ADVERTISEMENT

തിരുവനന്തപുരം ∙ കൊല്ലത്തു സിപിഐ നേതാവിന്റെ റേഷൻ കട റെയ്ഡ് ചെയ്തു ക്രമക്കേട് കണ്ടെത്തിയ വനിതാ താലൂക്ക് സപ്ലൈ ഓഫിസറെ സ്ഥലംമാറ്റിയ സിവിൽ സപ്ലൈസ് വകുപ്പും ഭക്ഷ്യമന്ത്രിയും വിവാദക്കുരുക്കിൽ. കട സസ്പെൻഡ് ചെയ്ത അന്നു തന്നെ ഉദ്യോഗസ്ഥയോടു വിശദീകരണം ചോദിക്കാൻ മന്ത്രിയുടെ തിരുവനന്തപുരം ഓഫിസിലേക്കു വിളിച്ചുവരുത്തിയിരുന്നു. ഇതോടെയാണ് സ്ഥലംമാറ്റത്തിന്റെ പേരിൽ മന്ത്രിയും വകുപ്പും ‘പ്രതിക്കൂട്ടിൽ’ ആയത്. ‌

‌കൊല്ലത്തു സിപിഐ നേതാവിന്റെ റേഷൻ കട റെയ്ഡ് ചെയ്തപ്പോൾ സ്റ്റോക്കിൽ വൻ തിരിമറി കണ്ടെത്തിയെന്നാണു റിപ്പോർട്ട്. ഇതിനു നേതൃത്വം നൽകിയ കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫിസർ സുജ ടി.ഡാനിയേലിനെയാണ് വയനാട്ടിലെ ജില്ലാ ഉപഭോക്തൃ കമ്മിഷൻ അസി. സെക്രട്ടറിയായി സ്ഥലം മാറ്റി സിവിൽ സപ്ലൈസ് കമ്മിഷണർ ഡി.സജിത് ബാബു ഉത്തരവിറക്കിയത്. മാർച്ച് 22 എന്ന തീയതി രേഖപ്പെടുത്തിയ ഉത്തരവ് 23നാണ് പുറത്തിറങ്ങിയത്. ഒരാൾക്ക് എതിരെ ഉള്ള നടപടി അല്ലെന്നു വരുത്താൻ ഒരു കൂട്ടം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്ന ഉത്തരവിൽ സുജയുടെ പേരും ഉൾപ്പെടുത്തിയാണ് ഉത്തരവിറക്കിയത്. വി.ജെ.ശ്രീജിത്ത് ആണ് കുന്നത്തൂരിലെ പുതിയ താലൂക്ക് സപ്ലൈ ഓഫിസർ. സിവിൽ സപ്ലൈസ് കമ്മിഷണറുടെ ഓഫിസിൽ ജൂനിയർ സൂപ്രണ്ടായി ജോലി ചെയ്തു വന്ന ശ്രിജിത്തിനെ സ്ഥാനക്കയറ്റത്തോടെ താലൂക്ക് സപ്ലൈ ഓഫിസറായി കുന്നത്തൂരിൽ നിയമിച്ച് കമ്മിഷണർ തന്നെ ഉത്തരവിറക്കി.

‌മാർച്ച് 10ന് സംസ്ഥാന ഭക്ഷ്യ കമ്മിഷനു ലഭിച്ച പരാതിയോടെയാണ് കുന്നത്തൂർ താലൂക്കിലെ പോരുവഴിയിലെ എആർഡി 21 എന്ന നമ്പറുള്ള റേഷൻ കട വിവാദത്തിലാകുന്നത്. പരാതി ലഭിച്ചതോടെ താലൂക്ക് സപ്ലൈ ഓഫിസറോട് പരിശോധന നടത്താൻ കമ്മിഷൻ നിർദേശം നൽകി. കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം സംസ്ഥാന സർക്കാർ രൂപീകരിച്ച കമ്മിഷന് അർധ ജുഡീഷ്യൽ അധികാരങ്ങളാണ് ഉള്ളത്. തുടർന്ന് കമ്മിഷന്റെ റേഷനിങ് ഇൻസ്പെക്ടറും താലൂക്ക് സപ്ലൈ ഓഫിസിലെ റേഷനിങ് ഇൻസ്പെക്ടറും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ വെട്ടിപ്പ് കണ്ടെത്തിയത്.

ഉദ്യോഗസ്ഥർ എത്തുമ്പോൾ കട പ്രവർത്തിച്ചിരുന്നു. കടയിൽ മൂന്ന് ഇനങ്ങളിലായി 16.52 ക്വിന്റൽ (1652 കിലോഗ്രാം) അരി, 62 കിലോഗ്രാം ഗോതമ്പ്, 90 പാക്കറ്റ് ആട്ട എന്നിവ കുറവുള്ളതായി കണ്ടെത്തി. തുടർന്ന് താലൂക്ക് സപ്ലൈ ഓഫിസർ സുജ ടി.ഡാനിയേൽ ഈ മാസം 13ന് കട സസ്പെൻഡ് ചെയ്തു. ടി.വി.രാഘവൻപിള്ള (പ്രിയൻകുമാർ) ലൈസൻസിയായ കട വളരെ മോശമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും ഇതിനു പിന്നിൽ ശുചിമുറിയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ കട സംബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പിനു പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതിരുന്നതോടെയാണ് കമ്മിഷനു പരാതി ലഭിച്ചതെന്നും സൂചനയുണ്ട്. സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ കേസും റജിസ്റ്റർ ചെയ്തു.

transfer-order-2303
താലൂക്ക് സപ്ലൈ ഓഫിസറെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ്

കടയുടെ ലൈസൻസിയായ പി.ജി.രാഘവൻ പിള്ള (പ്രിയ‍ൻകുമാർ) കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. സംഘടനാ നേതാക്കൾ എഐടിയുസിയുടെയും സിപിഐയുടെയും നേതൃതാക്കളുമായും ബന്ധപ്പെട്ടു. മന്ത്രി ജി.ആർ.അനിലിനു മുന്നിലും പരാതി എത്തി. ഏറെക്കാലമായി എഐടിയുസി അനുകൂല റേഷൻ സംഘടനയുടെ അംഗങ്ങളുടെയോ നേതാക്കളുടെയോ കടകളിൽ പരിശോധന നടത്തുന്നതിന് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നതായി ഭക്ഷ്യപൊതുവിതരണ വകുപ്പിൽ തന്നെ പ്രചാരണമുണ്ട്. ഇങ്ങനെ പരിശോധനയ്ക്കു മുതിരുന്ന ഉദ്യോഗസ്ഥരെ ഉന്നതർ വിളിച്ചു സമ്മർദത്തിലാക്കുന്നതോടെ പലപ്പോഴും നടപടി പാതിവഴിയിൽ അവസാനിക്കുകയാണു പതിവ്.
ഇവിടെ നടപടിയെടുത്ത കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫിസർ (ടിഎസ്ഒ) സുജ ഡാനിയേലിനെ വകുപ്പ് മന്ത്രിയുടെ ഓഫിസിലേക്കു വിളിപ്പിക്കുകയായിരുന്നു. കൊല്ലം ജില്ലാ സപ്ലൈ ഓഫിസർ വഴിയാണ് മന്ത്രി ഓഫിസിലേക്കു ചെല്ലാൻ ടിഎസ്ഒയോടു നിർദേശിച്ചത്. ടിഎസ്ഒ തന്നെ വന്നു കണ്ട കാര്യവും വിവരങ്ങൾ സംസാരിച്ചതും മന്ത്രി ജി.ആർ.അനിൽ ‘മനോരമ’യോടു സ്ഥിരീകരിച്ചു.

ഇതിനിടെ, കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും ലൈസൻസിയായ പ്രിയൻകുമാറും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ മന്ത്രി മറ്റൊരു അന്വേഷണത്തിനും ഉത്തരവിട്ടു. ജില്ലാ സപ്ലൈ ഓഫിസറിനാണ് അന്വേഷണച്ചുമതല. നേരത്തേ, സ്റ്റോക്ക് ഉണ്ടായിരുന്ന 33 ചാക്ക് അരി വെള്ളം നനഞ്ഞു പൂപ്പൽ ബാധിച്ച് ഉപയോഗശൂന്യമായിരുന്നുവെന്നും ഇതു കടയിൽ നിന്നു നീക്കം ചെയ്തു വൃത്തിയക്കാൻ പൊതു വിതരണ വകുപ്പ് അധികൃതരോട് അനുവാദം വാങ്ങിയിരുന്നു എന്നുമാണ് സംഘടനയുടെ വാദം. റേഷൻ കട വൃത്തിയാക്കുന്നതിനിടയിലാണ് ഭക്ഷ്യ കമ്മിഷനിൽ നിന്നു റേഷനിങ് ഇൻസ്പെക്ടർമാർ പരിശോധനയ്ക്കു വന്നതെന്നും സംഘടന പറയുന്നു. ഇതിനു പിന്നാലെ 16ന് കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫിസ് പടിക്കൽ സംഘടന ധർണയും നടത്തി. തുടർന്ന് 10 ദിവസം പോലും തികയും മുൻപാണ് താലൂക്ക് സപ്ലൈ ഓഫിസറെ വയനാട് ജില്ലയിലെ അപ്രധാന തസ്തികയിലേക്ക് മാറ്റി സിവിൽ സപ്ലൈസ് കമ്മിഷണറുടെ ഉത്തരവ് ഇറങ്ങിയത്.

English Summary: Controversy Over Transfer for Taluk Supply Officer
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com