ADVERTISEMENT

ന്യൂഡൽഹി∙ ‘എല്ലാ കള്ളൻമാർക്കും മോദിയെന്ന പേര്’ എന്ന പരാമർശത്തിൽ, സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ, ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം. ‘‘എന്റെ ധർമം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം. അതിലേക്കുള്ള മാർഗമാണ് അഹിംസ’’ – എന്ന് രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.  

തന്റെ സഹോദരന് ഭയമില്ലെന്നും രാഹുലിന് കോടിക്കണക്കിന് ജനങ്ങളുടെ സ്നേഹവും പിന്തുണയുമുണ്ടെന്നും സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ‘‘അധികാരത്തിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് രാഹുലിന്റെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നു. എന്റെ സഹോദരന്‍ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. ഒരിക്കലും ഭയപ്പെടുകയുമില്ല. സത്യം പറഞ്ഞു ജീവിച്ചു, സത്യം പറഞ്ഞുകൊണ്ടേയിരിക്കും. രാജ്യത്തെ ജനങ്ങളുടെ ശബ്ദം ഉയർത്തുന്നത് തുടരും. സത്യത്തിന്റെ ശക്തിയും കോടിക്കണക്കിന് ജനങ്ങളുടെ സ്നേഹവും അവനൊപ്പമുണ്ട്’’– അവർ ട്വീറ്റ് ചെയ്തു. 

രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും രംഗത്തെത്തി. ബിജെപിക്കാരല്ലാത്ത നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ശ്രമമെന്ന് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. ‘‘ബിജെപിക്കാരല്ലാത്ത നേതാക്കൾക്കും പാർട്ടികൾക്കുമെതിരെ കേസുകൊടുത്ത് ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. കോൺഗ്രസുമായി ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ ഇത്തരത്തിൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ കുടുക്കുന്നത് ശരിയല്ല. ചോദ്യംചെയ്യുക എന്നത് പൊതുസമൂഹത്തിന്റെയും പ്രതിപക്ഷത്തിന്റെയും ജോലിയാണ്. ഞങ്ങൾ കോടതിയെ ബഹുമാനിക്കുന്നു, പക്ഷേ കോടതി വിധിയോട് വിയോജിക്കുന്നു’’– അദ്ദേഹം ട്വീറ്റ് ചെയ്തു.

അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും ആരെയും വേദിനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്ന് രാഹുൽ ഗാന്ധി കോടതിയിൽ വ്യക്തമാക്കിയിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ വച്ച് നടത്തിയ പരാമർശത്തിലാണ് രാഹുലിനെതിരെ കോടതിയുടെ നടപടി. ബിജെപി നേതാവ് പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. അപ്പീലിന് സാവകാശം നൽകി ഉത്തരവ് മരവിപ്പിച്ച കോടതി, രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.

English Summary: Rahul Gandhi's 1st Response To Conviction: Mahatma Gandhi's 'Truth' Quote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com