ADVERTISEMENT

ന്യൂഡല്‍ഹി∙ ‘‘എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാര്‍ക്കെല്ലാം മോദി എന്നു പേരു വരുന്നത്?’’ - 2019 ഏപ്രില്‍ 13ന് കർണാടകയിലെ കോലാറിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ച് നടത്തിയ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വിനയായിരിക്കുന്നത്. മൂന്നു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചതോടെ, രാഹുലിന്റെ ലോക്സഭാ അംഗത്വം തുലാസിലായി.

കോടതി രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചതിനാൽ രാഹുൽ ഗാന്ധി പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിധിക്കെതിരെ അപ്പീൽ നൽകാൻ കോടതി 30 ദിവസത്തെ സാവകാശം നൽകുകയും ജാമ്യം ലഭിക്കുകയും ചെയ്തുവെങ്കിലും, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാർലമെന്റ് അംഗമെന്ന നിലയിൽ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹം അയോഗ്യനാക്കപ്പെടാനുള്ള സാധ്യതയുണ്ട്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷൻ 8(3) പ്രകാരം, ഒരു പാർലമെന്റ് അംഗം ഏതെങ്കിലും കുറ്റത്തിന് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ശിക്ഷിക്കപ്പെട്ടാൽ, അയാൾ അയോഗ്യരാക്കപ്പെടുമെന്ന് പറയുന്നു.

സൂറത്ത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയാൽ വയനാട് ലോക്സഭാ സീറ്റിൽ നിന്നുള്ള എംപി സ്ഥാനം അദ്ദേഹത്തിന് നഷ്ടപ്പെടും. തുടർന്ന് വയനാട് ലോക്സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. സൂറത്ത് കോടതിയുടെ വിധി ഏതെങ്കിലും മേൽക്കോടതി റദ്ദാക്കിയാൽ ഈ സാഹചര്യം ഉണ്ടാകില്ല. റദ്ദാക്കിയില്ലെങ്കിൽ അടുത്ത എട്ട് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും രാഹുൽ ഗാന്ധിക്ക് കഴിയില്ല. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോൽക്കോടതിയുടെ തീരുമാനം നിർണായകമാണ്. സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് കോൺഗ്രസ് വ‍ൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ശിക്ഷ റദ്ദാക്കാനും ഉത്തരവ് മരവിപ്പിക്കുന്നതിനുമുള്ള അപ്പീൽ അംഗീകരിച്ചില്ലെങ്കിൽ, സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

∙ ‘വാ’വിട്ട പ്രചാരണം

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കി അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നടത്തിയ രാജ്യവ്യാപക പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശമുണ്ടായത്. 2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ പ്രസംഗിച്ചു. സാമ്പത്തിക തട്ടിപ്പുകേസിൽ രാജ്യം വിട്ട നീരവ് മോദി, നികുതി വെട്ടിപ്പ് കേസിൽ പ്രതിയായ ലളിത് മോദി എന്നിവർക്കൊപ്പം നരേന്ദ്ര മോദിയുടെ പേരും പരാമർശിച്ചു. ‘മോദി’ എന്നു പേരിനൊപ്പമുള്ളവരെല്ലാം കള്ളൻമാരാണെന്ന് രാഹുൽ പരിഹസിച്ചു.

പിന്നാലെ, രാഹുലിന്റെ പരാമർശം മോദി സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതാണെന്നു കാണിച്ചു സൂറത്ത് വെസ്റ്റിൽ നിന്നുള്ള ബിജെപി എംഎൽഎ പൂർണേഷ് മോദി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് പ്രസ്താവനയെന്നും പൂർണേഷ് മോദി അവകാശപ്പെട്ടു. രാഹുലിനെ ഉൾപ്പെടെ വിളിച്ചുവരുത്തിയാണ് കോടതി കേസിൽ‍ വാദം കേട്ടത്. രാഹുൽ മൂന്നു തവണ കോടതിയിൽ നേരിട്ട് ഹാജരായി. തന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ് പ്രസംഗത്തെ ന്യായീകരിച്ച രാഹുല്‍, സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പൂര്‍ണേഷ് മോദിയെ ലക്ഷ്യവച്ചല്ല പ്രസംഗിച്ചതെന്നും പ്രധാനമന്ത്രിയെ ഉദ്ദേശിച്ചായിരുന്നു പരാമര്‍ശമെന്നും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേസിന്റെ വിചാരണ നടപടികൾ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്ന് 2023 ഫെബ്രുവരിയിലാണ് വിചാരണ പുനഃരാരംഭിച്ചത്. അന്തിമ വാദത്തിനു ശേഷം ഐപിസി സെക്‌ഷൻ 504 പ്രകാരം രാഹുൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് എച്ച്.എച്ച്.വർമ രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. രാഹുലിന്റെ സാന്നിധ്യത്തിലായിരുന്നു വിധി പ്രസ്താവിച്ചത്. 10,000 രൂപ കെട്ടിവച്ച് ഉടന്‍ തന്നെ രാഹുൽ ജാമ്യം നേടിയിരുന്നു.  കേസില്‍ കോടതി വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തില്‍ രാഹുലിനെ അനുകൂലിച്ച് സൂറത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ ‍പോസ്റ്ററുകള്‍ പതിച്ചിരുന്നു. ‘ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നമുക്ക് സൂറത്തിലേക്ക് പോകാം’ എന്നെഴുതിയ പോസ്റ്ററുകള്‍ രാഹുല്‍ കോടതിയിലെത്തുന്നതിന് തൊട്ടുമുൻപ് കോടതിക്ക് പുറത്തും പ്രത്യക്ഷപ്പെട്ടിരുന്നു.

∙ വിവാദത്തിനിടെ മറ്റൊരു വിവാദം

ലണ്ടൻ സന്ദർശനത്തിനിടെ ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്ന് പ്രസംഗിച്ചതിനെ ചൊല്ലിയുള്ള വിവാദം കത്തിനിൽക്കുന്നതിനിടെയാണ് സൂറത്ത് കോടതിയുടെ വിധി വരുന്നത്. ലണ്ടൻ പ്രസംഗത്തിൽ രാഹുൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി അദ്ദേഹത്തെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. വിഷയത്തിൽ ചട്ടം 357 പ്രകാരം വ്യക്തിഗത വിശദീകരണത്തിന് അവകാശമുണ്ടെന്ന് കാണിച്ച് രാഹുൽ ഗാന്ധി സ്പീക്കർക്ക് കത്തുനൽകിയിരുന്നു. ഇതിൽ സ്പീക്കർ തീരുമാനമെടുക്കാനിരിക്കെയാണ് സൂറത്ത് കോടതിയുടെ വിധി. 

English Summary: Can Rahul Gandhi lose his Lok Sabha membership after today's conviction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com