ചാടിയത്. മദ്യപിച്ചശേഷം പുരുഷ സുഹൃത്തുമായി കഴിഞ്ഞ ദിവസം റോഡിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വഴക്കുണ്ടായതായി പറയുന്നു. തുടർന്നാണ് നാലാം നിലയിൽനിന്ന് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവതി ഇപ്പോൾ ചികിത്സയിലാണ്. 

English Summary: The young woman was drunk on the road at night; Jumped from the building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com