ADVERTISEMENT

ന്യൂഡൽഹി∙ അപകീര്‍ത്തിക്കേസിൽ രണ്ടു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ അയോഗ്യതാ ഭീഷണി നേരിടുന്ന രാഹുല്‍ ഗാന്ധിക്ക്, 10 വര്‍ഷം മുന്‍പുള്ള സ്വന്തം പ്രവൃത്തി വിനയാകാൻ സാധ്യത. രണ്ടു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് അപ്പീല്‍ നല്‍കി അയോഗ്യത ഒഴിവാക്കാന്‍ നേരത്തേ 3 മാസം സാവകാശം ലഭിച്ചിരുന്നു. 2013ല്‍ സുപ്രീം കോടതി ഇത് റദ്ദാക്കി. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ലില്ലി തോമസും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതിഅസാധുവാക്കിയത്. അതോടെ കോടതി ശിക്ഷ വിധിച്ചാല്‍ അയോഗ്യത വരുന്ന സാഹചര്യമുണ്ടായി.

ഇത് തടയാന്‍ അന്നത്തെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്ന് ഏതാനും ദിവസങ്ങള്‍ക്കുശേഷം ‍ഡല്‍ഹിയില്‍ നാടകീയമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ സ്വന്തം സര്‍ക്കാരിന്റെ ഓര്‍‍ഡിനന്‍സ് കീറിയെറിഞ്ഞു. തീർത്തും അസംബന്ധം എന്നാണ് രാഹുല്‍ ഓര്‍ഡിനന്‍സിനെ വിശേഷിപ്പിച്ചത്. സമ്മർദ്ദത്തിലായ സര്‍ക്കാര്‍ അതോടെ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു.

അന്നത്തെ ഓര്‍ഡിനന്‍സ് നിലനില്‍ക്കുകയോ ബിൽ അവതരിപ്പിച്ച് നിയമമാക്കി മാറ്റുകയോ ചെയ്തിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കേസിലെ വിധിയെ ഇത്രയും ആശങ്കയോടെ കാണേണ്ടി വരില്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓര്‍ഡിനന്‍സിനെതിരെ നിലപാടെടുത്ത രാഹുല്‍ ഗാന്ധിയുടെ ഉദ്ദേശ്യം നല്ലതായിരുന്നെങ്കിലും, അതിലുള്ള പ്രായോഗിക പ്രശ്നങ്ങളും ദുരുപയോഗസാധ്യതയും തിരിച്ചറിയാതെ പോയതാണ് പിന്നീട് വിനയായത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ കോടതി ശിക്ഷിച്ചപ്പോള്‍ അയോഗ്യത പ്രഖ്യാപിക്കാന്‍ ഭരണപക്ഷം കാട്ടിയ തിടുക്കം ഒരു സൂചനയായിരുന്നു. മേല്‍ക്കോടതി ശിക്ഷാവിധി സ്റ്റേ ചെയ്തിട്ടും ഫൈസലിന്റെ അയോഗ്യത നീക്കിയിട്ടില്ല എന്നതും ശ്രദ്ധേയം.

English Summary: Rahul Gandhi tore ordinance in 2013 for 3-month protection from disqualification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com