തിരുവനന്തപുരം∙ സർക്കാർ അനുമതി കൂടാതെ സാങ്കേതിക സർവകലാശാലാ (കെടിയു) വൈസ് ചാൻസലറുടെ (വിസി) ചുമതല ഏറ്റെടുത്തതിന് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസിന് ഡോ. സിസ തോമസ് മറുപടി നൽകി. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും കെടിയു താൽകാലിക വിസി സ്ഥാനം ഏറ്റെടുത്തത് ഗവർണറുടെ നിർദേശപ്രകാരമാണെന്നും മറുപടിയിൽ പറയുന്നു. അധിക ചുമതലയാണ് വഹിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. വ്യാഴാഴ്ചയ്ക്കു മുന്‍പ് മറുപടി നൽകണമെന്നായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്.
സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ വിസി സ്ഥാനം ഏറ്റെടുത്തതിനായിരുന്നു നോട്ടിസ് നൽകിയത്. നടപടി കേരള സർവീസ് ചട്ടത്തിന്റെ ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്നും അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കുന്നതിനു കാരണം ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടിസ് നൽകിയത്. 15 ദിവസത്തിനകം സർക്കാരിന് രേഖാമൂലം മറുപടി ബോധിപ്പിച്ചില്ലെങ്കിൽ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കിയിരുന്നു. ഈ മാസം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയതും സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്നു സർക്കാർ മാറ്റുകയും ചെയ്തത്.
English Summary: Ciza Thomas's reply to Government's show-cause notice