ADVERTISEMENT

കൊച്ചി∙ മൂന്നാർ ചിന്നക്കനാലിൽ അക്രമകാരിയായ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മാറ്റിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. അടുത്ത ബുധനാഴ്ച വരെ നടപടികൾ പാടില്ലെന്നാണ് ഉത്തരവ്. മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ നിർദ്ദേശം നൽകിയത്. വൈകിട്ട് പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. രാത്രി എട്ടു മുതൽ 9.20 വരെയാണ് ഇതിനായി ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ് ഉണ്ടായിരുന്നത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വിജു എബ്രഹാം എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കോട്ടയത്ത് വനം വകുപ്പിന്റെ ഉന്നതതല യോഗം ചേരുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഹൈക്കോടതി ഉത്തരവിൽ തുടർനടപടികൾ ആലോചിക്കുമെന്നും ചിന്നക്കനാലിലെ ജനങ്ങൾക്ക് ആശങ്കവേണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

നേരത്തെ കോവളത്ത് ഒരു നായയോട് ക്രൂരത കാട്ടിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. പിന്നീട് മൃഗങ്ങളോടുള്ള ക്രൂരത കൂടി ഈ വിഷയത്തിൽ ഉൾപ്പെട്ടു. നാട്ടാനകളോടുള്ള ക്രൂരത കൂടി ഈ കേസിൽ ഉൾപ്പെടുത്തുകയും ഇതിൽ അമിക്കസ് ക്യൂറിമാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇവരാണ് അരിക്കൊമ്പനുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു. ഈ മാസം 29ന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. അതുവരെ നടപടി പാടില്ലെന്നാണ് നിർദ്ദേശം.

ആനയെ പിടികൂടുക എന്നത് അവസാന മാർഗമാണ്. അതിനു മുൻപു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിരുന്നോ എന്ന് വനംവകുപ്പിനോട് ഹൈക്കോടതി ചോദിച്ചു. കോളർ ഘടിപ്പിച്ച് ആനയെ ട്രാക്ക് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടത്തിയോ എന്നും കോടതി ആരാഞ്ഞു. ഇത്തരം കാര്യങ്ങളേക്കാൾ, പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലാണ് അരിക്കൊമ്പന്റെ നീക്കമെന്നായിരുന്നു വനം വകുപ്പിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ആനയെ പിടികൂടാനുള്ള നടപടിയിലേക്കു കടന്നതെന്നും വനംവകുപ്പ് വിശദീകരിച്ചു.

അരിക്കൊമ്പനുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജി കൂടി ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്കു കൊണ്ടുപോകരുത് എന്നാണ് ഈ ഹർജിയിലെ ആവശ്യം. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ആനയെ ജനവാസമില്ലാത്ത വനമേഖലയിൽ തുറന്നുവിടണമെന്നും ഹർജിയിലുണ്ട്. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ ഹർജി പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എടുക്കുന്ന തീരുമാനവും അരിക്കൊമ്പന്റെ കാര്യത്തിൽ നിർണായകമാകും.

ഈ ഞായറാഴ്ചയാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ നിശ്ചയിച്ചിരുന്നത്. മയക്കുവെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള മോക് ഡ്രിൽ ശനിയാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്ന രണ്ടു കുങ്കിയാനകൾ ഉൾപ്പെടെ ചിന്നക്കനാലിൽ എത്തുകയും ചെയ്തു. രണ്ടു കുങ്കിയാനകൾ കൂടി വെള്ളിയാഴ്ച എത്താനിരിക്കെയാണ് ദൗത്യം നീട്ടിവയ്ക്കാനുള്ള ഉത്തരവ്.

നേരത്തെ, അരിക്കൊമ്പനെ പിടിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് എന്ന സംഘടനയുടെ എറണാകുളം ജില്ലാ സെക്രട്ടറി പി.കെ.സജീവ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും പരാതി നൽകിയിരുന്നു. വനത്തിനുള്ളിൽ ആഹാരവും മറ്റു സംരക്ഷണവും ഒരുക്കി കാട്ടാനകൾ നാട്ടിലിറങ്ങുന്നതു തടയാൻ വനം വകുപ്പ് പരാജയപ്പെട്ടെന്നും അരിക്കൊമ്പനെ പിടിക്കാനുള്ള നീക്കം തടയണമെന്നുമാണ് പരാതിയിലുള്ളത്.

English Summary: Kerala High Court Stays Mission Arikkomban Until Wednesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com