ADVERTISEMENT

ന്യൂഡൽഹി∙ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നോതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ. താൻ പാർലമെന്റിനും നിയമത്തിനും മീതെയാണെന്ന ചിന്തയാണ് രാഹുൽ ഗാന്ധിക്കെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ കുറ്റപ്പെടുത്തി. വിശേഷാധികാരമുള്ള വ്യക്തിയാണെന്നും ഗാന്ധി കുടുംബത്തിന് എന്തും ചെയ്യാമെന്നുമാണ് അദ്ദേഹത്തിന്റെ ഭാവമെന്നും ഠാക്കൂർ വിമർശിച്ചു.

ഒരു വ്യക്തിയേയോ സ്ഥാപനത്തെയോ വാക്കുകളിലൂടെ അപകീർത്തിപ്പെടുത്തുകയാണെങ്കിൽ, അവർക്ക് ഇന്ത്യയിലെ നിയമപ്രകാരം പരിഹാരം തേടാനുള്ള അവകാശമുണ്ട്. എന്നാൽ കോൺഗ്രസിന് ഇതിനോട് എതിർപ്പുള്ളതു പോലെയാണ് പെരുമാറുന്നത്. എന്തും പറയാൻ രാഹുലിന് പൂർണ സ്വാതന്ത്ര്യം വേണമെന്നാണ് അവരുടെ വാദമെന്ന് മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് പറഞ്ഞു. ഉപപ്രധാനമന്ത്രിയായിരിക്കെ എൽ.കെ.അഡ്വാനി നിരവധി തവണ കോടതി കയറിയിറങ്ങിയിട്ടുണ്ടെന്നും ബിജെപി നേതാക്കൾ നിരവധി കേസുകൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ ജനാധിപത്യ കേന്ദ്രങ്ങളെയും ധിക്കരിക്കുകയും അനാദരിക്കുകയും ചെയ്യുന്നത് രാഹുൽ ഒതു പതിവാക്കിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വിമർശിച്ചു. ഒരാളും രാജ്യത്തിനോ അവിടുത്തെ ജനങ്ങൾക്കോ മീതെയല്ലെന്ന് രാഹുൽ മനസ്സിലാക്കണമെന്നും ഗോയൽ പറഞ്ഞു.

കോടതി വിധിക്കെതിരെ തെരുവിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ് ജനാധിപത്യ സംവിധാനങ്ങളേയും ഇന്ത്യൻ ഭരണഘടനയേയും വെല്ലുവിളിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. രാഹുലിന് മാത്രമായി ഭരണഘടന ഒരു പരിരക്ഷയും നൽകുന്നില്ല. അയോഗ്യനാക്കുന്നത് ജനപ്രാതിനിധ്യ നിയമം അനുസരിച്ചുള്ള ഭരണഘടനാ നടപടി മാത്രമാണെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു.

അറുപത് വർഷം രാജ്യം ഭരിച്ച ഒരു ദേശീയ പാർട്ടിയുടെ സമ്മുന്നതനായ നേതാവിനു ചേർന്നതല്ല രാഹുൽ ഗാന്ധിയുടെ ഭാഗത്തു നിന്നുണ്ടായ വാക്കുകൾ. രാഹുലിന്‍റെ ധാർഷ്ട്യമാണ് രാജ്യം കാണുന്നത്. ഇന്ദിരാ ഗാന്ധി അധികാരം ഉപയോഗിച്ച് കോടതി വിധികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് രാജ്യം കണ്ടതാണ്. രാഹുൽ ഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ന് അവസരം ഉണ്ടെങ്കിൽ അതും ചെയ്തേനെ എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പിന്നാക്ക സമുദായത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. മുൻപും മാന്യതയില്ലാത്ത പ്രസ്താവനകൾ രാഹുലിൽനിന്ന് രാജ്യം കേട്ടതാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കാവൽക്കാരൻ കള്ളനെന്ന പരാമർശത്തിൽ നിന്ന് രാഹുൽ ഗാന്ധി പിന്നോട്ടുപോയത് കോടതി ഇടപെട്ടതുകൊണ്ടു മാത്രമാണ്. ഇനിയെങ്കിലും അവിവേകം നിറഞ്ഞ പ്രസ്താവനകൾ നടത്താതിരിക്കാൻ രാഹുൽ ജാഗ്രത കാണിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. മഹാത്മ ഗാന്ധിയാണ് മാതൃകയെന്ന് പറയുന്നവർ ഗാന്ധിജി ചെയ്തപോലെ ജാമ്യമെടുക്കാതെ നിയമനടപടികളെ നേരിടുമോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. ജനതയോട് മാപ്പു പറയാൻ രാഹുൽ ഗാന്ധി തയാറാകണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.

കോൺഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്∙ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമത്തിന്റെ മുന്നിൽ എല്ലാവരു തുല്യരാണ്. ഇതിന് മുമ്പും നിരവധി ജനപ്രതിനിധികൾ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ രാഹുൽഗാന്ധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കു മുകളിലാണെന്ന് കോൺഗ്രസ് പറയുന്നത് അപഹാസ്യമാണ്. 2013ലെ സുപ്രീംകോടതി വിധി എല്ലാവർക്കും ബാധകമാണെന്നിരിക്കെ രാഹുൽഗാന്ധിക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന് മനസിലാകുന്നില്ല. കോടതിവിധിയിൽ എതിർപ്പുണ്ടെങ്കിൽ മേൽക്കോടതികളെ സമീപിക്കുകയാണ് രാഹുൽഗാന്ധിയും കോൺഗ്രസും ചെയ്യേണ്ടത്. അല്ലാതെ കോടതിയെ അവഹേളിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

ഗാന്ധിയെ വധിച്ചത് ആർഎസ്എസ്സാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന് കോടതിയിൽ മാപ്പു പറഞ്ഞ വ്യക്തിയാണ് രാഹുൽ. വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിച്ചതിന് പാർലമെന്റിൽ ശക്തമായ പ്രതിഷേധമാണ് അദ്ദേഹം നേരിടുന്നത്. ഇന്ത്യയിൽ ഏകാധിപത്യ ഭരണമാണെന്നും വിദേശശക്തികൾ ഇടപെടണമെന്നും രാഹുൽ ആവശ്യപ്പെട്ടത് ദേശവിരുദ്ധമാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കുകപ്പെടുകയാണെന്ന് വിദേശത്ത് പോയി പ്രസംഗിച്ച രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പു പറയണം. മോദിയോടുള്ള വെറുപ്പ് രാജ്യത്തോട് തീർക്കുകയാണ് രാഹുലും അദ്ദേഹത്തിന്റെ പാർട്ടിയും ചെയ്യുന്നത്. 

ജോഡോ യാത്രയ്ക്കിടെ രാജ്യത്ത് നിരവധി സ്ത്രീകൾ അതിക്രമത്തിന് ഇരയാവുന്നുവെന്നും അവർ ഇത് തന്നോടു തുറന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. ഇത്തരം ഒരു സംഭവം അറിഞ്ഞാൽ പൊലീസിൽ അറിയിക്കേണ്ട ബാധ്യത ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കിലും അദ്ദേഹമത് ചെയ്തില്ല. അതിന്റെ പേരിൽ ഡൽഹി പൊലീസ് ചോദ്യം ചെയ്യാൻ വന്നപ്പോൾ ഇരവാദം ഉയർത്തുകയാണ് രാഹുൽ ചെയ്തത്. ജനപ്രതിനിധി എന്ന നിലയിലും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ കുറച്ചുകൂടി പക്വത രാഹുൽ ഗാന്ധി കാണിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

English Summary: BJP leaders criticizes Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com