തൃശൂർ∙ വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടേണ്ടതായിരുന്നുവെന്ന് പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി. വിഴിഞ്ഞം പദ്ധതി എന്നും വിവാദമാണ്. പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല. ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ആരാണു നിക്ഷേപവുമായി എത്തുക, ഗൾഫാർ മുഹമ്മദലി പറഞ്ഞു. മനോരമ ഓണ്‍ലൈനിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗള്‍ഫാര്‍ മുഹമ്മദലി വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം തന്റെ വാക്കുകൾ രാഷ്ട്രീയമായി കാണരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘‘ഞാനീ പറയുന്നതു രാഷ്ട്രീയമായി കാണരുത്. എന്റെ രാഷ്ട്രീയം നാടിന്റെ നന്മയുടെ രാഷ്ട്രീയം മാത്രമാണ്’’– മുഹമ്മദലി പറഞ്ഞു. ഇതാദ്യമായാണ് ഗൾഫാർ മുഹമ്മദലി വിഴിഞ്ഞം സംബന്ധിച്ച തന്റെ നിലപാട് തുറന്നു പറയുന്നത്.
‘‘സമരത്തിന് എതിരല്ല. കുടിയിറക്കപ്പെട്ടവരെ ഗോഡൗണില്‍ കൊണ്ടുപോയി താമസിപ്പിച്ചാല്‍ ആരാണു സഹിക്കുക. ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് അതിലും മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കിയ ശേഷമായിരുന്നു മുന്നോട്ടു പോകേണ്ടിയിരുന്നത്. വിഴിഞ്ഞത്തുനിന്നു കുടിയിറക്കപ്പെട്ടവര്‍ക്കു വിശ്വാസം നഷ്ടമായി. അവര്‍ക്കു നല്‍കാമെന്നു പറഞ്ഞ പ്രാഥമിക കാര്യങ്ങ ള്‍പോലും നല്‍കിയില്ല. ആര്‍ക്കാണു സ്വന്തം വീടു വിട്ടു വര്‍ഷങ്ങളോളം ഗോഡൗണില്‍ താമസിക്കാനാകുക?. അവര്‍ കിടപ്പാടം വിട്ടുകൊടുത്തത് ഈ നാടിന്റെ വികസനത്തിനു വേണ്ടിയാണ്. എന്തു വില കൊടുത്തും അവരെ സൗകര്യപ്രദമായ സ്ഥലത്തു താമസിപ്പിച്ചു ജീവിത മാര്‍ഗം ഉറപ്പാക്കേണ്ടതു നമ്മുടെ നാടിന്റെ കടമയാണ്. അതു ചെയ്യാതെ വികസന പ്രവര്‍ത്തനം മാത്രം ചെയ്യുന്നതില്‍ കാര്യമില്ല’’– മുഹമ്മദലി പറഞ്ഞു.
മികച്ച പ്രതിഫലം ലഭിച്ചാൽ വികസന പദ്ധതികൾക്ക് സ്ഥലം വിട്ടു നൽകാൻ ആരും മടിക്കില്ലെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. ‘‘ദേശീയപാത വികസനത്തിനു തങ്ങളുടെ ഭൂമി എടുക്കണേ എന്നാണ് ഓരോരുത്തര്‍ക്കും പറയാനുള്ളത്. കാരണം, അത്രയും ഉയർന്നതാണ് അവർക്ക് ലഭിക്കുന്ന പ്രതിഫലം. ഭൂമി നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാര തുക കൊണ്ട് പുതിയ ജീവിതം കണ്ടെത്താനാകുന്നു. ആ പ്രതിഫലം നല്‍കുന്നതുകൊണ്ടു സര്‍ക്കാരിനും നഷ്ടമില്ല. ടോളിലൂടെ അതു തിരിച്ചുകിട്ടും. അടിസ്ഥാന സൗകര്യം ലോക നിലവാരത്തിലാകാതെ നമുക്കു ലോക നിലവാരത്തില്‍ വളരാനാകില്ല’’– അദ്ദേഹം പറഞ്ഞു.
അതേസമയം വിഴിഞ്ഞം പദ്ധതിയുടെ സാധ്യതകൾ നാം മനസിലാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്തു വരാന്‍ പോകുന്ന തുറമുഖത്തിന്റെ സാധ്യതകള്‍ വലുതാണ്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപം പല വഴിക്കും ആ നാട്ടിലെത്തും. ലോകത്തിലെ ഏറ്റവും സുപ്രധാന കപ്പല്‍ പാതയുമായി വിഴിഞ്ഞത്തിനും കേരളത്തിനും അടുപ്പമുണ്ട്. അതു ഭൂമിശാസ്ത്രപരമായ അനുഗ്രഹമാണ്. വിഴിഞ്ഞം പൂര്‍ണതോതില്‍ വികസിച്ചാല്‍ അതു കേരളത്തിന്റെ വരുമാനത്തില്‍ വലിയ മാറ്റമുണ്ടാക്കും. രാജ്യാന്തര കപ്പല്‍ പാതയുടെ നിര്‍ണായക ഭാഗവുമായി അതിനു ബന്ധപ്പെടാനാകുമെന്നും മുഹമ്മദാലി പറഞ്ഞു.
‘‘വിഴഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി മെച്ചപ്പെടുത്താന്‍ വിഴിഞ്ഞം പോര്‍ട്ടിനോടു ചേര്‍ന്നു മത്സ്യ വ്യവസായത്തിനായി ഹാര്‍ബര്‍ ഉണ്ടാക്കണം. മത്സ്യത്തൊഴിലാളികള്‍ എന്നും ഈ മര വള്ളത്തില്‍ കടലില്‍പോയി കഷ്ടപ്പെടണം എന്നു പറയാനാകുമോ. മരപ്പണി ചെയ്യുന്ന ആളുടെ മകന്‍ എന്നും ആ ജോലി ചെയ്യണമെന്നു പറയാനാകുമോ?. പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ പലരും പല മേഖലകളിലും വിദഗ്ധരായി മാറിയില്ലേ. ഇതു മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലും നടക്കണം. ഹാര്‍ബര്‍ വരുന്നതോടെ അവര്‍ക്കു വലിയ ആധുനിക ബോട്ടുകള്‍ നല്‍കണം. ഉള്‍ക്കടലില്‍ പോകാനുള്ള സംവിധാനം വേണം. ലോകത്ത് എല്ലായിടത്തും പരമ്പരാഗത മത്സ്യബന്ധന രീതി മാറുകയാണ്. ഇറ്റലിയിലും മറ്റും പരമ്പരാഗത രീതിയില്‍നിന്നു മാറിയ തൊഴിലാളികള്‍ ലക്ഷാധിപതികളായി മത്സ്യവ്യവസായം നടത്തുന്നു. ചെറിയ വള്ളത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. തൊഴിലാളികള്‍ക്കു വലിയ ബോട്ടുവാങ്ങാനുള്ള സൗകര്യം ഉണ്ടാക്കണം. തൊഴിലാളി എന്നും തൊഴിലാളിയായി നിലനില്‍ക്കണം എന്നു വാശി പിടിക്കരുത്’’– അദ്ദേഹം പറഞ്ഞു.
ഗള്‍ഫാര്‍ മുഹമ്മദാലിയുമായി ഉണ്ണി കെ. വാരിയര്‍ നടത്തിയ ദീര്‍ഘ സംഭാഷണം മനോരമ ഓണ്‍ലൈന്‍ പ്രീമിയത്തില്‍ വായിക്കാം.
ഗൾഫാർ മുഹമ്മദാലി പറയുന്നു: പൊരിവെയിലിൽ മരുഭൂമിയിൽ മരിക്കുമെന്ന് ഉറപ്പിച്ച നാളുകളുണ്ട്; ആ ജീവിതകഥ...
Content Highlight: Galfar Mohamed Ali on Vizhinjam Sea Port