ADVERTISEMENT

ആലപ്പുഴ∙ റബറിന് 300 രൂപ നൽകിയാൽ പകരം ബിജെപിക്ക് എംപിയെ നൽകാമെന്നു പറ‍ഞ്ഞ ബിഷപ്പിനെ തള്ളിപ്പറയാൻ ഇടതു, വലതു പാർട്ടികൾക്കു ശക്തിയില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിഷപ്പിനും അദ്ദേഹത്തിന്റെ സമുദായത്തിനും സംഘടനാ ശക്തിയുണ്ട്. അതുകൊണ്ടാണ് ബിജെപിക്ക് എംപി ഉണ്ടാകുമെന്നു പറഞ്ഞത്. ബിഷപ്പിനെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് ഇടതു പാർട്ടികൾ ഉൾപ്പെടെയുള്ളവർ. ശബരിമലയിൽ ഈഴവ ശാന്തിയെ നിയമിക്കുന്ന കാര്യത്തിൽ സർക്കാർ സവർണർക്കൊപ്പമാണെന്നും വെള്ളാപ്പള്ളി പറ‍ഞ്ഞു.

‘‘വൈക്കം സത്യഗ്രഹത്തിൽ വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങൾക്കു സ്മാരകം പണിയുന്നതിനു പകരം അവരെ ദിവാൻ കൊന്നു കുഴിച്ചുമൂടിയ ദളവാക്കുളത്തെ പ്രശസ്തമാക്കുകയാണ്. ദളവയുടെ പേരിലുള്ള കുളത്തിനു സ്മാരകമുണ്ടാക്കുമ്പോൾ ദളവയ്ക്കാണ് പ്രാധാന്യം കിട്ടുന്നത്. സത്യഗ്രഹത്തിൽ സംഘടനാ സെക്രട്ടറിയായി പ്രവർത്തിച്ച ടി.കെ.മാധവനെ പോലും വിസ്മരിച്ചു. അവിടെ മറ്റു പലരുടെയും പ്രതിമകൾക്കു മുൻപേ ടി.കെ.മാധവന്റെ പ്രതിമയാണ് സ്ഥാപിച്ചത്. എന്നിട്ടും അദ്ദേഹത്തിനു പ്രസക്തിയില്ലാതാക്കി’’ –വെള്ളാപ്പള്ളി പറഞ്ഞു.

‘‘വിമോചന സമരം വിലപേശലായിരുന്നു. അതിനുള്ള ശക്തി മത, സവർണ കൂട്ടുകെട്ടിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവർ വിമോചന സമരത്തിലൂടെ ജനാധിപത്യ ഭരണത്തെ തകർത്തത്. ആ ശക്തികൾക്കെതിരെ ഇന്നും സംസാരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും തന്റേടമില്ല’’– അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പലപ്പുഴ യൂണിയന്റെ എൻ.കെ.നാരായണൻ സ്മാരക ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

English Summary: Vellapally Natesan on Bishop Mar Joseph Pamplany's Controversial Statement

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com